കേരളത്തിലെ പ്രമുഖ പത്രപ്രവർത്തകനും ഗ്രന്ഥകാരനും ജേണലിസം അധ്യാപകനും സാഹിത്യനിരൂപകനും കവിയും ആയിരുന്നു മാതൃഭൂമി ഡപ്യൂട്ടി എഡിറ്റർ കൂടി ആയിരുന്ന ടി.വേണുഗോപാലൻ(1930-2012). പത്രപ്രവർത്തനത്തിന്റെ ആധുനികരണത്തിന് മുന്നിട്ടിറങ്ങിയവരിൽ പ്രധാനിയാണ്.

യൗവനംhttps://www.facebook.com/svssonline/posts/1286853711356179:0

പൊന്നാനിക്കടത്ത് ഈശ്വരമംഗലത്തു ജനിച്ച വേണുഗോപാലൻ തൃശ്ശൂർ കേരളവർമ കോളേജിൽനിന്നാണ് ബിരുദമെടുത്തത്. 1952-ൽ മാതൃഭൂമിയിൽ സബ് എഡിറ്ററായി ചേർന്നു. ജോലിയിലിരിക്കെ മദിരാശിയിൽ പത്രപ്രവർത്തന ഡിപ്ലോമ കോഴ്‌സിനു ചേർന്നു.

പത്രപ്രവർത്തനം

ന്യൂസ് ഡസ്‌കിലാണ് ഏതാണ്ട് മുഴുവൻകാലം പ്രവർത്തിച്ചത്. വാർത്തയുടെ എഡിറ്റിങ്ങ്, പേജ് രൂപകല്പന, മുഖപ്രസംഗരചന തുടങ്ങിയ കാര്യങ്ങളിലാണ് അദ്ദേഹം കൂടുതൽ ശ്രദ്ധ ചെലുത്തിയിരുന്നത്. റിപ്പോർട്ടർ ആകാൻ അദ്ദേഹം ഒട്ടും താല്പര്യമെടുത്തിരുന്നില്ല. അക്കാലത്ത് മിക്ക പത്രങ്ങളും, നേതാക്കളുടെ പ്രസംഗം കേട്ടെഴുതി മുഴുവൻ രൂപത്തിൽ പ്രസിദ്ധപ്പെടുത്തുക എന്നതായിരുന്നു പത്രറിപ്പോർട്ടിങ്ങിനു നൽകിയിരുന്ന അർത്ഥം. ആ രീതിയോട് ആഭിമുഖ്യം ഇല്ലാതിരുന്നതുകൊണ്ടുകൂടിയാണ് വേണുഗോപാലൻ റിപ്പോർട്ടറാകാൻ താല്പര്യമെടുക്കാതിരുന്നത്.

പേജ് ഡിസൈനിങ്ങിൽ അദ്ദേഹം കൊണ്ടുവന്ന പരിഷ്‌കാരങ്ങൾ പലതും കാലത്തിനു വളരെ മുമ്പേ ആയിരുന്നു. ഇന്ദിരാഗാന്ധിയുടെ വധം, അദ്ദേഹം പ്രവർത്തിച്ചിരുന്ന മാതൃഭൂമിയുടെ തിരുവനന്തപുരം യൂണിറ്റിൽ പ്രസിദ്ധപ്പെടുത്തിയത് ഏറെ പുതുമയും ആകർഷണീയതയും ഉള്ള ഡിസൈനോടെ ആയിരുന്നു. ന്യൂഡൽഹിയിലെ ഇന്ദിരാഗാന്ധി മ്യൂസിയത്തിൽ അവരുടെ മരണവാർത്ത പ്രസിദ്ധപ്പെടുത്തിയ പത്രങ്ങളുടെ ഒന്നാം പേജ് പ്രദർശിപ്പിച്ച കൂട്ടത്തിൽ മാതൃഭൂമിയുടെ ഈ ഒന്നാം പേജും ഉണ്ട്. മാതൃഭൂമിയിൽ ഫോട്ടോ ജേണലിസത്തിന്റെയും സുവർണകാലമായിരുന്നു വേണുഗോപാലൻ ന്യൂസ് എഡിറ്ററായിരുന്ന നാളുകൾ. തിരുവനന്തപുരം മാതൃഭൂമി പ്രസ്സിലെ ആധുനിക സൗകര്യങ്ങളും അച്ചടിയിലെ നിറഭംഗിയും വലിപ്പമേറിയ കളർചിത്രങ്ങളും ഉപയോഗിച്ച് പത്ര ലേഔട്ടിൽ അദ്ദേഹം അത്ഭുതങ്ങൾ സൃഷ്ടിച്ചിരുന്നു.

