ഡി.എൻ.എ വിഭജനം
ഒരു ഡി.എൻ.എ തൻമാത്രയിൽ നിന്ന് രണ്ട് ഡി.എൻ.എ തൻമാത്രകൾ രൂപപ്പെടുന്ന ജീവശാസ്ത്ര പ്രക്രിയയാണ് ഡി.എൻ.എ വിഭജനം (ഡി.എൻ.എ റെപ്ലിക്കേഷൻ, ആംപ്ലിഫിക്കേഷൻ). പാരമ്പര്യ സ്വഭാവങ്ങളുടെ തലമുറകളിലേയ്ക്കുള്ള കൈമാറ്റത്തിന് അടിസ്ഥാനമായ പ്രക്രിയയാണ് ഡി.എൻ.എ വിഭജനം. പരസ്പര പൂരകങ്ങളായ രണ്ട് തൻമാത്രാതലത്തിലെ ഇഴകളും തൻമാത്രാപടികളും കൊണ്ട് നിർമ്മിച്ചിരിക്കുന്ന ഡി.എൻ.എ യ്ക്ക് ചുറ്റുഗോവണിയുടെ ഘടനയാണ്. ഈ രണ്ടിഴകളും ഡി.എൻ.എ വിഭജനസമയത്ത് വേർപിരിയുകയും ഡി.എൻ.എ തൻമാത്രയുടെ ഓരോ ഇഴയും പുതിയ രണ്ട് ഡി.എൻ.എ തൻമാത്രകളുടെ ടെംപ്ലേറ്റ് അഥവാ അച്ച് ആയി വർത്തിക്കുകയും ചെയ്താണ് ഡി.എൻ.എ വിഭജനം സാധ്യമാകുന്നത്. ഇത്തരം വിഭജനം സെമികൺസർവേറ്റീവ് റെപ്ലിക്കേഷൻ എന്നറിയപ്പെടുന്നു. വിഭജനത്തിന്റെ ഭാഗമായുണ്ടാകാവുന്ന തകരാറുകൾ പരിഹരിക്കുന്നതിന് സെല്ലുലാർ പ്രൂഫ്റീഡിംഗ് എന്നും എറർ ചെക്കിംഗ് എന്നും പേരുള്ള അനുബന്ധ പ്രക്രിയകളും നടക്കുന്നു.
ഡി.എൻ.എ യിലെ ചില നിശ്ചിത ഭാഗങ്ങളിലാണ് വിഭജന പ്രക്രിയ ആരംഭിക്കുന്നത്. ഈ ഭാഗങ്ങൾ ഒറിജിൻ ഓഫ് റെപ്ലിക്കേഷൻ എന്നറിയപ്പെടുന്നു. ഡി.എൻ.എ ഹെലിക്കേയ്സ് എന്ന എൻസൈം ഡി.എൻ.എ യുടെ രണ്ടിഴകളേയും പരസ്പരം വേർതിരിക്കുന്നു. ഡി.എൻ.എ ഇഴകളുടെ അൺവൈൻഡിംഗ് എന്ന ഈ പ്രക്രിയ മൂലം വിഭജനം ആരംഭിച്ച ഭാഗത്തുനിന്നും ഇരുദിശകളിലേയ്ക്കും ഒരു റെപ്ലിക്കേഷൻ ഫോർക്ക് (ഇംഗ്ലീഷിലെ വൈ ആകൃതി) രൂപപ്പെടുന്നു. വേർപിരിയുന്ന രണ്ട് ഇഴകളാണ് ഇതിന് അടിസ്ഥാനം. റെപ്ളിക്കേഷൻ ഫോർക്കുമായി ബന്ധപ്പെട്ട് നിരവധി പ്രോട്ടീനുകൾ പ്രവർത്തിക്കുന്നു. പ്രക്രിയ ആരംഭിക്കുന്നതിനും പുതുതായി ഡി.എൻ.എ ഇഴകൾ റെപ്ലിക്കേഷൻ ഫോർക്കിലെ ഓരോ ഇഴയോടും കൂട്ടിച്ചേർക്കുന്നതിനും ഈ പ്രോട്ടീനുകൾ സഹായിക്കുന്നു. കോശവിഭജനഘട്ടത്തിലെ എസ് ഘട്ടത്തിലാണ് (സിന്തറ്റിക് ഘട്ടം) ഡി.എൻ.എ വിഭജനം നടക്കുന്നത്.
കോശങ്ങൾക്കുപുറത്തും ഡി.എൻ.എ റെപ്ലിക്കേഷൻ നടക്കുന്നു. കൃത്രിമമായി നടത്തുന്ന ഈ വിഭജനരീതി ഇൻ വിട്രോ ഡി.എൻ.എ വിഭജനരീതി എന്നറിയപ്പെടുന്നു. കൃത്രിമമായി രൂപപ്പെടുത്തിയ ഡി.എൻ.എ ഭാഗങ്ങളും (ഡി.എൻ.എ പ്രൈമറുകൾ) ഡി.എൻ.എ പോളിമെറേയ്സ് എന്ന എൻസൈമും ഇതിനായി ഉപയോഗിക്കുന്നു. പോളിമെറേയ്സ് ചെയിൻ റിയാക്ഷൻ (പി.സി.ആർ), ട്രാൻസ്ക്രിപ്ഷൻ മീഡിയേറ്റഡ് ആംപ്ലിഫിക്കേഷൻ (ടി.എം.എ), ലിഗേയ്സ് ചെയിൻ റിയാക്ഷൻ (എൽ.സി.ആർ) എന്നിവ ഇത്തരം കൃത്രിമ ഡി.എൻ.എ വിഭജന പ്രക്രിയയ്ക്ക് ഉദാഹരണങ്ങളാണ്.