ട്രോളിങ് നിരോധനം
മത്സ്യസമ്പത്ത് വർദ്ധിപ്പിക്കുവാനും അതു വഴി മത്സ്യത്തൊഴിലാളികളുടെ വരുമാനമാർഗ്ഗം ഉറപ്പുവരുത്തുകയും പോഷകമൂല്യമുള്ള മത്സ്യങ്ങളുടെ വംശവർദ്ധനവ് നടപ്പിലാക്കുവാനും ഉദ്ദേശിച്ച് കേന്ദ്രസർക്കാർ ഏർപ്പെടുത്തിയ നിരോധനമാണ് ട്രോളിങ് നിരോധനം. 1988 - ലാണ് സർക്കാർ ഈ നിരോധനം ഇന്ത്യയിൽ നടപ്പിലാക്കിയത്. തുടർന്ന് ഇന്ത്യയിൽ ആദ്യം കൊല്ലം തീരത്താണ് നിരോധനം പ്രാബല്യത്തിൽ വരുത്തിയത്. തുടർന്ന് പരമ്പരാഗത മത്സ്യത്തൊഴിലാളികളെ ട്രോളിങ് നിരോധനത്തിൽ നിന്നൊഴിവാക്കുന്ന കേരളാ വർഷകാല മത്സ്യബന്ധന സംരക്ഷണ നിയമം 2007ൽ ആണു നിലവിൽ വന്നത് .
ചാള, അയല തുടങ്ങിയ മത്സ്യങ്ങളുടെ പ്രജനനസമയമായ മൺസൂൺ കാലത്താണ് ഈ നിരോധനം ഏർപ്പെടുത്തുക. ഈ കാലത്ത് മുട്ടയിടാറായ മത്സ്യങ്ങൾ തീരങ്ങളിൽ കൂടുതലായി ഉണ്ടാകും.ഈ സമയത്ത് വൻതോതിൽ മത്സ്യബന്ധനം (ട്രോളിങ്) നടത്തിയാൽ മുട്ടയിടാറായ മത്സ്യങ്ങൾ കൂടുതലായി വലയിൽ കുടുങ്ങുകയും അടുത്ത തലമുറ മത്സ്യകുഞ്ഞുങ്ങൾ പിറവി എടുക്കാതെ പോകുകയും ചെയ്യും. ഇത് തുടർന്നാൽ കാലക്രമേണ കടലിലെ മത്സ്യസമ്പത്ത് ഗണ്യമായി കുറയുകയും ചെയ്യും. ഇതാണ് ഈ സമയത്ത് ട്രോളിങ് നിരോധിക്കാനുള്ള തീരുമാനത്തിന്റെ അടിസ്ഥാനം.
നിരോധനകാലത്ത് തീരത്തു നിന്നും22 കിലോമീറ്റർ ദൂരെ വരെ മത്സ്യബന്ധനം അനുവദിക്കില്ല. എന്നാൽ പരമ്പരാഗത മത്സ്യത്തൊഴിലാളികൾ ഉപയോഗിക്കുന്ന ഇൻബോർഡ് ഔട്ട്‌ബോർഡ് വള്ളങ്ങൾക്ക് ഈ നിയമം ബാധകമല്ല. ഏകദേശം 50 ദിവസ കാലയളവിലേക്കാണ് ഈ നിരോധനം സാധാരണ നടപ്പിലാക്കുന്നത്.