തെരുവിൽ അരങ്ങേറുന്ന നാടകമാണ് തെരുവുനാടകം[1]. ജനബോധനം ലക്ഷ്യം വച്ചുള്ളവയായിരിക്കും മിക്കവാറും ഇത്തരം നാടകങ്ങൾ. സാധാരണ നാടകങ്ങളിൽ നിന്നും വ്യത്യസ്തമായി മുൻകൂട്ടി തീരുമാനിച്ചെത്താത്തവരായിരിക്കും ഇത്തരം നാടകത്തിന്റെ പ്രേഷകർ. നാടകം കാണാൻ തീരുമാനിച്ചെത്തിയവരല്ല തെരുവുനാടകത്തിന്റെ പ്രേക്ഷകർ. വഴിയാത്രക്കാരോ കച്ചവടക്കാരോ സാധനങ്ങൾ വാങ്ങുവാൻ വരുന്നവരോ വിവിധ കാര്യങ്ങൾക്കായി തെരുവിലൂടെ വന്നു പോകുന്നവരോ ഒക്കെയാണ് തെരുവുനാടകത്തിന്റെ കാണികൾ. ഇളകിമറിയുന്ന ജനക്കൂട്ടത്തെ തന്റെ ചലനക്രിയകൾകൊണ്ടും സ്തോഭപ്രദർശനം കൊണ്ടും ആകർഷിക്കാൻ നടനു കഴിയണം. അതിനു പാകത്തിലുള്ള സ്ക്രിപ്റ്റുണ്ടാക്കാൻ നാടകകാരനും അവരോടു സംവദിക്കാൻ പാകത്തിലുള്ള സംവിധാനം നിർവഹിക്കാൻ സംവിധായകനും കഴിയണം. ചുരുക്കത്തിൽ, ദൈർഘ്യം വളരെ കുറഞ്ഞതായിരിക്കണം തെരുവുനാടകം. തെരുവുനാടകത്തിൽ നടൻ പ്രേക്ഷകരുമായി ഇടപഴകുകയും പലപ്പോഴും രണ്ടു കൂട്ടരും തമ്മിലുള്ള അതിർവരമ്പുകൾ ഇല്ലാതാവുകയും വേണം. ഇക്കാര്യത്തിൽ അഭിനേതാക്കൾക്ക് കഠിനമായ പരിശ്രമം വേണ്ടിയിരിക്കുന്നു. വാചികം, ആംഗികം എന്നീ അഭിനയ രീതികൾക്കാണ് തെരുവുനാടകത്തിൽ പ്രാധാന്യം കൂടുതൽ. തെരുവുകളിൽ ചുറ്റും കൂടി നില്ക്കുന്ന ജനങ്ങൾക്ക് എളുപ്പം മനസ്സിലാകുന്ന തരത്തിലുള്ള രംഗഭാഷയാണ് തെരുവുനാടകക്കാർ ഇതിനായി രൂപപ്പെടുത്തുന്നത്. പ്രേക്ഷകർക്കിടയിൽനിന്ന് കയറിവരുന്ന അഭിനേതാക്കൾ തുടങ്ങിയവയൊക്കെ ഇതിന്റെ പ്രത്യേകതകളാണ്.

