താറാവ് കൃഷി
മുട്ടയ്ക്കോ മാംസത്തിനോ രണ്ടിനുംകൂടിയോ താറാവുകളെ വളർത്തുകയും പരിപാലിക്കുകയും ചെയ്യുന്ന രീതിയാണ്. താറാവ് കൃഷി[1][2][3][4]
കോഴി വളർത്തൽ മേഖലയുമായി താരതമ്യം ചെയ്യുമ്പോൾ താറാവ് വളർത്തൽ അത്ര മാത്രം വ്യാപ്തിയും വികാസവും പ്രാപിച്ചിട്ടില്ല ഇതിനു കാരണം നാട്ടിൻ പുറങ്ങളിലെ തോടുകളും കുളങ്ങളും പോലുള്ള ജലാശയങ്ങളുടെ കുറവാണ്. വിദേശിയിനങ്ങളുടെ വരവ് മൂലം നാടൻ താറാവുകൾ കുറഞ്ഞു.
ജൈവ വളമെന്ന നിലയിൽ താറാവുകളുടെ കാഷ്ഠം നെൽകൃഷിയെ പരിപോഷിപ്പിക്കുന്നു. കൂടാതെ പാടങ്ങളിലെ കീട നിയന്ത്രണത്തിന് താറാവ് ഗണ്യമായ ഒരു പങ്കു വഹിക്കുന്നു. ഇതിനോടൊപ്പം തന്നെ മണ്ണിൻ്റെ വളക്കൂറ് വർധിപ്പിക്കുന്നതിനും താറാവ് കൃഷി സഹായകരമാണ്. താറാവ് കൃഷിയുടെ 70%വും മത്സ്യ സാന്നിധ്യമുള്ള നാട്ടിൻ പുറങ്ങളിലാണ്. നെൽകൃഷി, താറാവ് കൃഷി, മത്സ്യകൃഷി എന്നിവ പരസ്പരം ബന്ധപ്പെട്ടിരിക്കുന്നു.
ആലപ്പുഴ, കോട്ടയം, എറണാകുളം ജില്ലകളിലെ ഗ്രാമങ്ങളുടെ തീരപ്രദേശം ജലസ്രോതസുകളാൽ സമ്പന്നമാണ്. ഇവ താറാവ് വളർത്തലിന് പ്രയോജനപ്പെടുത്താനായി പ്രകൃതിയുടെ വരദാനമാണ്. മത്സ്യ സമ്പത്ത് കൊണ്ട് സമ്പുഷ്ടമായ കേരളത്തിലെ 580 കിലോ മീറ്റർ ദൈർഘ്യമുള്ള കടൽ-കായൽ തീരങ്ങൾ താറാവിൻ്റെ പഥ്യാഹാരത്തിൻ്റെ നിറസ്രോതസാണ്. എല്ലാ ദിവസവും സജീവമായ ഒരു മത്സ്യ വിപണിയും സംസ്ഥാനത്ത് നിലവിലുള്ളത് താറാവ് വളർത്തലിന് സഹായകരമാണ്. നിലവിൽ ലഭ്യമായ ജലസ്രോതസുകളെ മലിനമാക്കാതെ നിലനിർത്തി പരിരക്ഷിച്ച് അതിൽ താറാവ് കൃഷി നടത്താവുന്നതാണ്.
പാലക്കാട് ജില്ലയിൽ കൊയ്ത്ത് തുടങ്ങുന്നതോടെ താറാവ് കർഷകർ പാലക്കാട്ടെ പാടങ്ങളിൽ തമ്പടിക്കുന്നു. ഓഗസ്റ്റ് മുതൽ നവംബർ വരെ അനവധി നിരവധി താറാവിൻ കൂട്ടങ്ങളും അവിടെ കാണാം. നെൽ കൃഷിയിടങ്ങൾ താറാവ് വളർത്തലിനെ പരോക്ഷമായി സഹായിക്കുന്നുണ്ട് കാരണം കൊയ്ത്ത് കഴിഞ്ഞ പാടശേഖരങ്ങളിലെ തീറ്റ അവയുടെ ഭക്ഷ്യ ശേഖരമാണ്.
