തുർക്കിയുടെ ആദ്യത്തെ വനിതാപ്രധാനമന്ത്രിയാണ് താൻസു ചില്ലർ (ജനനം: 1944 ഒക്ടോബർ 23, ഇസ്താംബുൾ). ഒരു സാമ്പത്തികവിദഗ്ദ്ധ കൂടിയായിരുന്ന ഇവർ 1993-ൽ തുർക്കിയുടെ പ്രധാനമന്ത്രിസ്ഥാനത്തെത്തി. 1991 മുതൽ 1993-ൽ പ്രധാനമന്ത്രിയാകുന്നതുവരെ സുലെയ്മാൻ ദെമിറേലിന്റെ നേതൃത്വത്തിലുള്ള സർക്കാരിൽ ധനമന്ത്രിയായും പ്രവർത്തിച്ചിരുന്നു. ആദ്യത്തെ വനിതാപ്രധാനമന്ത്രി എന്നതിനു പുറമേ‌ രാഷ്ട്രീയപ്രവർത്തനമാരംഭിച്ച് മൂന്നുവർഷത്തിൽത്തന്നെ പ്രധാനമന്ത്രിസ്ഥാനത്തേക്കെത്തിയെന്നതും ശ്രദ്ധേയമാണ്.[1]

താൻസു ചില്ലർ
Tansu Çiller 2015 (Cropped).jpg
തുർക്കിയുടെ പ്രധാനമന്ത്രി
ഔദ്യോഗിക കാലം
1993 ജൂൺ 25 – 1996 മാർച്ച് 6
പ്രസിഡന്റ്സുലെയ്മാൻ ദെമിറേൽ
മുൻഗാമിസുലെയ്മാൻ ദെമിറേൽ
പിൻഗാമിമെസൂത് യിൽമാസ്
വ്യക്തിഗത വിവരണം
ജനനം (1944-10-23) ഒക്ടോബർ 23, 1944  (77 വയസ്സ്)
ഇസ്താംബുൾ
രാഷ്ട്രീയ പാർട്ടിട്രൂ പാത്ത് പാർട്ടി
പങ്കാളി(കൾ)ഓസർ ഉചുരൻ ചില്ലർ
Alma materറോബർട്ട് കോളേജ്
യൂനിവേഴ്സിറ്റി ഓഫ് ന്യൂ ഹാംഷൈർ
യൂനിവേഴ്സിറ്റി ഓഫ് കണക്റ്റിക്കട്ട്
യേൽ സർവ്വകലാശാല

ജീവിതരേഖതിരുത്തുക

ഇസ്താംബൂളിലെ ഒരു ധനികകുടൂംബത്തിൽ ജനിച്ച ചില്ലർ, സാമ്പത്തികശാസ്ത്രത്തിൽ ബിരുദം നേടുകയും അമേരിക്കയിൽ നിന്നും ഡോക്ടറേറ്റ് കരസ്ഥമാക്കുകയും ചെയ്തു. യേൽ സർവകലാശാലയിൽ പോസ്റ്റ്-ഡോക്ടറൽ പഠനത്തിനു ശേഷം, നാട്ടിൽ തിരിച്ചെത്തിയ അവർ ഒരു സർവകലാശാലയിൽ അദ്ധ്യാപികയായി. തികച്ചും പാശ്ചാത്യശൈലിയിൽ വസ്ത്രധാരണം നടത്തിയിരുന്ന അവർ 1990-ൽ, സുലെയ്മാൻ ദെമിറേൽ നേതൃത്വം നൽകിയ ട്രൂ പാത്ത് പാർട്ടിയിൽ ചേരുകയും തൊട്ടടുത്ത വർഷം തന്നെ പാർലമെന്റിലേക്ക് തിരഞ്ഞെടൂക്കപ്പെടുകയും ചെയ്തു. ഇതോടൊപ്പം ദെമിറേലിന്റെ നേതൃത്വത്തിൽ രൂപീകരിക്കപ്പെട്ട സർക്കാരിൽ ധനമന്ത്രിയായി.[1]