ചരിത്രം

തിരുത്തുക

പണ്ടുമുതൽ തന്നെ ഇത്തരം നാടക സമ്പ്രദായം നിലവിലുണ്ടായിരുന്നു. യൂറോപ്യൻ സ്ട്രീറ്റ് നാടകങ്ങളായ മിസ്റ്ററി നാടകങ്ങൾ, മിറക്കിൾ നാടകങ്ങൾ, കോമേഡിയാ ദല്ലാർട്ടോ എന്നിവ ഇതിനുദാഹരണങ്ങളാണ്. വിപ്ലവ ശേഷമുള്ള റഷ്യൻ നാടക പ്രവർത്തകരാണ് അത്തരം നാടകങ്ങളുടെ ആദ്യ വക്താക്കൾ. മിസ്റ്ററി ബൂഫെ, ദ് സ്റ്റോമിങ് ഓഫ് ദ് വിന്റർ പാലസ്, ദ് ഡോൺ മുതലായവ ഇത്തരം നാടകങ്ങളാണ്. സമകാലിക തെരുവുനാടകങ്ങൾ ഒട്ടുമിക്കതും ജനകീയ പ്രക്ഷോഭങ്ങളുമായി ബന്ധപ്പെട്ടവയാണ്. സമകാലികമായ തെരുവുനാടകത്തിനും ഭാരതത്തിലെ ദശരൂപകങ്ങളിലൊന്നായ 'വീഥി'ക്കും ബന്ധമുണ്ടെന്ന് ചില സംസ്കൃത പണ്ഡിതന്മാർ പറയാറുണ്ട്. ദശരൂപകത്തിൽ 'വീഥി'യെക്കുറിച്ച് ഒരു ശ്ളോകമുണ്ട്. അതിന്റെ അർഥം ഇതാണ്. ഒരങ്കം മാത്രമുള്ളതാണ് വീഥി. ഒരു കഥാപാത്രം മാത്രമായിട്ടും രണ്ടു കഥാപാത്രങ്ങളായും വീഥി അവതരിപ്പിക്കാം. അധമ പ്രകൃതി, മധ്യമ പ്രകൃതി, ഉത്തമ പ്രകൃതി ഇവ മൂന്നും അതിൽ ഉണ്ടാകണം. എല്ലാ രസങ്ങളും (മുപ്പത്താറു ലക്ഷണങ്ങൾ) വീഥിയിൽ വരാം. നിർദിഷ്ടമായ അംഗങ്ങളും അതിലുണ്ടായിരിക്കണം. വീഥി എന്ന വാക്കിന് വഴി, ചന്ത, തെരുവ്, മട്ടുപ്പാവ് എന്നെല്ലാം അർഥമുണ്ട്. എന്നാൽ ഈ സ്ഥലങ്ങളെ അവതരണകേന്ദ്രങ്ങളായി നാട്യശാസ്ത്രകാരൻ പ്രതിപാദിച്ചിട്ടില്ല. അംഗലക്ഷണങ്ങൾ പരിശോധിച്ചാലും 'വീഥി'യിൽ നിന്നാണ് തെരുവുനാടകമുണ്ടായതെന്ന നിഗമനത്തിലെത്താൻ യാതൊരു യുക്തിയും കാണുന്നില്ല. 'വീഥി'ക്ക് തെരുവ് എന്ന അർഥമുള്ളതാണ് തെറ്റായ ധാരണയ്ക്ക് നിമിത്തമായത്. 'ഇന്നു കാണുന്ന രീതിയിലുള്ള തെരുവുനാടകത്തിന്റെ പാരമ്പര്യം റഷ്യൻ സോഷ്യലിസ്റ്റുകളിൽ നിന്നാണ് ആരംഭിച്ചത്; അത് ഈ നൂറ്റാണ്ടിന്റെ സവിശേഷ സൃഷ്ടിയാകുന്നു' - ഇതാണ് ഇന്ത്യൻ തെരുവുനാടക പ്രസ്ഥാനത്തിലെ രക്തസാക്ഷിയായ സഫ്ദർ ഹശ്മിയുടെ വിലയിരുത്തൽ.

സംഘാടനം

തിരുത്തുക

ഏതെങ്കിലും സംഘത്തിന്റെയോ പ്രസ്ഥാനത്തിന്റെയോ ഭാഗമായിട്ടാണ് മിക്ക തെരുവുനാടകങ്ങളും അവതരിപ്പിക്കുന്നത്. അതിനാൽ അവയിലെ അഭിനേതാക്കൾ അതതിന്റെ പ്രവർത്തകർതന്നെ ആയിരിക്കും. നടീനടന്മാരുടെ ആത്മാർഥമായ സാമൂഹിക പ്രതിബദ്ധതയാണ് തെരുവുനാടകത്തെ ചൈതന്യവത്താക്കുന്നത്. തത്സന്ദർഭത്തിലെ നാടക പ്രമേയത്തിനാണ് പ്രാധാന്യം; നടീ നടന്മാർക്കല്ല. പ്രമേയപരമായ ആശയവിനിമയമാണ് തെരുവുനാടകം ലക്ഷ്യമാക്കുന്നത്.

