ടാപ് നൃത്തം
ഒരു അമേരിക്കൻ തിയെറ്റർ നൃത്തമാണ് ടാപ് നൃത്തം. ഷൂ ധരിച്ച പാദങ്ങൾ താളത്തിനൊപ്പിച്ച് നിലത്തുചവുട്ടി ശബ്ദം പുറപ്പെടുവിക്കുകയാണ് ഇതിന്റെ മുഖ്യസ്വഭാവം. ആഫ്രിക്കൻ നീഗ്രോകളുടെ ചുവടുനൃത്തത്തെ അനുകരിച്ച് വെള്ളക്കാർ നീഗ്രോകളെപ്പോലെ മുടി കറുപ്പിച്ചശേഷം അവതരിപ്പിച്ചിരുന്ന 'മിനിസ്ട്രൽ ഷോ'കളിൽ നിന്നാണ് ഈ നൃത്തരൂപം ജന്മം കൊണ്ടതെന്നു കരുതപ്പെടുന്നു.
ചരിത്രം
തിരുത്തുകഏതാണ്ട് എ.ഡി. 1650 മുതലിങ്ങോട്ടുള്ള രണ്ടു ശതാബ്ദം കൊണ്ടാണ് ടാപ് നൃത്തം നിയത രൂപഭാവങ്ങളാർജിച്ചത്. വിഭിന്നരാജ്യങ്ങളിൽ നിലനിന്നിരുന്ന ഒട്ടനവധി പരമ്പരാഗത ചുവടുനൃത്തങ്ങളിൽ നിന്ന് പല ഘടകങ്ങളും സ്വീകരിച്ചുകൊണ്ടാണ് ഈ നൃത്തവിശേഷം പിറന്നത്. ഐറിഷ് സ്റ്റെപ് ഡാൻസ്, ഇംഗ്ലീഷ് ക്ലോഗ് ഡാൻസ്, സ്കോട്ടിഷ് ഫ്ളിങ്സ് എന്നിവയാണ് ആഫ്രിക്കൻ ചുവടുനൃത്തത്തോടൊപ്പം ടാപ് നൃത്തത്തിൽ സ്വാംശീകരിക്കപ്പെട്ടിട്ടുള്ളത്. രണ്ടു ശതകത്തോളം നീണ്ട പരിണതികൾക്കൊടുവിൽ 1828-ൽ തോമസ് റൈഡിലൂടെ (1808-60) ആധുനിക ടാപ് നൃത്തം നിലവിൽവന്നു.
മുഖ്യധാരകൾ
തിരുത്തുക1739-ലെ അടിമകലാപം മൂലം പ്രതിസന്ധിയിലായ നീഗ്രോ നൃത്തം പുതിയൊരു രൂപത്തിൽ പുനർജനിച്ചതാണ് ടാപ് നൃത്തം എന്നും അഭിപ്രായമുണ്ട്. പത്തൊൻപതാം ശതകത്തിന്റെ ആദ്യകാലത്ത് റാൽഫ് കീലറിലൂടെയും ഡാനിയേലിലൂടെയും ലിഞ്ച് ആൻഡ് ഡയമണ്ടിലെ നർത്തകരിലൂടെയും വളർന്നു വികസിച്ച ഈ നൃത്തം നൂറ്റാണ്ടിന്റെ അന്ത്യമായതോടെ കൂടുതൽ സങ്കേതബദ്ധമാവുകയും രണ്ട് മുഖ്യധാരകളായി ഒഴുകിപ്പരക്കുകയും ചെയ്തു. അതിചടുലമായ ചുവടുവയ്പുകളോടുകൂടിയ 'ബക് ആൻഡ് വിങ്' ആണ് ഒരിനം. ഇതിൽ നർത്തകർ തടിസോളുള്ള ഷൂ ധരിക്കുകയും രംഗനിലത്ത് ആഞ്ഞുചവിട്ടി വൻശബ്ദത്തിൽ താളം പുനഃസൃഷ്ടിക്കുകയും ചെയ്യും. ഡോയ് ൽ, ഡിക്സൻ എന്നിവരായിരുന്നു ഈ ശാഖയിലെ ആദ്യകാല പ്രമുഖനർത്തകർ. താരതമ്യേന മൃദുവായ ടാപ് നടനസരണിയാണ് 'സോഫ്റ്റ് ഷൂ'. ഇതിൽ പിരിമുറുക്കം കുറഞ്ഞ താളത്തിൽ മെല്ലെ പാദങ്ങളമർത്തിയാണ് നൃത്തം ചെയ്യുക. ജോർജ് പ്രിമ്റോസ് ആണ് ഈ രീതിയിലെ ആദ്യകാല പ്രയോക്താക്കളിൽ പ്രമുഖൻ. നിയതരൂപം കൈവരിച്ചതോടെ ടാപ് നൃത്തത്തിന് നിശ്ചിത പേരുകളിലറിയപ്പെടുന്ന താളച്ചുവടുകളും നിശ്ചിതമായി. ബ്രപ്പ്, ഫ്ളോപ്, ഷഫിൾ, ബാൾചെയ്ഞ്ച്, ക്രാംപ്റോൾ എന്നിവ അത്തരത്തിലുള്ള ഏതാനും താളച്ചുവടുകളാണ്. പാദം രംഗത്തറയിൽ ചേർത്തുവച്ചോ, മുന്നോട്ടുരച്ചുനീക്കിയോ, ചവുട്ടി വശത്തേക്കു തെന്നിച്ചോ, പിന്നിലേക്കു ശബ്ദത്തോടെ ചവുട്ടി നീക്കിയോ ഒക്കെയാണ് ഈ താളച്ചുവടുകൾ സാക്ഷാത്ക്കരിക്കുക. പാദതാളത്തോടൊപ്പം കൈകൊട്ടിയും താളമിടാറുണ്ട്.
പരിഷ്കാരങ്ങൾ
തിരുത്തുകടാപ് നർത്തകർ ധരിക്കുന്ന ഷൂസിൽ ലോഹത്തകിടു കൊണ്ടുള്ള സോൾ നിലവിൽ വന്നത് 1912-ലാണെന്നും 1920-ലാണെന്നും രണ്ട് അഭിപ്രായമുണ്ട്. എങ്ങനെയായാലും 1910-നും 25-നും ഇടയ്ക്കാണ് അതു നിലവിൽ വന്നതെന്ന് അനുമാനിക്കപ്പെടുന്നു. അതുവരെ പൊതുവേ തുകൽസോളുള്ള ഷൂകളായിരുന്നു ഉപയോഗിച്ചിരുന്നത്. ബില്ലും റോബിൻസനുമാണ് ഈ പരിഷ്കാരം നടപ്പിലാക്കിയത്. 1930-ൽ സങ്കേതപരമായ ചില പരിഷ്കാരങ്ങൾ വരുത്തിക്കൊണ്ട് ഇതിനെ കോറൽ ഡാൻസിൽ ഉൾപ്പെടുത്തി. 1940-ലും ചില പരിഷ്കാരങ്ങൾ നിലവിൽ വന്നു. പ്രധാനമായും ബാലെയിൽ നിന്നുള്ള ചില ഘടകങ്ങളാണ് അക്കാലത്ത് ടാപ് നൃത്തത്തിൽ ഉൾക്കൊള്ളിച്ചിരുന്നത്. അതോടെ ഒരു താള-ദൃശ്യവിരുന്നായി മാറിയ ഈ കലാരൂപത്തിന് ചലച്ചിത്രങ്ങളിലും സ്ഥാനം ലഭിച്ചു. ഈ കാലഘട്ടത്തിലെ പ്രമുഖ നർത്തകർ ഫ്രെഡ് ആസ്ടെയർ, ജീൻ കെല്ലി, റേ ബോൾഗെർ, ജിഞ്ചർ റോഹേഴ്സ്, പവ്വൽ എന്നിവരായിരുന്നു. ഇവരിൽ ഫ്രെഡ് ആസ്ടെയർ അമേരിക്കയിലെ എക്കാലത്തെയും മികച്ച ടാപ് നർത്തകനായാണ് അറിയപ്പെടുന്നത്. മോർട്ടൻ ഗോൾഡ് എ കൺസെർട്ടോ ഫോർ ടാപ്ഡാൻസ് രചിച്ചതോടെയാണ്, ഓർക്കെസ്ട്രയിലും ഇത് പ്രത്യക്ഷപ്പെട്ടു തുടങ്ങിയത്.[1] പോൾ ഡ്രോപ്പർ ക്ലാസ്സിക്കൽ കൺസേർട്ടുകളിലും ആധുനികജാസിലും ഒരുപോലെ അവതരിപ്പിച്ചുകൊണ്ട് ടാപ് നൃത്തത്തിന്റെ ലോകം വിപുലമാക്കി.