ട്രേഡ് യൂണിയൻ രംഗം

പ്രൊഫഷനൽ ജേണലിസത്തിൽ മുഴുവൻ സമയം മുഴുകുമ്പോഴും പത്രപ്രവർത്തകരുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനും അവരുടെ സംഘടനാശേഷി വർദ്ധിപ്പിക്കുന്നതിനും ഉള്ള പ്രവർത്തനങ്ങൾക്കു പ്രാധാന്യം നൽകിയിരുന്നു വേണുഗോപാലൻ. മൂന്നു തവണ അദ്ദേഹം കേരള പത്രപ്രവർത്തക യൂണിയന്റെ ജനറൽ സിക്രട്ടറിയായിരുന്നിട്ടുണ്ട്്. ട്രേഡ് യൂണിയൻ എന്നാൽ അവകാശങ്ങൾ ചോദിക്കൽ മാത്രമാണ് എന്ന വിശ്വാസം പുലർത്തിയിരുന്നില്ല വേണുഗോപാലൻ. സംസ്ഥാനത്ത് ഉടനീളം പത്രപ്രവർത്തകർക്കു തൊഴിൽ പരിശീലനം നൽകുന്നതിന് ന്യൂസ് ക്രാഫ്റ്റ് എന്ന ഉപസംഘടനയ്ക്കു രൂപം നൽകിയത് അദ്ദേഹം യൂണിയൻ സിക്രട്ടറി ആയിരുന്നപ്പോഴാണ്. ഇതാണ് പിന്നീട് കേരള പ്രസ് അക്കാദമി(2015 മുതൽ കേരള മീഡിയ അക്കാദമി)യുടെ രൂപവൽക്കരണത്തിലേക്കു നയിച്ചത്. പത്രപ്രവർത്തകൻ എന്ന മുഖപ്രസിദ്ധീകരണം യൂണിയൻ ആരംഭിച്ചത് വേണുഗോപാലൻ ഭാരവാഹിത്വം വഹിച്ച വർഷമാണ്. യൂണിയൻ അക്കാലത്ത് ഒരു പുസ്തകപ്രസാധന വിഭാഗത്തിന് രൂപം നൽകിയെങ്കിലും അതു പിൽക്കാലത്ത് നിലനിന്നില്ല.

ഗ്രന്ഥരചന

ടി.വേണുഗോപാലന്റെ ഏറ്റവും ശ്രദ്ധേയമായ സംഭാവന സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയുടെ ഒരു സമഗ്ര ജീവചരിത്രഗ്രന്ഥം ആണ്. 850ലേറെ പേജുകളുള്ള സ്വദേശാഭിമാനി രാജദ്രോഹിയായ രാജ്യസ്‌നേഹി എന്ന കൃതി അദ്ദേഹം രചിച്ചത് അനേകവർഷം നീണ്ട ഗവേഷണത്തിലൂടെയാണ്. ഉദ്യോഗകാലാവധി തീരുംമുമ്പ് മാതൃഭൂമിയിൽനിന്ന് സ്വയംവിരമിച്ചാണ് അദ്ദേഹം ഇതു ചെയ്തത്. രാമകൃഷ്ണപിള്ളയെക്കുറിച്ചു രചിക്കപ്പെട്ട ഏറ്റവും സമഗ്രമായ ജീവചരിത്രകൃതിയാണ് ഇത്.

