ട്രങ്ക് കളി
ട്രങ്ക് കളി സംഘമായാണ് കളിക്കുന്നതെങ്കിലും കളിക്കാരന്റെ ഒറ്റയ്ക്കുള്ള മികവാണ് ട്രങ്ക് കളിയുടെ സവിശേഷത. [1] ഒരു തുണിപ്പന്തോ ഓല പന്തോ അല്ലെങ്കിൽ റബർ ബോളോ അതിന്റെ കൂടെ കുറച്ച് പരന്ന കല്ലുകളാണ് കളിയുപകരണങ്ങൾ. സാധാരണയായി 7 കല്ലുകളാണ് ഉപയോഗിക്കുക. കളിയുടെ കാഠിന്യം വർദ്ധിപ്പിക്കുന്നതിന് കല്ലുകളുടെ എണ്ണം വർദ്ധിപ്പിക്കുകയും പരന്ന കല്ലുകൾക്ക് പകരം അടക്കി വെയ്ക്കാൻ അല്പം ബുദ്ധിമുട്ടുള്ള കല്ലുകൾ, പരന്നതല്ലാത്ത മേൽക്കുര ഓടിന്റെ കക്ഷണങ്ങൾ എല്ലാം ഉപയോഗിക്കും. ഒരു കളിയിൽ എത്ര പേർ പങ്കെടുക്കും എന്നതിനൊന്നും കൃത്യമായ കണക്കുകൾ ഒന്നും ഇല്ല. ആറോ എഴോ പേരൊക്കെയുണ്ടെങ്കിൽ നല്ല രീതിയിൽ കളിക്കാം. കല്ലുകൾ ഒന്നിനുമീതെ ഒന്നായി അട്ടിയിട്ട് വെയ്ക്കും. തിരഞ്ഞെടുത്ത ആൾ നിശ്ചിത ദൂരത്തുനിന്ന് പന്തെറിഞ്ഞ് കല്ലുകൾ വീഴ്ത്തണം. സാധാരണഗതിയിൽ പത്തടി അകലത്തിലായിരിക്കും പന്തെറിയാൻ നിൽക്കുക. പന്തെറിയുമ്പോൾ കല്ല് തട്ടിതെറിപ്പിക്കാതെ പന്ത് നിലത്ത് കുത്തി ഉയരുമ്പോൾ പിടിക്കാനായി ബാക്കിയുള്ളവർ എതിർ വശത്തും വശങ്ങളിലുമായി അണിനിരക്കും. അവർ പന്ത് പിടിച്ചാൽ, പന്തെറിയുന്ന ആൾക്ക് പിന്നീട് എറിയാൻ സാധ്യമല്ല. കളിയിലുള്ള അടുത്ത ആൾ കല്ലെറിഞ്ഞ് വീഴ്ത്താനായി വരും. അപ്പോൾ ആദ്യം പന്തെറിഞ്ഞ ആൾ പന്ത് പിടിക്കാൻ നിൽക്കുന്ന സംഘത്തിനോട് ചേരണം. മൂന്ന് പ്രാവശ്യമോ അഞ്ച് പ്രാവശ്യമോ പന്തെറിഞ്ഞിട്ടും കല്ല് വീഴാതിരിക്കുകയോ എതിരെ നിൽക്കുന്നവർ പന്ത് പിടിക്കാതിരിക്കുകയോ ചെയ്താലും, അടുത്തയാൾ പന്ത് എറിയാനായി വരും. കല്ലിൽ പന്ത് കൊള്ളുന്നതു വരെ ഇങ്ങനെ ഏറ് തുടരും. കല്ല് വീണാൽ കളിയുടെ അടുത്ത ഘട്ടം തുടങ്ങുകയായി. പന്ത് തട്ടി കല്ലുകൾ തെറിച്ചാൽ, തട്ടിയിട്ടയാളാണ് കല്ലുകൾ പഴയ സ്ഥിതിയിൽ അടുക്കിവെയ്‌ക്കേണ്ടത്. ഈ സമയം കല്ലിൽ തട്ടി തെറിച്ച പന്ത് മറ്റുള്ളവർ കൈക്കലാക്കും. കല്ല് അടുക്കിവെയ്ക്കുന്നയാൾക്കു നേരേ മറ്റുള്ളവർ പന്ത് എറിഞ്ഞുകൊള്ളിക്കാൻ ശ്രമിക്കുകയും ചെയ്യും. ഏറിൽ നിന്ന് ഒഴിഞ്ഞു മാറി ഓരോ കല്ലും അടുക്കി