പ്രമേയം

തിരുത്തുക

ജനകീയ പ്രസ്ഥാനങ്ങളെ പോഷിപ്പിക്കുന്നതാണ് പൊതുവേ തെരുവുനാടകങ്ങൾ. സമകാലിക പ്രശ്നങ്ങൾ ജനങ്ങൾക്കിടയിൽ അവതരിപ്പിച്ച് അവരെ ബോധവാന്മാരാക്കുക എന്ന ലക്ഷ്യമാണ് ഇത്തരംനാടകവേദികൾക്കുള്ളത് കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്റെ കൂട്ടായ്മയിൽ നിന്നും കേരളത്തിൽ നിരവധി തെരുവുനാടകങ്ങൾ അവതരിപ്പിക്കപ്പെട്ടിട്ടുണ്ട്. അധഃകൃത കോളനിയിലെ കുടിനീർപ്രശ്നം, അഭ്യസ്തവിദ്യർക്കിടയിലെ തൊഴിലില്ലായ്മ, തൊഴിൽ സമരത്തിന്റെ ന്യായവിചാരം, പെൺകുട്ടിയോടുള്ള സമൂഹത്തിന്റെ തെറ്റായ മനോഭാവം, കഠിനജോലികൾ ചെയ്യേണ്ടിവരുന്ന ബാലികാബാലന്മാരുടെ ദുരിതം, ആദിവാസികൾക്കുമേൽ പരിഷ്കൃത സമൂഹം നടത്തുന്ന കൈയേറ്റം, യാത്രാച്ചെലവിലും വിലയിലുമുണ്ടാകുന്ന വർധനവുകൾ ദൈനംദിന ജീവിതത്തിലുണ്ടാക്കുന്ന അസ്വാസ്ഥ്യങ്ങൾ, മദ്യപാനത്തിന്റെയോ മയക്കുമരുന്നിന്റെയോ വിപത്തുകൾ, മാധ്യമങ്ങൾ നടത്തുന്ന സംസ്കാരമലിനീകരണം, ചേരി നിർമാർജ്ജനവും പുനരധിവാസവും തുടങ്ങിയവയാണ് ഇവയിലെ പ്രമേയങ്ങളെന്ന് കേരളത്തിലെ ബോധന നാടകവേദിയെക്കുറിച്ച് ഗവേഷണ പ്രബന്ധം തയ്യാറാക്കിയ എൻ.ആർ. ഗ്രാമപ്രകാശ്[2] രേഖപ്പെടുത്തുന്നു.

