തൈക്കാട്ടു നാരായണൻ മൂസ്സതു്

(തൃശ്ശൂർ തൈക്കാട്ടു നാരായണൻ മൂസ്സതു് എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

അഷ്ടവൈദ്യ കുടുംബങ്ങളിലൊന്നായ പഴനെല്ലിപ്പുറത്തുതൈക്കാടു് അംഗവും സാഹിത്യകാരനും ആയുർവേദ ചികിത്സകനുമായിരുന്നു തൈക്കാട്ടു നാരായണൻ മൂസ്സതു്.[1]

കുടുംബം

തിരുത്തുക

കേരളമെങ്ങും കേളികേട്ടിട്ടുള്ള അഷ്ടവൈദ്യകുടുംബങ്ങളിലൊന്നാണു് പഴനെല്ലിപ്പുറത്തുതൈക്കാടു്. ആ കുടുംബക്കാർ ആദ്യകാലത്തു താമസിച്ചിരുന്നതു ബ്രിട്ടീഷ് മലബാറിൽ എടക്കുളം തീവണ്ടിയാപ്പീസിനു സമീപമുള്ള പഴനെല്ലിപ്പുറം എന്ന സ്ഥലത്തായിരുന്നു 981-ാമാണ്ടു തീപ്പെട്ട കൊച്ചി ശക്തൻതമ്പുരാൻ അന്നത്തെ പഴനെല്ലിപ്പുറത്തു മൂസ്സതിനെ സ്വന്തം ആവശ്യങ്ങൾക്കായി തൃശ്ശൂരിൽ വരുത്തി താമസിപ്പിച്ചു. ആ വഴിക്കാണു് തൃശ്ശൂർ തൈക്കാട്ടു് എന്ന ഇല്ലപ്പേർ അവർക്കു സിദ്ധിച്ചതു്. ഇളയിടത്തു തൈക്കാടു് എന്നതു് മറ്റൊരു അഷ്ടവൈദ്യകുടുംബമാകുന്നു.

ചരിത്രം

തിരുത്തുക

നാരായണൻമൂസ്സതു തൃശ്ശൂർ തൈക്കാട്ടില്ലത്തിൽ 1046-ാമാണ്ടു കന്നിമാസത്തിൽ രോഹിണീനക്ഷത്രത്തിൽ ജനിച്ചു. അദ്ദേഹത്തിന്റെ പിതാവായ വാസുദേവൻമൂസ്സതു് അയൂർവ്വേദത്തിലെന്നപോലെ തർക്കശാസ്ത്രത്തിലും നിഷ്ണാതനായിരുന്നു. അദ്ദേഹത്തിന്റെ കനിഷ്ഠസഹോദരന്മാരായ കുഞ്ഞുണ്ണിമൂസ്സതിനും പരമേശ്വരൻമൂസ്സതിനുമുള്ള ചികിത്സാപാടവവും ഒട്ടും കുറവായിരുന്നില്ല. അവർമൂന്നുപേരും 1049-ാമാണ്ടു മേടമാസത്തിൽ മസൂരിദീനത്താൽ മരിച്ചുപോയതിനാൽ ശിശുവായ നാരായണൻമൂസ്സതു കേവലം അനാഥനായിത്തീർന്നു. താനും തന്റെ ഒന്നരവയസ്സുമാത്രം പ്രായമുള്ള കനിഷ്ഠസഹോദരിയും മാതാവും പിതാമഹിയുമല്ലാതെ ഇല്ലത്തു വേറെ ആരും ഉണ്ടായിരുന്നില്ല. കുടുംബമോ ഋണബാദ്ധ്യതയിൽപ്പെട്ടു നട്ടംതിരിയുകയുമായിരുന്നു. ആ അശരണാവസ്ഥയിൽനിന്നു അവരെയെല്ലാം രക്ഷിച്ചതു അവരുടെ ബന്ധുവായ അന്നത്തെ പിലാമന്തോൾ മൂസ്സതായിരുന്നു. ആ മൂസ്സതു് 1078-ലാണു് മരിച്ചതു്. അദ്ദേഹം അവരെ സ്വഗൃഹത്തിലേക്കു കൂട്ടിക്കൊണ്ടു പോയി നാരായണൻമൂസ്സതിന്റെ വിദ്യാഭ്യാസത്തിനുവേണ്ട ഏർപ്പാടു ചെയ്തു. ചേന്ത്രവാരിയർ എന്നൊരാളായിരുന്നു ബാലപാഠങ്ങൾ പഠിപ്പിച്ചതു്. പിന്നീടു് കുട്ടഞ്ചേരി അപ്ഫൻമൂസ്സതു ചില മഹാകാവ്യങ്ങളും ഉപനയനാന്തരം അഷ്ടാങ്ഗഹൃദയവും അഭ്യസിപ്പിച്ചു. 1056 മകരത്തിൽ മാതാവു മരിച്ചു. 1062-ാമാണ്ടു വയസ്കര ആര്യൻ നാരായണൻ മൂസ്സതിന്റെ പ്രഥമപുത്രിയെ പരിഗ്രഹിച്ചു തൈക്കാട്ടില്ലത്തു കൊണ്ടുപോയി കുടിവച്ചു. പിന്നീടു നാരായണൻമൂസ്സതു സ്വഗൃഹത്തിൽത്തന്നെ സ്ഥിരമായി താമസിച്ചു വൈദ്യവൃത്തിയിൽ ഏർപ്പെട്ടു. വളരെ വേഗത്തിൽ അദ്ദേഹത്തിനു കേരളത്തിലെ വിശിഷ്ടവൈദ്യന്മാരുടെ കൂട്ടത്തിൽ ഒരു സ്ഥാനം ലബ്ധമായി. അതോടുകൂടി ഒരു ശാസ്ത്രിയെ ഇല്ലത്തു താമസിപ്പിച്ചു് അലങ്കാരശാസ്ത്രഗ്രന്ഥങ്ങളും സിദ്ധാന്തകൗമുദിയും പഠിച്ചു. പലരേയും മൂസ്സതു വൈദ്യശാസ്ത്രം അഭ്യസിപ്പിച്ചിട്ടുണ്ടു്. നല്ല ഒരു വൈദ്യനും കവിയുമായിരുന്ന പി.കെ. നാരായനൻനമ്പീശനും കീരംകുളങ്ങര ചക്രപാണിവാരിയരും മറ്റും അദ്ദേഹത്തിന്റെ ശിഷ്യകോടിയിൽ ഉൾപ്പെടുന്നു. 1075-ാമാണ്ടു മകരത്തിൽ ആര്യൻ നാരായണൻമൂസ്സതിന്റെ ദ്വിതീയപുത്രിയേയും വിവാഹം ചെയ്തു. 1083-ാമാണ്ടു കന്നിമാസം 24-ആംനു ലൂതവിഷബാധ നിമിത്തം മരിച്ചു.

