മലബാറിലെ ബ്രിട്ടീഷ് ആധിപത്യത്തിന്റെ ആരംഭകാലത്ത് വടക്കേ മലബാറിലെ രാജാക്കന്മാരും, നാടുവാഴികളും സാധാരണജനങ്ങളും ബ്രിട്ടീഷ് അധികാരികൾക്ക് എഴുതിയ കത്തുകളുടേയും അവയ്ക്കുള്ള മറുപടികളുടേയും ഒരു ശേഖരമാണ് തലശ്ശേരി രേഖകൾ (Thalassery Manuscripts). മുഖ്യമായും 1796 മുതൽ 1800 വരെയുള്ള നാലുവർഷക്കാലത്തേതായ ഈ കത്തുകൾ ശേഖരിച്ചു പന്ത്രണ്ടു വാല്യങ്ങളായി കുത്തിക്കെട്ടി സൂക്ഷിച്ചത്, പത്തൊൻപതാം നൂറ്റാണ്ടിൽ കേരളത്തിൽ പ്രവർത്തിച്ച ജർമ്മൻ വേദപ്രചാരകൻ ഹെർമ്മൻ ഗുണ്ടർട്ടാണ്. തലശ്ശേരിയിൽ ഈസ്റ്റ് ഇന്ത്യാ കമ്പനി ആസ്ഥാനത്തു ലഭിച്ച കത്തുകൾ, ഉള്ളടക്കം ഒന്നോ രണ്ടോ വരിയിൽ രജിസ്റ്ററിൽ രേഖപ്പെടുത്തിയ ശേഷം നശിപ്പിക്കാൻ വച്ചിരുന്നതാകാമെന്നും അവ അധികാരികളിൽ നിന്നു കെഞ്ചി വാങ്ങി സംരക്ഷിക്കുകയാണ് ഗുണ്ടർട്ട് ചെയ്തതെന്നും കരുതപ്പെടുന്നു.[1]

കൈയ്യെഴുത്തിൽ, 4448 പുറങ്ങളിലായി 1684 കത്തുകളാണ് ഈ സഞ്ചയത്തിലുള്ളത്. ബ്രിട്ടീഷ് ആധിപത്യത്തിന്റെ തുടക്കത്തിൽ മലബാറിലെ രാഷ്ട്രീയത്തിൽ പ്രധാനപങ്കുവഹിച്ച കേരളവർമ്മ പഴശ്ശിരാജയുടെ ഇരുപത്തഞ്ചോളം കത്തുകളും ഇതിലുൾപ്പെടുന്നു. ശേഖരത്തിലെ നാലും പന്ത്രണ്ടും വാല്യങ്ങളിലായി 255 കത്തുകൾ പഴശ്ശിയുമായി ബന്ധപ്പെട്ടവയാണ്. മറ്റുവാല്യങ്ങളിലെ രേഖകളുടെ എണ്ണം 1429 ആണ്.

കണ്ടെത്തൽ

തിരുത്തുക

രണ്ടു ദശാബ്ദക്കാലത്തെ കേരളവാസത്തിനു ശേഷം 1859-ൽ ജർമ്മനിയിലെക്കു മടങ്ങിയ ഗുണ്ടർട്ട് ഈ രേഖകൾ കൂടെക്കൊണ്ടുപോയി. ജർമ്മനിയിൽ പൂർത്തീകരിച്ച ഗുണ്ടർട്ടിന്റെ പ്രസിദ്ധമായ മലയാളം ശബ്ദകോശത്തിന്റെ പ്രധാന അവലംബങ്ങളിൽ ഒന്നായി ഈ രേഖാസഞ്ചയം. തലശ്ശേരി രേഖകളിൽ നിന്നുള്ള അവലംബങ്ങൾ ഗുണ്ടർട്ടു നിഘണ്ടുവിൽ സൂചിതമാകുന്നത് TR എന്ന ചുരുക്കെഴുത്തിലാണ്. ഗുണ്ടർട്ടിന്റെ കാലശേഷം ജർമ്മനിയിൽ റ്റൂബിങ്ങൻ സർവ്വകലാശാലയിലെ പൗരസ്ത്യഗ്രന്ഥശേഖരത്തിൽ എത്തിച്ചേർന്ന ഈ രേഖകൾ ഒരു നൂറ്റാണ്ടോളം വിസ്മൃതിയിലായി. 1986-ൽ റ്റൂബിങ്ങൻ ഗ്രന്ഥശാലയിൽ ഡോക്ടർ സ്കറിയ സക്കറിയ കണ്ടെത്തിയ വിപുലമായ ഗുണ്ടർട്ട് രേഖാസഞ്ചയത്തിൽ തലശ്ശേരി രേഖകളും ഉൾപ്പെട്ടു.

