ടിപ്പു സുൽത്താൻ്റെ സുവർണ സിംഹാസനം

ടിപ്പു സുൽത്താന്റെ ആസ്ഥാനമായിരുന്ന ശ്രീരംഗപട്ടണം പിടിച്ചശേഷം , ഈസ്റ്റ് ഇന്ത്യ കമ്പനി അദ്ദേഹത്തിന്റെ സുവർണ സിംഹാസനം പൊളിച്ചു കടത്തിയെന്നാണു ചരിത്രരേഖ .

ബ്രിട്ടിഷ് രാജാവിനു സിംഹാസനം സമ്മാനിക്കണമെന്ന് അന്നത്തെ ഗവർണർ ജനറൽ വെല്ലസ്ലി പ്രഭു ആഗ്രഹിച്ചെങ്കിലും യുദ്ധമുതലുകൾ വീതിക്കുന്ന കമ്മിറ്റി ഏജന്റുമാർ ഇതു കഷണങ്ങളാക്കി കടത്തി . കടുവയുടെ മുകളിൽ അഷ്ടകോൺ പീഠമുറപ്പിച്ച നിലയിലുള്ള സിംഹാസനം സ്വർണ പാളികൾ പൊതിഞ്ഞ് അപൂർവ രത്നങ്ങൾ പതിച്ചതായിരുന്നു .

ഇതിൽ മുൻഭാഗം അലങ്കരിച്ചിരുന്ന വലിയ കടുവത്തലയും പടവുകളുടെ വശത്തു പതിച്ചിരുന്ന 2 ചെറിയ കടുവത്തലകളുമാണ് അവശേഷിക്കുന്നത്.


മൂന്നും സ്വർണത്തിൽ നിർമിച്ച് രത്നം പതിച്ചവയാണ് . വലിയ കടുവത്തല ബ്രിട്ടിഷ് രാജാവ് ജോർജ് മൂന്നാമന്റെ ഭാര്യ ഷാർലറ്റ് രാജ്ഞിക്കു ലഭിച്ചത്, വിൻസർ കൊട്ടാരത്തിലുണ്ട്. ചെറുതലകളിലൊന്ന് യുകെയിലെ പോവിസ് കൊട്ടാരത്തിലും രണ്ടാമത്തേത് സ്വകാര്യ വ്യക്തിയുടെ കയ്യിലുമാണ്.