മനുഷ്യൻ്റെ ആരോഗ്യ സംരക്ഷണത്തിന് വിലപ്പെട്ട സംഭാവനകളാണ് താറാമുട്ടയും താറാവിറച്ചിയും നൽകുന്നത്. മാത്രമല്ല ഇവയുടെ ഔഷധ ഗുണം പണ്ട് മുതൽക്കെ കേൾവി കേട്ടതാണ്. അർശസ് രോഗികൾക്ക് താറാവിൻ്റെ മുട്ട ഉപയോഗിക്കുന്നതിലൂടെ രോഗ ശമനം ലഭിക്കുന്നു. മുട്ടയിലും ഇറച്ചിയിലും അടങ്ങിയിരിക്കുന്ന കൊഴുപ്പ് അമ്ലങ്ങൾ താരതമ്യേന അപൂരിതങ്ങളായതിനാൽ രക്തത്തിലെ കൊളസ്ട്രോൾ കുറക്കാനും ഇത് സഹായിക്കുന്നു.
കോഴി മുട്ടകളെക്കാൾ വലിപ്പം കൂടിയവയാണ് താറാവിൻ്റെ മുട്ടകൾ. കോഴി മുട്ടയുടെ തൂക്കത്തെക്കാൾ 10 മുതൽ 20 ഗ്രാം വരെ തൂക്കം ഈ മുട്ടകൾക്ക് ഉണ്ട്. 65 മുതൽ 75 ഗ്രാം വരെ തൂക്കം ഒരു താറാവിൻ്റെ മുട്ടയ്ക്ക് ഉണ്ട്. അൽപ്പം മങ്ങിയ നിറമാണ് താറാവിൻ്റെ മുട്ടകൾക്ക് എങ്കിലും വെള്ളക്കരുവും മഞ്ഞക്കരുവും ചേർന്ന് 70 ഗ്രാം ഭക്ഷ്യ വസ്തു കൂടിയാണ് ഒരു താറാവിൻ്റെ മുട്ട. വെള്ളക്കരു (ആൽബുമിൻ) 60 % മഞ്ഞക്കരു (കൊഴുപ്പ്) 30 % മുട്ടത്തോട് 10 % വരും. തോട് ഒഴിവാക്കിയാൽ 70 ഗ്രാം ഭാരം വരുന്ന ഒരു താറാവിൻ മുട്ടയിൽ 49.6 ഗ്രാം ജലമാണ്. അന്നജം ശരാശരി 1.0 ഗ്രാം, മാസ്യം 8.97 ഗ്രാം, കൊഴുപ്പ് 9. 63 ഗ്രാം ധാതുലവണം 0.8 ഗ്രാം എന്നിവ പ്രദാനം ചെയ്യുന്ന ഒരു താറാവിൻ മുട്ടയിൽ ഊർജത്തിൻ്റെ അളവ് 130 ഗ്രാം കലോറിയാണ്.
കോഴിയുടെ മുട്ടയിൽ വളരെ നേരിയ തോതിൽ സിങ്ക് കൂടുതൽ ഉള്ളത് ഒഴിച്ച് ബാക്കി ധാതു ലവണങ്ങളായ ഇരുമ്പ്, മഗ്നീഷ്യം, ഫോസ്ഫറസ്, പൊട്ടാസ്യം, സോഡിയം മുതലായവ താറാവിൻ്റെ മുട്ടയിൽ കൂടുതലാണ്. കൂടാതെ ജീവകം എയും താറാവിൻ മുട്ടയിൽ അടങ്ങിയിരിക്കുന്നു. ചുരുക്കത്തിൽ താറാവിൻ്റെ മുട്ടയിലാണ് പോഷക ഘടകങ്ങൾ കൂടുതലായി കണ്ടുവരുന്നത്.
