ജനപ്രീതി നേടിയ ഒരു നാടോടി ഗാനമാണ് ഢോലാ. മഹാഭാരതകാലത്തിനു മുമ്പുള്ള നള-ദമയന്തി നാടോടിക്കഥയാണ് ഢോലാ. പൗരാണിക ഗാനരൂപമാണ് ഢോലായ്ക്കു സ്വീകരിച്ചിട്ടുള്ളത്.

ഇതിവൃത്തം തിരുത്തുക

സന്താനങ്ങളില്ലാത്തതിനാൽ പിർഥം എന്ന രാജാവ് ഉത്കണ്ഠ പ്രകടിപ്പിക്കുന്നു. രാജാവിന്റേയും മഞ്ജ എന്ന രാജ്ഞിയുടേയും ഈശ്വരഭക്തിയിൽ സന്തുഷ്ടനായ ഒരു സന്ന്യാസി അവരെ അനുഗ്രഹിക്കുന്നു. രാജ്ഞി ഗർഭിണിയായപ്പോൾ അവളുടെ ചാരിത്ര്യത്തിൽ ശങ്ക തോന്നിയ രാജാവ് അവരെ കൊല്ലാൻ ഉത്തരവിടുന്നു. രാജ്ഞിയോട് അലിവു തോന്നിയ ആരാച്ചാർ അവരെ കാട്ടിൽ ഉപേക്ഷിച്ചിട്ട് തിരികെപ്പോയി. അവർ കാട്ടിൽ വച്ച് നളന് ജന്മം നല്കി. ആ വഴി വന്ന ഒരു വ്യാപാരി മഞ്ജയെ സ്വന്തം പുത്രിയായി കരുതി സ്വീകരിച്ചു കൊണ്ടുപോയി.

നളൻ വളർന്നപ്പോൾ അമ്മാവന്മാരോടൊപ്പം വാണിജ്യകാര്യങ്ങൾക്ക് കപ്പലിൽ പോയിത്തുടങ്ങി. ഒരിക്കൽ ഏകാന്തമായൊരു ദ്വീപിൽ അമ്മാവന്മാർ അവനെ ഉപേക്ഷിച്ചു. അവിടെ വച്ച് നളൻ ഭൗമാസുരനെ വധിക്കുകയും അയാളുടെ പുത്രിയായ മോതിനിയെ വിവാഹം കഴിക്കുകയും ചെയ്തു. ഏതെങ്കിലും കപ്പൽ അതുവഴി വരുമെന്ന പ്രതീക്ഷയിൽ നളനും മോതിനിയും ആ ദ്വീപിൽത്തന്നെ കഴിഞ്ഞു കൂടുമ്പോൾ ഭാഗ്യവശാൽ അമ്മാവന്മാരുടെ കപ്പൽതന്നെ അതുവഴി വന്നെത്തി. നളനും മോതിനിയും അതിൽ കയറി. സുന്ദരിയായ യുവതിയിലും അവളുടെ മതിക്കാനാവാത്ത ആഭരണങ്ങളിലുമായിരുന്നു അമ്മാവന്മാർക്ക് കണ്ണ്. അവർ നളനെ ആഴക്കടലിലേക്കു തള്ളി. നളൻ അവിടെ നാഗരാജാവായ വാസുകിയുടെ മണിമാളികയിലെത്തി. വാസുകി നളനെ സുഹൃത്തായി സ്വീകരിച്ച് കടൽത്തീരത്ത് എത്തിച്ചു. അവിടെ വച്ച് അദ്ദേഹം തന്റെ ഭാര്യയേയും വീണ്ടെടുത്തു. അങ്ങനെ അമ്മാവന്മാരുടെ ദുരാഗ്രഹം നിഷ്ഫലമായി. കുറേക്കാലം കഴിഞ്ഞപ്പോൾ പിർഥം രാജാവ് മകനെ തിരിച്ചറിഞ്ഞ് വലിയ സ്നേഹാദരങ്ങളോടെ അവനേയും അവന്റെ ഭാര്യയേയും സ്വീകരിച്ചു. അച്ഛന്റെ കാലശേഷം നളൻ രാജാവായി. അതിനുശേഷമാണ് ദമയന്തിയുമായുള്ള വിവാഹവും വിരഹവും പുനസ്സമാഗമവും നടക്കുന്നത്. അവർക്ക് ജനിച്ച പുത്രനാണ് ഢോലാ. കുട്ടിക്കാലത്തുതന്നെ അവൻ മാരു എന്ന പെൺകുട്ടിയെ വിവാഹം കഴിച്ചു. ശനിബാധയിൽനിന്നു മോചിതനായ നളന് തന്റെ രാജ്യം വീണ്ടു കിട്ടി. ഇക്കാലത്തിനുള്ളിൽ മാരുവും ഢോലായും വളർന്നു വലുതായി.

ഢോലാ-മാരു ഹിന്ദിമേഖലയാകെ പ്രചാരമുള്ള പ്രസിദ്ധമായ ഐതിഹ്യമാണ്. ഒന്നിനു പിറകെ മറ്റൊന്നായി മാരു അയച്ച സന്ദേശങ്ങൾ ഇടയ്ക്കു വച്ച് മറ്റൊരു സ്ത്രീ തടസ്സപ്പെടുത്തുന്നതും മറ്റുമായി രസകരങ്ങളായ ഒട്ടേറെ സംഭവങ്ങൾ ഈ കഥയിലുണ്ട്. ഢോലായുടെ ഭ്രാതാവായ കിഷൻസിംഹിന്റെ കഥയും ഇതിൽ പ്രതിപാദിച്ചു കാണുന്നു. ഇക്കഥ പിൽക്കാലത്ത് കൂട്ടിച്ചേർത്തതാകാം.

അവലംബം തിരുത്തുക

മലയാളം സർവ്വവിജ്ഞാനകോശം Archived 2020-09-29 at the Wayback Machine.

"https://ml.wikipedia.org/w/index.php?title=ഢോലാ&oldid=3804961" എന്ന താളിൽനിന്ന് ശേഖരിച്ചത്