നാഗാലാൻറ് സ്വദേശിയായ, ബ്രിട്ടൻ കേന്ദ്രമായി പ്രവർത്തിക്കുന്ന കലാകാരനാണ് തെംസുയാംഗർ ലോംഗ്കുമാർ. [1]

ജീവിതരേഖ

തിരുത്തുക

നാഗാലാൻഡിലെ മോൺ ജില്ലയിലെ ലാപ എന്ന കുഗ്രാമത്തിലാണ് ലോംഗ്കുമാർ ജനിച്ചത്. 2001 ൽ റോയൽ ആർട്ട് കോളേജ് ഓഫ് ലണ്ടനിൽ പഠിക്കാനവസരം ലഭിച്ച് ഇംഗ്ലണ്ടിലേക്ക് പോയി. ബറോഡയിലെ എം.എസ്. സർവകലാശാലയിൽ നിന്നും ഗ്രാഫിക്സിൽ ബിരുദാനന്തര ബിരുദധാരിയാണ് ലോംഗ്കുമാർ.

കൊച്ചി-മുസിരിസ് ബിനാലെ 2018

തിരുത്തുക

കൊച്ചി-മുസിരിസ് ബിനാലെ നാലാം ലക്കത്തിൽ മൂന്ന് പ്രതിഷ്ഠാപനങ്ങൾ അവതരിപ്പിച്ചിരുന്നു.[2] ഗോഡ്സ് സമ്മിറ്റ്(ദൈവങ്ങളുടെ ഉച്ചകോടി) എന്ന സൃഷ്ടിയിൽ നൂറ്റാണ്ടുകളായി ചെയ്തു കൂട്ടിയ തെറ്റുകൾ പരിഹരിക്കുന്നതിനു വേണ്ടി ഈ ലോകത്തെ എല്ലാ ദൈവങ്ങളും ഒന്നിച്ച് ഉച്ചകോടി നടത്തിയാൽ എന്താകും അവസ്ഥ എന്ന് ചർച്ച ചെയ്യുന്നു. പ്രതിമാനിർമ്മിതിയിലധിഷ്ഠിതമായ മൾട്ടിമീഡിയ മാധ്യമത്തിലാണ് ഈ പ്രതിഷ്ഠാപനം. ഫോർട്ട്കൊച്ചിയിലെ ആസ്പിൻവാൾ ഹൗസിലാണ് ഈ സൃഷ്ടി ഒരുക്കിയിരിക്കുന്നത്. പല രൂപത്തിൽ പലഭാഷയിൽ ഈ രൂപങ്ങൾ പരസ്പരം നടത്തുന്ന സംഭാഷണങ്ങൾ ഇതിനെ വ്യത്യസ്തമാക്കുന്നു.

ആസ്പിൻവാൾ ഹൗസിൽ നിന്നും 300 മീറ്റർ അകലെയുള്ള പെപ്പർ ഹൗസിലാണ് അദ്ദേഹത്തിൻറെ രണ്ടാമത്തെ സൃഷ്ടി പ്രദർശിപ്പിച്ചിട്ടുള്ളത്. കേരളത്തിലെ പ്രളയം പശ്ചാത്തലമാക്കിയാണ് ഇതൊരുക്കിയിട്ടുള്ളത്. ക്യാച്ച് എ റെയിൻബോ 2 എന്നാണിതിൻറെ പേര്. രാവും പകലും ഒരു പോലെ തെളിഞ്ഞു നിൽക്കുന്ന മഴവില്ലിനെ പ്രതീക്ഷയുടെ പ്രതീകമായി അവതരിപ്പിച്ചിരിക്കുന്നു. സ്വവർഗ രതി കുറ്റകരമല്ലാതാക്കിയ സുപ്രീം കോടതി വിധിയും ഈ സൃഷ്ടി പ്രതിനിധാനം ചെയ്യുന്നു.

തൻറെ ഭൂതകാലത്തെ ഓർമ്മകളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് മാപ്സ് പ്രൊജക്ടിൽ ലോംഗ്കുമാർ തയ്യാറാക്കിയ ആയ്, ആയ് മൈ സൺടാൻഡ് ലല്ലബി. നാഗാലാൻറിലെ ആചാര രീതികളും രാഷ്ട്രീയവും ഈ സൃഷ്ടിയിലൂടെ സമന്വയിപ്പിക്കാൻ ലോംഗ്കുമാർ ശ്രമിച്ചിരിക്കുന്നു. ഗ്രാമത്തിലെ അവിവാഹിതനായ യുവാവിൻറെ മുറിയായ മോരുംഗ് പോലെയാണ് ഈ വീഡിയോ പ്രതിഷ്ഠാപനം ഒരുക്കിയിട്ടുള്ളത്. ആറേഴു വയസുമുതൽ ആൺകുട്ടികൾ ഇത്തരം മോരുംഗുകളിലാണ് ജീവിക്കുന്നത്. വിവാഹം കഴിക്കുന്നതോടെ അവർ പുതിയ വീടു വച്ച് താമസം മാറും. പ്രായോഗിക ബുദ്ധിയിൽ കൂടി സാംസ്കാരിക ശോഷണം സംഭവിക്കുന്നതാണ് അദ്ദേഹം അവതരിപ്പിക്കുന്നത്. ഇതിന് നാഗാലാൻറിലെ സൈനിക സാന്നിദ്ധ്യത്തിൻറെ ലാഞ്ഛനയും സമന്വയിപ്പിച്ചിരിക്കുന്നു.

  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2019-03-07. Retrieved 2018-12-19.
  2. https://malayalam.oneindia.com/news/ernakulam/gods-summit-in-kochi-muziris-binnale-215897.html
"https://ml.wikipedia.org/w/index.php?title=തെംസുയാംഗർ_ലോംഗ്കുമാർ&oldid=3787089" എന്ന താളിൽനിന്ന് ശേഖരിച്ചത്