തണ്ടർസ്റ്റോം
ഇടിമിന്നലോടു കൂടിയ മഴയ്ക്കു് ഉപയോഗിക്കുന്ന പേരു്. ചിലപ്പോൾ അതുണ്ടാക്കുന്ന മേഘത്തിനും ഈ പേരു് ഉപയോഗിക്കാറുണ്ടു്. സാങ്കേതിക ഭാഷയിൽ ക്യമുലോനിംബസ് (cumulonimbus) എന്നാണു് ഇത്തരം മേഘങ്ങൾ അറിയപ്പെടുന്നതു്. ഉപരിതലത്തിൽനിന്നു് ട്രോപ്പോപോസ് വരെ നീണ്ടുകിടക്കുന്ന വലിയ മേഘങ്ങളാണു് ഇവ. മഴയോടൊപ്പം ഇടിയും ശക്തമായ കാറ്റും ഉണ്ടാകാറുള്ളതുകൊണ്ടാണു് അത്തരം മേഘങ്ങൾക്കു് ഈ പേരു് വന്നതു്. അന്തരീക്ഷവൈദ്യുതി നിലനിൽക്കുന്നതിനുള്ള ഒരു പ്രധാന കാരണം ഈ മേഘങ്ങളാണു്. ചില സമയത്തു് ആലിപ്പഴം വീഴുന്നതു് ഇത്തരം മേഘങ്ങളിൽ നിന്നാണു്.
D2 എന്ന കുടുംബത്തിൽ പെടുന്ന മേഘമാണു് ക്യമുലോനിംബസ്. ഇത്തരം മേഘങ്ങൾ ഒറ്റയ്ക്കോ കൂട്ടമായോ ചൂടുവായു ഉള്ളിടത്തേക്കു് തണുത്തവായുവും കടന്നു വരുമ്പോൾ അതിന്റെ മുന്നിൽ വരിയായോ രൂപം കൊള്ളാം.