ഡാന്യാങ്-കുൺഷാൻ ഗ്രാൻഡ് ബ്രിഡ്ജ്

ചൈനയിലെ ബീജിംഗ്-ഷാങ്ഹായ് ഹൈ-സ്പീഡ് റെയിൽവേയുടെ ഭാഗമായ 164.8 കിലോമീറ്റർ (102.4മൽ) നീളമുള്ള ഒരു പാലമാണ് ഡാന്യാങ്-കുൺഷാൻ ഗ്രാൻഡ് ബ്രിഡ്ജ്. ലോകത്തിലെ ഏറ്റവും ദൈർഘ്യമേറിയ പാലമാണിത്. [2][3]

ഡാന്യാങ്-കുൺഷാൻ ഗ്രാൻഡ് ബ്രിഡ്ജ്
Coordinates 31°38′16″N 120°14′45″E / 31.637786°N 120.245897°E / 31.637786; 120.245897
ഡാന്യാങ്-കുൺഷാൻ ഗ്രാൻഡ് ബ്രിഡ്ജ്, ഭൂപടത്തിൽ അടയാളപ്പെടുത്തിയത്
ഡാന്യാങ്-കുൺഷാൻ ഗ്രാൻഡ് ബ്രിഡ്ജ്, വുക്സിയിൽ നിന്നുള്ള കാഴ്ച

ഭൂമിശാസ്ത്രം

തിരുത്തുക

ജിയാങ്സു പ്രവിശ്യയിലെ ഷാങ്ഹായ്ക്കും നാൻജിംഗിനും ഇടയിലുള്ള റെയിൽ പാതയിലാണ് ഈ പാലം സ്ഥിതി ചെയ്യുന്നത്. താഴ്ന്ന പ്രദേശങ്ങളിലെ നെൽവയലുകൾ, കനാലുകൾ, നദികൾ, തടാകങ്ങൾ തുടങ്ങിയ ഭൂമിശാസ്ത്ര പ്രത്യേകതകൾ ഉള്ള യാങ്സി നദിയുടെ ഡെൽറ്റ പ്രദേശമാണ് ഇത്. പാലത്തിന്റെ 8 മുതൽ 80 കിലോമീറ്റർ (5 മുതൽ 50 മൈൽ) ദൂരം വരെ പാലത്തിന് വടക്ക് ഭാഗത്ത് യാങ്സി നദി സമാന്തരമായി ഒഴുകുന്നു. പടിഞ്ഞാറ് നിന്ന് കിഴക്കോട്ട് ഡാൻയാങ്, ചാങ്ഷൗ, വുക്സി, സുഷൗ എന്നീ ജനവാസകേന്ദ്രങ്ങളിലൂടെ ഒഴുകി കുൻഷാനിൽ അവസാനിക്കുന്നു.[1]

നിർമ്മാണം

തിരുത്തുക

2000 കളുടെ തുടക്കം മുതൽ, ചൈന തങ്ങളുടെ പ്രധാന വ്യാവസായിക കേന്ദ്രങ്ങളെ പരസ്പരം ബന്ധിപ്പിക്കുന്ന വിപുലമായ പൊതു, വ്യാവസായിക ഗതാഗത ലൈനുകൾ നിർമ്മിക്കാൻ തുടങ്ങി. ഈ കാലയളവിൽ റെയിൽ ഗതാഗതം വളരെയധികം ശ്രദ്ധ നേടിയപ്പോൾ, എല്ലാ രൂപത്തിലും വലിപ്പത്തിലുമുള്ള പാലങ്ങൾ സൃഷ്ടിക്കുന്നതിനുള്ള പ്രാവീണ്യം ചൈനീസ് നിർമ്മാണ കമ്പനികൾ ആർജ്ജിക്കുകയുണ്ടായി. പൊതുഗതാഗതരംഗത്തും ഇത് മാറ്റങ്ങളുണ്ടാക്കി. പർവതപ്രദേശങ്ങളിലും സമതലങ്ങളിലും നിരവധി പാലങ്ങൾ പുതുതായി നിർമ്മിക്കപ്പെട്ടു.[4]

