പ്രശസ്ത മൃദംഗ, ഘടം വിദ്വാനായിരുന്നു ടി.വി. വാസൻ (13 ആഗസ്റ്റ് 1949 - 29 സെപ്റ്റംബർ 2010).

ജീവിതരേഖ തിരുത്തുക

1949 ഓഗസ്റ്റ് 13-ന് തൃപ്പൂണിത്തുറ ഭാഗവതർ മഠത്തിൽ വിശ്വനാഥ ഭാഗവതരുടെയും മീനാക്ഷിയമ്മാളിന്റെയും ഇളയ മകനായി ജനിച്ചു. പ്രശസ്ത സംഗീതജ്ഞൻ ടി.വി. ഗോപാലകൃഷ്ണൻ, വയലിൻ വിദ്വാൻ ടി.വി. രമണി എന്നിവർ സഹോദരങ്ങളാണ്. മൂന്നാം വയസ്സിൽ ജ്യേഷ്ഠൻ ടി.വി. ഗോപാലകൃഷ്ണനിൽ നിന്ന് സംഗീതം അഭ്യസിച്ചു. ഏഴാം വയസ്സിൽ മൃദംഗത്തിൽ ആകൃഷ്ടനായി. പ്രൊഫ. വേലുക്കുട്ടി നായർ, മാവേലിക്കര കൃഷ്ണൻകുട്ടി നായർ എന്നിവരുടെ ശിക്ഷണത്തിൽ മൃദംഗവും ഘടവും അഭ്യസിച്ചു. പാലക്കാട് മണിഅയ്യർ, മൃദംഗവിദ്വാൻ കാരൈക്കുടി ആർ. മണി എന്നിവർക്കൊപ്പം കച്ചേരികളിൽ പങ്കെടുത്തു. ഗുരുവും സഹോദരനുമായ ടി.വി. ഗോപാലകൃഷ്ണനൊപ്പം 13-ാം വയസ്സിൽ ചെമ്പൈക്കു വേണ്ടി മുംബൈയിൽ മൃദംഗം വായിച്ചിട്ടുണ്ട്. ശെമ്മാങ്കുടിക്കൊപ്പവും കച്ചേരിയിൽ പിന്നണി വായിച്ചു.[1] ആകാശവാണിയിൽ എ ഗ്രേഡ് കലാകാരനായ വാസൻ വിദേശങ്ങളിലടക്കം 3100 കച്ചേരികൾ അവതരിപ്പിച്ചിട്ടുണ്ട്. തിരുപ്പതിയിൽ ശ്രീനിവാസന്റെ വീണക്കച്ചേരിയിലാണ് അവസാനം പങ്കെടുത്തത്. ആകാശവാണിയിൽ മംഗലാപുരത്തും ചെന്നൈയിലുമായി 30 വർഷം പ്രവർത്തിച്ചു. ആകാശവാണി ഗായകരുടെ പ്രകടനം വിലയിരുത്താനുള്ള ജൂറി അംഗമായിരുന്നു.

പുരസ്കാരം തിരുത്തുക

  • കേരള സംഗീതനാടക അക്കാദമി അവാർഡ്
  • അക്കാദമി ഫെല്ലോഷിപ്പ്
  • നാരദഗാനസഭയുടെ നാരദമണി പുരസ്‌കാരം
  • കാഞ്ചി കാമകോടി പീഠത്തിന്റെ ആസ്ഥാന വിദ്വാൻ പദവി
  • മൃദംഗചക്രവർത്തി പുരസ്‌കാരം

1993-ൽ ബെർലിനിൽ നടന്ന ലോകസംഗീതമേളയിൽ പങ്കെടുത്തു.

അവലംബം തിരുത്തുക

  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2011-01-20. Retrieved 2012-10-17.
"https://ml.wikipedia.org/w/index.php?title=ടി.വി._വാസൻ&oldid=3632813" എന്ന താളിൽനിന്ന് ശേഖരിച്ചത്