രംഗസജ്ജീകരണം, വേഷം

തിരുത്തുക

രംഗസാമഗ്രികളോ വേഷഭൂഷാദികളോ അധികം ഉപയോഗിക്കുന്നില്ലെങ്കിലും, പ്രേക്ഷകർക്ക് അപരിചിതരായ കഥാപാത്രങ്ങളെയോ തിരിച്ചറിയാൻ പ്രയാസമുള്ള വസ്തുക്കളെയോ അവതരിപ്പിക്കുമ്പോൾ നിർദ്ദേശാത്മകവേഷങ്ങൾ ധരിക്കാറുണ്ട്. ശാസ്ത്രസാഹിത്യ പരിഷത്ത് അവതരിപ്പിച്ച നരകം എന്ന നാടകം അവതരിപ്പിക്കുന്നത് ബഫൂൺ എന്ന കഥാപാത്രമാണ്. സർക്കസ് കോമാളിയുടെ കൂർമ്പൻതൊപ്പിയാണ് ആ കഥാപാത്രം ധരിക്കുന്നത്. ബഹുരാഷ്ട്രക്കമ്പനികൾ ഔഷധ വിപണിയിൽ പുലർത്തുന്ന മേല്ക്കോയ്മ ഈ നാടകത്തിൽ അനുഭവപ്പെടും. ഈ രംഗത്ത് ഡോക്ടറെ നിയന്ത്രിക്കുന്ന ശക്തികൾ കടന്നു വരുന്നത് കാപ്സ്യൂൾ, ടോണിക്, സിറിഞ്ച് എന്നിവയുടെ കൂറ്റൻ 'മാസ്ക്കു'കൾ (mask) ധരിച്ചുകൊണ്ടാണ്. ഭോപ്പാൽ സംബന്ധിയായ തെരുവുനാടകത്തിൽ, കറുത്ത വേഷത്തിൽ പൂച്ചയുടെ മുഖാവരണമണിഞ്ഞ് പ്രത്യക്ഷപ്പെടുന്ന കഥപാത്രങ്ങളെ കാണാം. വിഷവാതകദുരന്തത്തിനു കാരണക്കാരായ യൂണിയൻ കാർബൈഡിനെ വ്യഞ്ജിപ്പിക്കുന്നുണ്ട് ഈ വേഷങ്ങൾ. യൂണിയൻ കാർബൈഡിന്റെ ഉത്പന്നമായ എവറെഡി ബാറ്ററിയിലെ ചിത്രമാണ് ഈ വേഷത്തിന് ആധാരം. പ്രതീകാത്മകമായ വേഷവിധാനമുണ്ടാകാമെന്നല്ലാതെ പ്രത്യേകമായ ചമയങ്ങൾ തെരുവുനാടകത്തിലുണ്ടാവില്ല. രംഗസാമഗ്രികൾ കുറയ്ക്കുക, ചെലവു കുറഞ്ഞ രീതികൾ സ്വീകരിക്കുക എന്നിവയാണ് തെരുവുനാടകക്കാരുടെ നയം. കേരളത്തിന്റെ പരമ്പരാഗത നാട്യസമ്പ്രദായങ്ങളിലെ ചില ഘടകങ്ങൾ അവർ സ്വീകരിക്കുന്നുണ്ട്. അതതു നടന്മാരുടെ സവിശേഷമായ പെരുമാറ്റങ്ങളിലൂടെയാണ് കഥാപശ്ചാത്തലം, സ്ഥലം, കാലം മുതലായവ നിവേശിപ്പിക്കുന്നത്. ചായക്കട (മാലിന്യം), ചന്ത (പരശുപുരം ചന്ത), യുദ്ധഭൂമി (അശോക ചക്രവർത്തി), സർക്കാർ സ്കൂൾ (തത്തമ്മേ പൂച്ച പൂച്ച), ധർമാശുപത്രി (നരകം), എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് (ബലിക്കളത്തിലേക്ക്) മുതലായ സ്ഥലങ്ങൾ നടന്മാരുടെ പെരുമാറ്റങ്ങളിലൂടെയാണ് കാണികൾ മനസ്സിലാക്കുന്നത്. തെരുവിൽ ചുറ്റും കൂടി നില്ക്കുന്ന ജനങ്ങൾക്ക് എളുപ്പം മനസ്സിലാകുന്ന വിധത്തിലുള്ള ഒരു രംഗഭാഷയാണ് തെരുവുനാടകക്കാർ രൂപപ്പെടുത്തുന്നത്.

തെരുവുനാടക മത്സരം

തിരുത്തുക

പ്രൊഫഷണൽ, അമച്വർ നാടകോത്സവങ്ങൾ നടത്തുന്നത് പോലെ, തെരുവ് നാടകോൽസവങ്ങളും നടക്കാറുണ്ട് [3]

പുറംകണ്ണികൾ

തിരുത്തുക
  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2017-04-29. Retrieved 2017-01-05.
  2. http://nrgtest1.blogspot.in/p/about.html
  3. http://digitalpaper.mathrubhumi.com/c/15917028[പ്രവർത്തിക്കാത്ത കണ്ണി] മാതൃഭൂമി ദിനപത്രം, 5 ജനുവരി 2017
"https://ml.wikipedia.org/w/index.php?title=തെരുവുനാടകം&oldid=3929194" എന്ന താളിൽനിന്ന് ശേഖരിച്ചത്