കോഴിമുട്ടയെ അപേക്ഷിച്ച് താറാവിൻ്റെ മുട്ടത്തോടിന് നല്ല കട്ടിയുണ്ട്. (0.53 ഗ്രാം) അതിനാൽ തന്നെ മുട്ട ഉടയാതെ അനായാസേന കൈകാര്യം ചെയ്യുവാൻ സാധിക്കും. താറാവിൻ്റെ മുട്ടയുടെ കട്ടിയുള്ള പുറന്തോട് മൂലം അകത്തെ ജലാംശം നഷ്ടപ്പെടുന്നില്ല അതിനാൽ തന്നെ രണ്ടാഴ്ച വരെ താറാവിൻ്റെ മുട്ട കേട് കൂടാതെ സൂക്ഷിക്കാൻ കഴിയും. മുട്ടയുടെ വലിപ്പം, ഔഷധമേന്മ, പോഷക സമൃദ്ധം, സ്വർണ്ണ വർണമായ മഞ്ഞക്കരു, മുട്ടത്തോടിൻ്റെ കട്ടി തുടങ്ങിയവ താറാവിൻ്റെ മുട്ടയുടെ കച്ചവട സാധ്യത വർധിപ്പിക്കുന്നു.
കേരളത്തിലെ ജനങ്ങൾ പരമ്പരഗതമായി താറാവിറച്ചി ഇഷ്ടപ്പെടുന്നവരാണ്. താറാവ് റോസ്റ്റ്, താറാവ് സ്റ്റ്യൂ എന്നിവ ഇവയിൽ പ്രധാന വിഭവങ്ങളുമാണ്. കുട്ടനാടൻ താറാവ് കേരളത്തിൻ്റെ സ്വന്തമായ നാടൻ ബ്രീഡാണ്. താറാവിൻ്റെ തൂക്കത്തിൻ്റെ അടിസ്ഥാനത്തിൽ ഭക്ഷ്യ യോഗ്യമായ ഒരു കിലോ താറാവ് ഇറച്ചി 68 ശതമാനമാണ്. ഇതിൽ 48.5 % ജലം, 11.49 % കാൽസ്യം, 39.34 % കൊഴുപ്പ്, 0.68 % പൊട്ടാസ്യം എന്നിവ അടങ്ങിയിരിക്കുന്നു.
കോഴികളുമായി താരതമ്യം ചെയ്യുമ്പോൾ താറാവുകളിൽ നിന്ന് കൂടുതൽ മുട്ട ലഭിക്കും എന്നത് ഒരു പ്രധാനപ്പെട്ട കാര്യമാണ്. ലോകത്തിൽ വച്ച് ഏറ്റവും മുട്ട ഉത്പാദന ശേഷിയുള്ള താറാവിനമാണ് ക്യാപ്ബെൽ.
വെള്ള, കറുപ്പ്, കാക്കി എന്നി നിറങ്ങളിലായി ക്യാംപ്ബെലുകൾ മൂന്ന് ഇനമുണ്ട്. ഏകദേശം 50 മുതൽ 55 കിലോ ഗ്രാം വരെ തൂക്കം വരുന്ന ഒരു ക്യാപ്ബെൽ വർഷത്തിൽ 340 മുതൽ 350 വരെ മുട്ടകൾ തരുന്നു. ക്യാപ് ബെൽ പൂവൻ താറാവിന് രണ്ടര കിലോയും പിട താറാവിന് രണ്ടേ കാൽ കിലോയും തൂക്കം വരും. അഞ്ച് മാസം പ്രായം എത്തുമ്പോൾ തന്നെ ഇവ മുട്ടയിടാൻ തുടങ്ങും.