ഉത്തമമലയാളഗദ്യം എന്നാണ് ഗുണ്ടർട്ട് ഈ രേഖകളിലെ ഭാഷയെ വിശേഷിപ്പിച്ചത്. പതിനെട്ടാം നൂറ്റാണ്ടിന്റെ അവസാനകാലത്ത് "ഔദ്യോഗികവ്യവഹാരത്തിന് എല്ലാ തലത്തിലും ഉപയോഗിച്ചിരുന്ന തെളിമയാർന്ന മലായളഗദ്യശൈലിയാണ്" ഇതിലുള്ളതെന്ന് സ്കറിയ സക്കറിയയും നിരീക്ഷിച്ചിട്ടുണ്ട്. തന്റെ കാര്യക്കാരനായിരുന്ന ശേഷം കൂറുമാറി ബ്രിട്ടീഷ് (ഈസ്റ്റ് ഇന്ത്യാക്കമ്പനി) പക്ഷത്തെത്തിയ പഴയവീട്ടിൽ ചന്തുവിനെക്കുറിച്ച് പഴശ്ശി, ബ്രിട്ടീഷ് അധികാരി ക്രിസ്റ്റഫർ പീലിക്ക് എഴുതുന്ന കത്തിലെ ഒരു ഭാഗം ഇങ്ങനെയാണ്:-

അതേസമയം, പഴശ്ശിയുടെ ആളുകളിൽ നിന്നുണ്ടായ ഉപദ്രവങ്ങളെപ്പറ്റി പരാതിപ്പെട്ടുകൊണ്ട് രണ്ടുതറ മുരിങ്ങേരി, മാമ്പയിൽ, കണയന്നൂർ, ചെമ്പിലോട്ട് ദേശങ്ങളിലെ കുടിയാന്മാരും മാപ്പിളമാരും നായന്മാരും തീയരും കൂടി എഴുതിയ ഹർജിയിൽ ഇങ്ങനെ വായിക്കാം:-

[2]

പ്രസിദ്ധീകരണം

തിരുത്തുക

കണ്ടെത്തലിനെ തുടർന്ന് ഈ രേഖാസഞ്ചയം രണ്ടു സമാഹാരങ്ങളായി പ്രസിദ്ധീകരിക്കപ്പെട്ടു. പഴശ്ശിരാജായുമായി ബന്ധപ്പെട്ട നാലും പന്ത്രണ്ടും വാല്യങ്ങളിലെ കത്തുകൾ 'പഴശ്ശിരേഖകൾ' എന്ന പേരിൽ ആദ്യം പ്രസിദ്ധീകരിക്കപ്പെട്ടു. അവശേഷിച്ച 1429 രേഖകൾ തലശ്ശേരിരേഖകൾ എന്ന പേരിൽ പിന്നീടും പ്രസിദ്ധീകരിക്കപ്പെട്ടു.

  1. കെ ബാലകൃഷ്ണൻ: ഹെർമ്മൻ ഗുണ്ടർട്ടും തലശ്ശേരിയും:മലയാളവും ഹെർമൻ ഗുണ്ടർട്ടും, എഡിറ്റർ ഡോക്ടർ സ്കറിയ സക്കറിയ(പുറങ്ങൾ 1181-90
  2. മലയാളവും ഹെർമൻ ഗുണ്ടർട്ടും, എഡിറ്റർ ഡോക്ടർ സ്കറിയ സക്കറിയ

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=തലശ്ശേരി_രേഖകൾ&oldid=3050604" എന്ന താളിൽനിന്ന് ശേഖരിച്ചത്