വിശിഷ്ടാദ്വൈതത്തിലെ ഒരു ആശയമാണ് തത്ത്വത്രയം.

ചിത്ത്, അചിത്ത്, ഈശ്വരൻ എന്നിവയെയാണ് തത്ത്വത്രയം എന്നു വ്യവഹരിക്കുന്നത്. ജ്ഞാനം, ജ്ഞേയം, ജ്ഞാതാവ് എന്നും അഭിപ്രായമുണ്ട്. ഇവിടെ ചിത്തും അചിത്തും വിശേഷണ പദങ്ങളും ഈശ്വരൻ വിശേഷ്യവുമാണ്. ഈ വിശേഷണങ്ങളോടുകൂടിയ ബ്രഹ്മം അഥവാ ഈശ്വരൻ അദ്വയനും അനാകാരനും അപരിമേയനും അനാദിയും അനശ്വരനുമാണ്. ഇവിടെ ബ്രഹ്മം പ്രകാരിയും, ചിത്തും അചിത്തും പ്രകാരങ്ങളുമാണ്. അതായത് ചിത്തും അചിത്തും അടങ്ങിയ ഈ പ്രപഞ്ചം മുഴുവൻ വിഷ്ണുവിന്റെ ശരീരമാണ്. ആത്മാവ് ശരീരവുമായി എപ്രകാരം ബന്ധപ്പെട്ടിരിക്കുന്നുവോ അതുപോലെയാണ് വിഷ്ണുവും പ്രപഞ്ചവും തമ്മിലുള്ള ബന്ധവും. പൂവിനും മണത്തിനും തമ്മിലുള്ള അഭേദ്യ ബന്ധം പോലെ. തീയ്ക്കും ചൂടിനുമുള്ള ബന്ധം പോലെ ഇവയിലെ ഒന്നില്ലാതെ മറ്റേതിനു നിലനില്പില്ല. ഇത്തരം ബന്ധത്തെ വിശിഷ്ടാദ്വൈതികൾ (രാമാനുജാചാര്യൻ) 'അപൃഥക് സിദ്ധി' എന്നു വിശേഷിപ്പിക്കുന്നു.

ജീവനാണ് ചിത്ത്. ഇതിനെ ചേതന, പ്രത്യഗാത്മാവ്, ജീവാത്മാവ് എന്നീ പേരുകളിലും വ്യവഹരിക്കുന്നു. വിഷയാദികളുടെയെല്ലാം ഭോക്താവാണ് ചിത്ത്.

ഭോഗ്യമായതാണ് അചിത്ത്. രണ്ടാമത്തെ തത്ത്വമായ അചിത്തിന് പ്രേരിതമായിരിക്കുന്നതിനെയാണ് മൂന്നാമത്തെ തത്ത്വമായ ഈശ്വരൻ എന്നു വിളിക്കുന്നത്. ഈശ്വരൻ ഏകനും വിശേഷണങ്ങളാൽ വിശിഷ്ടനുമാണ്. ഈശ്വരന്റെ വിശേഷണങ്ങളാണ് ആദ്യം പറയപ്പെട്ട രണ്ട് തത്ത്വങ്ങളും. മൂന്നും കൂടിച്ചേരുമ്പോഴാണ് 'തത്ത്വത്രയം' എന്നു വിശേഷിപ്പിക്കുന്നത്.

ഈശ്വരന്റെ ലീലയാണ് പ്രപഞ്ച സൃഷ്ടി. അചിത്തിന് രൂപഭേദം വരുത്തുന്നതോടൊപ്പം ചിത്തിന് കർമവാസനയ്ക്കനുഗുണമായ ശരീരവും ഇന്ദ്രിയങ്ങളും നല്കുകയും അവരിൽ അറിവു വളർത്തുകയും ചെയ്യുകയെന്നതാണ് സൃഷ്ടി എന്നതുകൊണ്ട് അർത്ഥമാക്കുന്നത്.

ഈ തത്ത്വത്രയത്തെപ്പറ്റി വിശിഷ്ടാദ്വൈതിയായ ശ്രീനിവാസാചാര്യൻ തന്റെ യതീന്ദ്രമതദീപിക എന്ന കൃതിയിൽ സവിശേഷമായി പ്രതിപാദിച്ചിട്ടുണ്ട്.

"https://ml.wikipedia.org/w/index.php?title=തത്ത്വത്രയം&oldid=835909" എന്ന താളിൽനിന്ന് ശേഖരിച്ചത്