നല്ലയിനം മുട്ടക്കോഴികളിൽ നിന്ന് ഒരു വർഷം 260 വരെ മുട്ടകൾ കിട്ടുമ്പോൾ ക്യാപ്ബെൽ താറാവിൽ നിന്ന് പ്രതിവർഷം 350 മുട്ടകൾ വരെ ലഭിക്കുന്നു. അതിനാൽ തന്നെ മുട്ടയ്ക്ക് വേണ്ടി മൂന്ന് വർഷം വരെ ഇവയെ ലാഭകരമായി വളർത്താവുന്നതാണ്.
ദ്രുത ഗതിയിലുള്ള വളർച്ച, വലിപ്പമേറിയ മുട്ടകൾ എന്നിവ താറാവിൻ്റെ സവിശേഷതകളാണ്. താരതമ്യേന കോഴികളിലുണ്ടാവുന്ന രോഗങ്ങൾ താറാവിൽ കാണുന്നില്ല മാത്രമല്ല കോഴി വളർത്തലിലെ പോലെ വളരെ വിപുലമായ പാർപ്പിടം ഒന്നും തന്നെ താറാവിന് ആവശ്യമില്ല. രാത്രി കിടക്കുന്നതിന് ഒരു ചെറിയ ഷെഡ് മതിയാകും. താറാവുകൾ അതി രാവിലെ തന്നെ മുട്ടകൾ ഇടാൻ തുടങ്ങും. അതിനാൽ തന്നെ 98 % മുട്ടകളും രാവിലെ 8 മണിക്ക് മുൻപ് തന്നെ ശേഖരിക്കാവുന്നതാണ്.
വളർത്താൻ തുടങ്ങുമ്പോൾ തന്നെ താറാവുകൾ എളുപ്പത്തിൽ തന്നെ ഇണങ്ങുന്നവയാണ്. രാവിലെ കൂട് തുറന്ന് ഭക്ഷണം കൊടുത്ത് വിട്ടാൽ അടുത്തുള്ള ജലാശയത്തിലൊ കുളങ്ങളിലോ വെള്ളം കെട്ടി നിർത്തിയ ഇടങ്ങളിലോ പകൽ സമയം താറാവുകൾ ചെലവഴിക്കുന്നതാണ്. വൈകുന്നേരത്തോടെ വീണ്ടും ഷെഡിൽ കയറ്റിയാൽ മതിയാകും.
രാത്രി സമയത്ത് താറാവിന് കിടക്കാൻ വൃത്തിയുള്ള കൂട് തയ്യാറാക്കുമ്പോൾ തന്നെ തറ ഭാഗം സിമൻ്റ് തേച്ച് മിനുസപെടുത്തിയ ശേഷം തറയിൽ അറക്കപ്പൊടി, ഉമി എന്നിവ ഇട്ട് കൊടുക്കാവുന്നതാണ്. ഇവയുടെ സമ്പർക്കം മൂലം താറാവിൻ്റെ കാഷ്ഠവും മറ്റും വൃത്തിയാകാൻ വളരെ എളുപ്പമാണ്.[5][6][7][8]
അവലംബം
തിരുത്തുക- ↑ താറാവ്കൃഷി[പ്രവർത്തിക്കാത്ത കണ്ണി]
- ↑ താറാവ് കൃഷി ഇവർക്ക് പൈതൃകം
- ↑ മുങ്ങിയും പൊങ്ങിയും
- ↑ വീണ്ടും ഒരു താറാവ് കാലം[പ്രവർത്തിക്കാത്ത കണ്ണി]
- ↑ ചെലവിൽ കൂടുതൽ ലാഭം നൽകുന്ന താറാവ് കൃഷി[പ്രവർത്തിക്കാത്ത കണ്ണി]
- ↑ ചാരയും ചെമ്പല്ലിയും വിസ്മൃതിയിലേക്ക് കണ്ണീർകാഴ്ച
- ↑ സ്നോെവൈറ്റ് താറാവ് ഇനി ഓർമകളിൽ
- ↑ ഇറച്ചി താറാവ് ഫാമിൻ്റെ വിജയകഥ