1962-ൽ നടന്ന ന്യൂപോർട്ട് ജാസ് ഫെസ്റ്റിവൽ ടാപ് നൃത്ത ത്തിന് പുത്തനുണർവു നൽകി. അതിന്റെ അനന്തരഫലമാണ് 1970-കളിൽപ്പിറന്ന 'ജാസ് ടാപ്' അഥവാ 'റിഥം ടാപ്' എന്ന സവിശേഷ ടാപ് നൃത്തം. '80-കളിൽ വർണപ്പകിട്ടാർന്ന വേഷവിധാനങ്ങൾ ടാപ്നർത്തകർ ഉപയോഗിക്കുവാൻ തുടങ്ങി. അക്കാലത്ത് അമേരിക്കയിൽ ദേശീയ ടാപ് നൃത്തോത്സവങ്ങൾ നടത്തുക പതിവായിത്തീർന്നു. '90-കളിൽ നൃത്തസംഗീതരംഗത്തുണ്ടായ ചടുലമായ മാറ്റങ്ങൾക്കനുസൃതമായി ടാപ് നൃത്തവും മാറുകയുണ്ടായി. ആ മാറ്റങ്ങൾക്ക് നേതൃത്വം വഹിച്ചവരിൽ പ്രമുഖൻ സാവിയോൺ ഗ്ലോവർ ആണ്. 1996-ൽ അദ്ദേഹം അവതരിപ്പിച്ച നവീന ടാപ് നൃത്തത്തെ 'പവർ ടാപ്' എന്നാണ് വിമർശകർ വിശേഷിപ്പിച്ചത്.
പ്രശസ്ത ടാപ്പ് നർത്തകർ
തിരുത്തുകപാറ്റ് റുനെ, ജോർജ് എം.കേഹൻ, ജോണി ബോലെ, ടോം പാട്രികോള, ബിൽ റോബിൻസൺ എന്നിവർ ടാപ് നൃത്തം നവീകരിക്കുന്നതിൽ ഏറെ സംഭാവനകൾ ചെയ്തിട്ടുള്ളവരാണ്.
അവലംബം
തിരുത്തുക- ↑ The Origin Of Tap Dance, Beholders.org
പുറം കണ്ണികൾ
തിരുത്തുക- International Tap Dance Association International organization to promote and educate the public about tap dance.
- The Origin of Tap Dance Archived 2014-12-09 at the Wayback Machine.
- United Taps Tap Dance Resource and Guide Tap dance video dictionary, syllabus, classes, and combinations.
- Tap Moves Archived 2011-07-16 at the Wayback Machine. A collection of tap steps and moves on video, free to watch.
- TheatreDance All About Tap Dance
- Tap Dancing Archived 2011-06-10 at the Wayback Machine. at the Open Directory Project
- Wonderful interview with Donald O'Connor on the history of tap dancing
}}