പഴയ രീതിയിൽ വെയ്ക്കണം. പന്ത് ശരീരത്തിൽ കൊള്ളാതെ കല്ലുകൾ അടക്കി വെച്ച് ട്രങ്ക് എന്ന് വിളിച്ച് പറയണം. അപ്പോൾ അയാൾക്ക് ഒരു ട്രങ്കായി. ട്രങ്കിൽ ഉപയോഗിച്ചിരുന്ന എല്ലാ കല്ലുകളും അടക്കി വെയ്ക്കാതെ ട്രങ്ക് എന്ന് വിളിച്ച് പറഞ്ഞാലും അയാൾ പുറത്താകും. ട്രങ്ക് അടക്കി വെയ്ക്കുന്നയാളെ പന്ത് കൊണ്ട് എറിഞ്ഞ് കൊള്ളിക്കാൻ ശ്രമിക്കുമ്പോൾ അടക്കി വെച്ച് കൊണ്ടിരിക്കുന്ന കല്ലുകളിൽ പന്ത് തട്ടി കല്ലുകൾ വീണാലും അടക്കി വെയ്ക്കാൻ ശ്രമിക്കുന്ന ആൾക്ക് ഒരു ട്രങ്കായി എന്ന് കണക്കാക്കും. ഏതെങ്കിലും കാരണത്താൽ, അയാൾ പുറത്താകുന്നത് വരെ അയാൾക്ക് പന്തെറിയാനും കല്ലുകൾ അടക്കി വെയ്ക്കാനുള്ള അവസരം ലഭിക്കും. കല്ലുകൾ അടക്കി വെയ്ക്കുന്ന ആളുടെ ശരീരത്തിൽ പന്ത് കൊണ്ടാൽ അയാൾ പുറത്താകുകയും അടുത്തയാൾക്ക് കല്ലുകൾ എറിഞ്ഞ് വീഴ്ത്താനുള്ള അവസരം ലഭിക്കും. ആദ്യം എറിഞ്ഞ ആൾ പന്ത് പിടിക്കാൻ നിൽക്കുന്ന സംഘത്തിൽ ചേരും. ഈ കളി ഇങ്ങനെ തുടർന്ന് കൊണ്ടേയിരിക്കും. കൂടുതൽ ട്രങ്ക് ലഭിക്കുന്നയാളാണ് വിജയി. സംഘമായി
ഈ കളി തന്നെ രണ്ട് സംഘമായും കളിക്കാം. കൂടുതൽ കളിക്കാർ എത്തുകയാണെങ്കിൽ രണ്ട് ടീമായി നിശ്ചിത എണ്ണം കളിക്കാരെ എടുത്ത് കളിക്കാം. ഉദാഹരണത്തിന് കളിക്കാൻ പത്ത് പേർ എത്തുകയാണെങ്കിൽ 5 പേരുള്ള രണ്ട് സംഘമായി തിരിഞ്ഞ് കളിക്കാം. ആദ്യം ഒരു സംഘത്തിൽ നിന്ന് ഒരാൾ പന്തെറിയാൻ വരും അപ്പോൾ ആ ടീമിലുള്ള മറ്റുള്ളവർ അടക്കി വെച്ച കല്ലിന് ചുറ്റും അല്പം അകലെയായി നിൽക്കും. രണ്ടാമത്തെ ടീമിലെ എല്ലാവരും പന്ത് പിടിക്കാൻ നിൽക്കും. കല്ലെറിഞ്ഞ് വീഴ്ത്തിയാൽ ആദ്യ ടീമിലെ എല്ലാവരും കല്ല് അടുക്കി വെയ്ക്കാൻ ശ്രമിക്കും. പന്ത് പിടിക്കാൻ നിൽക്കുന്നവർ എല്ലാവരും എതിർടീമിലെ ആരെയെങ്കിലും എറിഞ്ഞ് കൊളിക്കാൻ ശ്രമിച്ചുകൊണ്ടിരിക്കും. പന്തെറിഞ്ഞ ആൾ പുറത്തായാൽ, രണ്ടാമത്തെ സംഘത്തിലെ ഒരാൾ പന്തെറിയാൻ വരും. അപ്പോൾ ആദ്യ സംഘത്തിലെ എല്ലാവരും പന്ത് പിടിക്കാൻ നിൽക്കും. ഇത് തുടർന്ന് രണ്ട് സംഘത്തിലേയും എല്ലാവരും പന്തെറിഞ്ഞ് പുറത്താകുന്നത് വരെ കളി തുടരും.