പ്രധാനമന്ത്രിസ്ഥാനത്ത്തിരുത്തുക

1993-ൽ ദെമിറേൽ പ്രസിഡണ്ടായി സ്ഥാനമേറ്റപ്പോൾ, ചില്ലർ, പ്രധാനമന്ത്രിയായും ട്രൂ പാത്ത് പാർട്ടിയുടെ നേതാവായും സ്ഥാനമേറ്റു. പ്രധാനമന്ത്രിയായിരുന്ന കാലത്ത്, പരസ്പരവിരുദ്ധമായ പ്രസ്താവനകൾ നടത്തി താൻസു ചില്ലർ കുപ്രസിദ്ധി നേടിയിരുന്നു. 1995 ഓഗസ്റ്റിൽ കുറേ ഭരണഘടനാവകുപ്പുകളിൽ ഭേദഗതി വരുത്തി, 1980-ൽ സൈന്യം കൊണ്ടുവന്ന ചില ഭരണഘടനാനിബന്ധനകൾ ലഘൂകരിക്കാനായി എന്നതാണ് താൻസു ചില്ലറിന്റെ ഏറ്റവും ശ്രദ്ധേയമായ നടപടി. ഈ ഭേദഗതികൾ മൂലം, ഉദ്യോഗസ്ഥ-തൊഴിലാളിസംഘടനകൾക്ക് രാഷ്ട്രീയകക്ഷികളുമായി ബന്ധം സ്ഥാപിക്കാനായി. ഇതിലൂടെ, അദ്ധ്യാപകർക്ക് രാഷ്ട്രീയപങ്കാളിത്തവും അനുവദിക്കപ്പെട്ടു. വോട്ടുചെയ്യാനുള്ള പ്രായം 21-ൽ നിന്നും 18 ആക്കുകയും പാർലമെന്റംഗങ്ങളുടെ എണ്ണം 550 ആക്കി വർദ്ധിപ്പിക്കുകയും ചെയ്തത് ഇക്കാലത്താണ്.

എന്നാൽ 1995 സെപ്റ്റംബറീൽ മൂന്നരലക്ഷം പൊതുമേഖലാജീവനക്കാർ, ശമ്പളവർദ്ധനവ് ആവശ്യപ്പെട്ട് സമരമാരംഭിച്ചു. ഇത് ചില്ലറുടെ കൂട്ടുകക്ഷിസർക്കാരിനെ ഉലച്ചു. ഇരുപതോളം പാർലമെന്റംഗങ്ങൾ ട്രൂ പാത്ത് പാർട്ടിയിൽ നിന്നുതന്നെ രാജിവച്ചു. ഇത് സർക്കാരിനെ ന്യൂനപക്ഷമാക്കി. തൊഴിലാളികളുടെ ആവശ്യങ്ങൾ അംഗീകരിച്ചതോടെ സമരം ഒക്ടോബർ അവസാനം അവസാനിച്ചെങ്കിലും പൊതുതിരഞ്ഞെടുപ്പ് നേരത്തേ‌നടത്താൻ നിർബന്ധിതമായി.[1]

മാറുന്ന സമവാക്യങ്ങൾതിരുത്തുക

1995-ലെ പൊതുതിരഞ്ഞെടുപ്പിൽ ചില്ലർ നയിച്ച ട്രൂ പാത്ത് കക്ഷിക്ക് 135 സീറ്റുകൾ മാത്രമേ ലഭിച്ചുള്ളൂ. 158 സീറ്റുകൾ നേടി, എർബകാന്റെ വെൽഫെയർ പാർട്ടി പാർലമെന്റിലെ ഏറ്റവും വലിയ കക്ഷികായി. എങ്കിലും 131 സീറ്റുകൾ ലഭിച്ച മെസൂത് യിൽമാസിന്റെ മദർലാൻഡ് കക്ഷി, ചില്ലറുമൊത്ത് കൂട്ടുചേർന്ന് സർക്കാരുണ്ടാക്കാൻ ശ്രമം നടത്തി. ബുലന്ത് എജവിത്തിന്റെ ഡെമോക്രാറ്റിക് ലെഫ്റ്റ് പാർട്ടി ഈ സഖ്യത്തെ പുറത്തുനിന്ന് പിന്തുണക്കുകയും ചെയ്തു.