പത്രപ്രവർത്തകർക്ക് തൊഴിൽപരമായ അറിവ് നൽകുന്നതിനു വേണ്ടി അദ്ദേഹവും അക്കാലത്ത് മലയാള മനോരമ ന്യൂസ് എഡിറ്ററായിരുന്ന തോമസ് ജേക്കബ്ബും ചേർന്നു രചിച്ച നാട്ടുവിശേഷം, ഡോ.സുകുമാർ അഴീക്കോടിന്റെ കൃതികളെ വിമർശിക്കുന്ന പ്രഭാഷകന്റെ വിമർശനസാഹിത്യത്തിലൂടെ എന്നിവയുമാണ് വേണുഗോപാലന്റെ മറ്റു രചനകൾ.

മറ്റു ചുമതലകൾ

പുസ്തകരചന പൂർത്തിയാക്കിയ ശേഷം വേണുഗോപാലൻ മാധ്യമം പത്രത്തിന്റെ എഡിറ്റോറിയൽ കൺസൾട്ടന്റ് ആയും മംഗളം പത്രത്തിന്റെ കോഴിക്കോട്ടെ റസിഡന്റ് ആയും തൃശ്ശൂരിലെ എക്‌സ്പ്രസ്[പ്രവർത്തിക്കാത്ത കണ്ണി] പത്രത്തിന്റെ അസോസിയേറ്റ് എഡിറ്റർ ആയും പ്രവർത്തിച്ചിട്ടുണ്ട്. ഏഷ്യാനെറ്റ്് ചാനലിന്റെ ആരംഭകാലത്ത് പത്രവിശേഷം എന്ന മാധ്യമവിമർശന പംക്തി ബി.ആർ.പി.ഭാസ്‌കർക്കൊപ്പം അവതരിപ്പിച്ചു. കലിക്കറ്റ് പ്രസ് ക്ലബ്ബിന്റെ കീഴിലുള്ള ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് കമ്യൂണിക്കേഷൻ ആന്റ്് ജേണലിസത്തിന്റെ സ്ഥാപക ഡയറക്റ്ററും ആണ് അദ്ദേഹം.

പുരസ്‌കാരം

കേരളത്തിലെ ഏറ്റവും ഉയർന്ന പത്രപ്രവർത്തക ബഹുമതിയായ, സംസ്ഥാനസർക്കാർ ഏർപ്പെടുത്തിയ സ്വദേശാഭിമാനി-കേസരി പുരസ്‌കാരത്തിന് ആദ്യം തിരഞ്ഞെടുക്കപ്പെട്ടത് ടി.വേണുഗോപാലനാണ്. അദ്ദേഹത്തിന്റെ സ്വദേശാഭിമാനി- രാജേദ്രാഹിയായ രാജ്യസ്‌നേഹി എന്ന കൃതിക്കു കേരള സാഹിത്യ അക്കാദമി പുരസ്‌കാരം ലഭിച്ചിരുന്നു.

2012 ആഗസ്ത് മൂന്നിന് കോഴിക്കോട്ട് അന്തരിച്ചു.

അവലംബം പുറത്തേക്കുള്ള ലിങ്കുകൾ


ടി.വേണുഗോപാലൻ- വിദ്യാധിരാജ സേവാസമിതി സൈറ്റിലെ ലേഖനം https://www.facebook.com/svssonline/posts/1286853711356179:0

കുലപതിയും കാമുകനും- മീഡിയ മാഗസീൻ ലേഖനം Archived 2014-11-09 at the Wayback Machine.

ചരമവാർത്ത ജന്മഭൂമിയിൽ http://www.janmabhumidaily.com/news67897[പ്രവർത്തിക്കാത്ത കണ്ണി]

   http://www.mathrubhumi.com/online/malayalam/news/story/810507/2011-02-27/kerala Archived 2012-08-07 at the Wayback Machine.   
   http://images.mathrubhumi.com/pdf/venukurup.pdf 
   http://kabeena1.blogspot.in/2012/08/tvenukurup-k-beena.html 
   Article published in Samakaleena Malayalam on 17 Aug. 2012 (PDF)[പ്രവർത്തിക്കാത്ത കണ്ണി]
"https://ml.wikipedia.org/w/index.php?title=ടി._വേണുഗോപാലൻ&oldid=3804680" എന്ന താളിൽനിന്ന് ശേഖരിച്ചത്