ഈ കാലഘട്ടത്തിൽ പാലങ്ങളുടെ കാര്യത്തിൽ നിരവധി ലോകറെക്കോർഡുകൾ ചൈന കരസ്ഥമാക്കുകയുണ്ടായി. തുടർന്ന്, ചൈനീസ് സർക്കാർ ഇതുവരെ വിഭാവനം ചെയ്തതിൽ വച്ച് ഏറ്റവും വലിയ പാലം - ഷാങ്ഹായ് നഗരത്തെ കിഴക്കൻ ചൈനയിലെ ജിയാങ്സു പ്രവിശ്യയുടെ തലസ്ഥാനമായ നാൻജിംഗ് പട്ടണവുമായി ബന്ധിപ്പിക്കുന്ന റെയിൽ പാതയിൽ നിർമ്മിക്കുവാൻ തീരുമാനിച്ചു,. ലോകത്തിലെ ഏറ്റവും ദൈർഘ്യമേറിയ ഈ പാലം സൃഷ്ടിക്കുന്നതിനുള്ള ചുമതലയിൽ വിവിധ രാജ്യങ്ങളിൽ നിന്നുള്ള നിരവധി ആർക്കിടെക്റ്റുകളും ഡിസൈനർമാരും പങ്കാളികളായി. യാങ്‌സി നദിയുടെ പ്രദേശത്ത് വരുന്ന ഭൂരിഭാഗം സ്ഥലവും ഉറച്ച നിലത്തിനു പകരം മൃദുവായ മണ്ണാണ് എന്നത് ഒരു വെല്ലുവിളിയായിരുന്നു. നിരവധി ചെറുഖണ്ഡങ്ങൾ ചേർന്ന വയാഡക്റ്റ് മാതൃകയാണ് ഈ പാലത്തിന്റെ നിർമ്മിതിയ്ക്ക് അവലംബിച്ചിരിക്കുന്നത്. 2006 ന്റെ തുടക്കത്തിൽ പാലത്തിന്റെ അന്തിമ രൂപകൽപ്പന അംഗീകരിക്കുകയും നിർമ്മാണപ്രവർത്തനങ്ങൾക്ക് തുടക്കം കുറിക്കുകയും ചെയ്തു.

തറനിരപ്പിൽ നിന്ന് ഈ പാലത്തിന്റെ ശരാശരി ഉയരം 100 അടി അഥവാ 31 മീറ്റർ ആണ്. ഇതിന്റെ ശരാശരി വീറ്റി 260 അടിയാണ്. സുഷൗവിലെ യാങ്ചെംഗ് തടാകത്തിന് കുറുകെ ഈ പാലത്തിന് 9 കിലോമീറ്റർ നീളത്തിൽ ഒരു സെക്ഷൻ ഉണ്ട്. പാലത്തിന്റെ ഈ ഭാഗം നിർമ്മിക്കാൻ വലിയ അളവിൽ സ്റ്റീൽ കേബിളുകളും 450,000 ടൺ സ്റ്റീൽ ഘടനയും ഉപയോഗിച്ചു. ഈ സെക്ഷനിൽ മാത്രം 2000-ത്തിൽ പരം തൂണുകളാണുള്ളത്. കൊടുങ്കാറ്റ്, റിച്ചർ സ്കെയിൽ 8 വരെ തീവ്രതയുള്ള ഭൂകമ്പങ്ങൾ തുടങ്ങിയ പ്രകൃതി ദുരന്തങ്ങൾ ബാധിക്കാത്ത തരത്തിലാണ് ഈ പാലം നിർമ്മിച്ചിരിക്കുന്നത്. 300,000 ടണ്ണോ അതിൽ കുറവോ ഭാരമുള്ള കപ്പലുകൾ തൂണുകളിൽ വന്നിടിച്ചാലും ആഘാതം താങ്ങുവാൻ ഈ പാലത്തിന് കഴിയും.[5] 10,000 പേർ ജോലി ചെയ്ത ഈ നിർമ്മാണപ്രവർത്തനത്തിന് നാല് വർഷമെടുത്തു. ഏകദേശം 8.5 ബില്യൺ ഡോളർ ചെലവായി.[1] ഇത് 2010 ൽ ഇതിന്റെ പണി പൂർത്തിയായി. ലോകത്തിലെ ഏറ്റവും ദൈർഘ്യമേറിയ പാലമെന്ന ഗിന്നസ് റെക്കോർഡ് ഡാൻയാങ്-കുൻഷാൻ ഗ്രാൻഡ് ബ്രിഡ്ജ് സ്വന്തമാക്കി.[2][6]

  1. 1.0 1.1 1.2 Muhammad Farooq (September 12, 2011). "Danyang Kunshan Grand Bridge, the Longest Bridge". expertscolumn.com. Archived from the original on 18 February 2012.
  2. 2.0 2.1 Longest bridge, Guinness World Records. Last accessed July 2011.
  3. Danyang–Kunshan Grand Bridge on OSM
  4. http://www.historyofbridges.com/famous-bridges/longest-bridge-in-the-world/
  5. https://traveltriangle.com/blog/danyang-kunshan-grand-bridge/
  6. Danyang–Kunshan Grand Bridge on OSM