മൂസ്സതു സംസ്കൃതത്തിൽ (1) യാദവദാനവീയം കാവ്യവും, ഭാഷയിൽ (2) സിന്ദൂരമഞ്ജരി, (3) കപോതസന്ദേശം, (4) നളചരിതം എന്നീ കാവ്യങ്ങളും, (5) ശൃങ്ഗാരമണ്ഡനം ഭാണവും, (6) വിരാധവധം ആട്ടക്കഥയും രചിച്ചിട്ടുണ്ടു്. ഇവയിൽ ചിലതെല്ലാം അപൂർണ്ണങ്ങളാണു്. (7) കവിതാവലി, (8) അത്തച്ചമയം കുറത്തിപ്പാട്ടു്, (9) സംബന്ധവിലാസം തുള്ളൽ ഈ കൃതികൾ പ്രധാനങ്ങളല്ല. സിന്ദൂരമഞ്ജരി ഒരു വൈദ്യഗ്രന്ഥമാണു്. അതിൽ വെള്ളി, ചെമ്പു്, ഇരുമ്പു്, ഗന്ധകം, അഭ്രം, രസം മുതലായവ നീറ്റിയെടുത്തു ചൂർണ്ണമാക്കി ഉപയോഗിക്കുന്നതിനുള്ള വിധികൾ പ്രതിപാദിച്ചിരിക്കുന്നു. മൂസ്സതിന്റെ ഭാഷാകവിതയ്ക്കു പൊതുവേ നല്ല പ്രസാദവും ഒഴുക്കും, വേണ്ട ദിക്കിൽ ഗാംഭീര്യവുമുണ്ടു്. ഭാണത്തിൽനിന്നുമാത്രം രണ്ടു ശ്ലോകങ്ങൾ ഉദ്ധരിക്കാം എന്ന് ഉള്ളൂർ കേരള സാഹിത്യ ചരിത്രത്തിൽ രേഖപ്പെടുത്തിയിരിക്കുന്നു.

ഒരു കൊമ്പനാന:

ഒരു സുന്ദരി:

ഒരു സംസ്കൃതശ്ലോകം:

  1. ഉള്ളൂർ. "കേരളസാഹിത്യചരിത്രം". sayahna.org. Retrieved 14 November 2024.