മെസൂത് യിൽമാസിനു കീഴിൽ താൻസു ചില്ലർ, ഈ സർക്കാറിൽ ഉപപ്രധാനമന്ത്രിയായി. 80 അംഗങ്ങളുടെ അസാന്നിധ്യത്തിൽ 1996 മാർച്ച് 12-ന് നടന്ന വിശ്വാസവോട്ടിൽ ഈ സർക്കാർ ഭൂരിപക്ഷം തെളിയിച്ചെങ്കിലും, വിശ്വാസവോട്ടിനാവശ്യമായ കുറഞ്ഞ അംഗബലം ഇല്ലെന്ന കാരണത്താൽ മേയ് 14-ന് ഭരണഘടനാക്കോടതി വോട്ടെടുപ്പ് അസാധുവാക്കി.

ഇക്കാലത്ത് നെജ്മത്തിൻ എർബകാന്റെ വെൽഫെയർ പാർട്ടി, ചില്ലർക്കെതിരെ നിരന്തം അഴിമതിയാരോപണങ്ങൾ പാർലമെന്റിൽ ഉന്നയിച്ചുപോന്നു. ഇതിനെ തണുപ്പിക്കാനെന്നവണ്ണം, ട്രൂ പാത്ത് പാർട്ടിയുടെ മുൻനയങ്ങളിൽ നിന്നും വ്യതിചലിച്ച്, താൻസു ചില്ലർ, ഇസ്ലാമികവാദി വെൽഫെയർ പാർട്ടിയുമായി കൂട്ടുചേർന്നു. തിരഞ്ഞെടുപ്പുവേളയിൽ ഇസ്ലാമികവാദികളെ നിശിതമായി എതിർത്ത ചില്ലറുടെ മലക്കംമറിച്ചിലായിരുന്നു ഇത്. സർക്കാരിന്റെ കാലാവധിയിൽ ആദ്യത്തെ 2 വർഷം എർബകാനും തുടർന്നുള്ള രണ്ടുവർഷം ചില്ലറൂം പ്രധാനമന്ത്രിയാകാമെന്ന ധാരണയിൽ സർക്കാർ രൂപീകരിക്കുകയും ചെയ്തു. അങ്ങനെ 1996 ജൂൺ 28-ന് നെജ്മത്തിൻ എർബകാൻ പ്രധാനമന്ത്രിയായി സ്ഥാനമേറ്റു. തുർക്കിയിൽ ആദ്യമായി ഒരു ഇസ്ലാമികവാദി പ്രധാനമന്ത്രി അധികാരത്തിലെത്തുന്നതിനും ഇത് കാരണമായി.[1]

അവലംബംതിരുത്തുക

  1. 1.0 1.1 1.2 1.3 Dilip Hiro (2009). "Chapter 1 Turkey : From militant secularism to Grassroots of Isam". Inside Central Asia - A political history of Uzbekistan, Turkmenistan, Kazakhstan, Kyrgistan, Tajikistan, Turkey and Iran. New York: Overlook Duckworth. pp. 100, 102. ISBN 978-1-59020-221-0. Cite has empty unknown parameter: |coauthors= (help)
"https://ml.wikipedia.org/w/index.php?title=താൻസു_ചില്ലർ&oldid=3088866" എന്ന താളിൽനിന്ന് ശേഖരിച്ചത്