ണത്വവിധാനം
'ന'കാരത്തിനു പകരം 'ണ'കാരം ഉപയോഗിക്കേണ്ട സന്ദർഭങ്ങളെക്കുറിക്കുന്ന നിയമങ്ങളാണ് സംസ്കൃതവ്യാകരണത്തിൽ ണത്വവിധാനം എന്നറിയപ്പെടുന്നത്. പാണിനീയത്തിന്റെ എട്ടാം അധ്യായത്തിൽ ണത്വവിധാനം വിവരിച്ചിരിക്കുന്നു. പാണിനി പറഞ്ഞ നിയമത്തിൽ കാർത്യായനനും മറ്റും കൂട്ടിച്ചേർക്കലുകൾ നടത്തി. ണത്വവിധാനനിയമങ്ങൾ അനുസരിച്ച് സംസ്കൃതവാക്കുകളിൽ പലയിടങ്ങളിലും 'ന'കാരത്തിനുപകരം 'ണ'കാരം വരും. ഇത് 'ന'കാരത്തിനു 'ണത്വം' ഭവിക്കുന്നു എന്ന് അറിയപ്പെടുന്നു.
ഉദാഹരണങ്ങൾ:
- അകാരാന്തപദങ്ങളായ ദേവഃ, രാമഃ എന്നിവ അവയുടെ വിഭക്തിരൂപങ്ങളിൽ യഥാക്രമം ദേവേന എന്നും രാമേണ എന്നും മാറുന്നു.
- രാമന്റെ അയനത്തെ "രാമായണം" എന്നും സീതയുടെ അയനത്തെ "സീതായനം" എന്നുമാണ് പറയുന്നത്.
- ഉത്തരായണം എന്നും ദക്ഷിണായനം എന്നുമാണ് പറയുന്നത്.
- മോഹിനി, കാമിനി, ഭാമിനി തുടങ്ങിയ വാക്കുകളിൽ 'ന' ഉപയോഗിക്കുമ്പോൾ രോഗിണി, രാഗിണി, വർഷിണി തുടങ്ങിയവയിൽ 'ണ' ഉപയോഗിക്കുന്നു.
നിയമങ്ങൾ
തിരുത്തുക- ഒരു വാക്കിലെ 'ന'കാരത്തിന് ണത്വം ഭവിക്കണമെങ്കിൽ, ആ വാക്കിലെ 'ന'കാരത്തിനു മുൻപുള്ള ഒരക്ഷരമെങ്കിലും 'ഋ'കാരമോ രേഫമോ ('ര'കാരമോ), 'ഷ'കാരമോ ആകണം. ഇവയെ നിമിത്തങ്ങൾ എന്ന് പറയുന്നു. 'ന'കാരത്തിന് മുൻപ് എവിടെയും നിമിത്തങ്ങൾ വരുന്നില്ലെങ്കിൽ ആ 'ന'കാരത്തിന് 'ണത്വം' സംഭവിക്കില്ല; 'ന'കാരം 'ന'കാരമായിത്തന്നെ നിൽക്കും.
- നിമിത്തത്തിനും 'ന'കാരത്തിനുമിടയിൽ സ്വരങ്ങൾ, അനുസ്വാരം, കവർഗം (ക, ഖ, ഗ, ഘ, ങ), പവർഗം (പ, ഫ, ബ, ഭ, മ), യ, വ, ഹ എന്നിവ വന്നാൽ 'ന'കാരത്തിന്റെ 'ണത്വ'ത്തെ ബാധിക്കുകയില്ല; അതായത്, 'ന'കാരം മാറി 'ണ'കാരം വരും. ഇവയൊഴിച്ചുള്ള ഏതക്ഷരം വന്നാലും 'ണത്വം' സംഭവിക്കുകയില്ല; അതായത്, 'ന'കാരം 'ന'കാരമായിത്തന്നെ നിലനിൽക്കും.
വിശദീകരണം
തിരുത്തുകമുകളിൽ പറഞ്ഞ നിയമങ്ങൾ ഉദാഹരണങ്ങളിലൂടെ വിവരിക്കാം:
- രാമഃ, അയനം എന്നീ രണ്ട് വാക്കുകളിൽ നിന്ന് രൂപപ്പെട്ടതാണ് "രാമായണം" എന്ന വാക്ക്. രാമന്റെ അയനം എന്ന് വിഗ്രഹം. 'ന'കാരത്തിനു മുൻപ് രേഫം വരുന്നതിനാലും, 'ര'യുടെയും 'ന'യുടെയും ഇടയിൽ മ, യ എന്നിവ മാത്രം വരുന്നതിനാലും 'ന'കാരം 'ണ'കാരമായി മാറുന്നു. സീതായനം എന്ന വാക്ക് രൂപപ്പെട്ടിരിക്കുന്നത് സീതാ, അയനം എന്നിവയിൽ നിന്നുമാണ്. ഇവിടെ 'ന'കാരത്തിനു മുൻപിൽ നിമിത്തങ്ങളൊന്നും വരാത്തതിനാൽ 'ന'കാരത്തിന് ണത്വം സംഭവിക്കുന്നില്ല.
- ഉത്തര + അയനം = ഉത്തരായണം; 'ന'കാരത്തിനു മുൻപ് രേഫം വരുന്നതിനാലും ഇടയ്ക്കുള്ള അക്ഷരം യ ആയതിനാലും ണത്വം.
ദക്ഷിണ + അയനം = ദക്ഷിണായനം; നകാരത്തിനുമുന്നിൽ നിമിത്തങ്ങളൊന്നും ഇല്ലാത്തതിനാൽ ണത്വം വരുന്നില്ല.
ഉദാഹരണങ്ങൾ
തിരുത്തുക- പ്ര + നവം = പ്രണവം
- പ്ര + നയം = പ്രണയം
- പരി + നയം = പരിണയം
- പരി + മാനം = പരിമാണം
- ശൂർപ + നഖാ = ശൂർപണഖാ
ണത്വവിധാനം മലയാളഭാഷയിൽ
തിരുത്തുകസംസ്കൃതത്തിൽ നിന്നുള്ള പദങ്ങളിൽ മാത്രമല്ല, മലയാളത്തിലെ തനതുപദങ്ങളിലും പരകീയപദങ്ങളിലും ണത്വവിധാനത്തിന്റെ സ്വാധീനമുണ്ട്. കൃസ്ത്യാനി എന്നതിൽ 'സ', 'ത' എന്നിവ 'ര'യുടെയും 'ന'യുടെയും മധ്യത്തിൽ വരുന്നത് ണത്വത്തെ തടയുന്നു. എന്നാൽ നസ്രാണി എന്നതിൽ 'ര' ണത്വം നടപ്പാക്കുന്നു.
അപവാദങ്ങൾ
തിരുത്തുകചിലപദങ്ങളിൽ വിശേഷണങ്ങൾ ചേരുമ്പോൾ ണത്വവിധാനം പാലിക്കപ്പെടുന്നില്ല. സർവനാമം, ത്രിനേത്രം ഇവയിലൊക്കെ ണത്വവിധാനത്തിന്റെ നിയമങ്ങൾ അനുസരിച്ച ണത്വം ഭവിക്കേണ്ടതാണ്. എന്നാൽ അങ്ങനെ ഭവിക്കുന്നില്ല.