അഗ്നിപർവതജന്യ ക്ഷാരീയ പദാർഥങ്ങൾ ഘനീഭവിച്ച് രൂപം കൊള്ളുന്ന ശിലയെ ടഫ് എന്നു പറയുന്നു. അഗ്നിപർവത വിസ്ഫോടനത്തിന്റെ ഫലമായി ഭൗമാന്തർഭാഗത്തുനിന്നു വിസർജിക്കപ്പെടുന്ന പൈറോക്ലാസ്റ്റിക് പദാർഥങ്ങളുടെ സാന്ദ്രീകരണം മൂലം രൂപാന്തരം പ്രാപിക്കുന്ന എല്ലാ ശിലകളെയും പൊതുവേ ടഫ് എന്ന് വിളിക്കാറുണ്ടെങ്കിലും, നിയതാർഥത്തിൽ 4 മീറ്ററിന് താഴെ മാത്രം വലിപ്പമുള്ള ക്ഷാരീയ ഘടകങ്ങളിൽ നിന്നു രൂപംകൊള്ളുന്ന ശിലയാണ് യഥാർഥ ടഫ്.

ന്യൂ മെക്സിക്കോയിലുള്ള ഒരു ടഫ്

ശിലാഘടകങ്ങളുടെ വലിപ്പവ്യത്യാസത്തെ ആസ്പദമാക്കി ടഫിനെ മൂന്നായി വർഗീകരിച്ചിരിക്കുന്നു.

  1. ലാപില്ലി ടഫ് (Lapilli Tuff),
  2. അഗ്നിപർവതബ്രസിയ
  3. അഗ്ലോമെറേറ്റ്

ശിലാരൂപാന്തരംതിരുത്തുക

ലാവയിൽ ലയിച്ചുചേർന്നിരിക്കുന്ന വാതകാംശത്തിന്റെ പരിമാണമാണ് വിസ്ഫോടനത്തിന്റെ തീവ്രതയെയും അടിസ്ഥാനഘടകപദാർഥങ്ങളുടെ വലിപ്പത്തെയും നിർണയിക്കുന്ന പ്രധാന ഘടകം. സാന്ദ്രതയും ഭാരവും കൂടിയ പൈറോക്ലാസ്റ്റിക പദാർഥങ്ങൾ അഗ്നിപർവത നാളിക്കു സമീപം നിക്ഷേപിക്കപ്പെടുമ്പോൾ, ഭാരം കുറഞ്ഞവ വായുപ്രവാഹത്തിന്റെ ഗതിക്കനുസൃതമായി നീക്കം ചെയ്യപ്പെടുകയും ആയിരത്തിലധികം കിലോമീറ്റർ അകലെ വരെ നിക്ഷേപിക്കപ്പെടുകയും ചെയ്യുന്നു. കാറ്റിനാൽ നീക്കം ചെയ്യുന്ന ക്ഷാരീയ പദാർഥങ്ങളിൽ ഗണ്യമായൊരളവ് സമുദ്രത്തിൽ ചെന്നടിയാറുണ്ട്. ഇവയിൽ ഭൂരിഭാഗവും പിൽക്കാലത്ത് ഷേയ് ൽ, മണൽക്കല്ല്, ചുണ്ണാമ്പുകല്ല് തുടങ്ങിയ ശിലകളുടെ ഭാഗമായിത്തീരുന്നു. വരണ്ട ഭൂപ്രദേശങ്ങളിലും മറ്റും നിക്ഷേപിക്കപ്പെടുന്ന ക്ഷാരീയ പദാർഥങ്ങൾ മഴവെള്ളവും നദീജലവും നടത്തുന്ന അപരദനത്തിന് വിധേയമായി സമുദ്രത്തിന്റെ അടിത്തട്ടിലേക്ക് നീക്കം ചെയ്യപ്പെടുകയും കാലാന്തരത്തിൽ ഹൈബ്രിഡ് ടഫ് എന്ന സ്തരീകൃത അവസാദശിലയായി രൂപാന്തരം പ്രാപിക്കുകയും ചെയ്യുന്നു.

രാസസംയോഗംതിരുത്തുക

രാസസംയോഗത്തിന്റെ അടിസ്ഥാനത്തിൽ ടഫിനെ മൂന്നിനങ്ങളായി വിഭജിക്കാം.

  1. റൈയോളിറ്റിക് ടഫ്
  2. ട്രക്കിറ്റിക് ടഫ്
  3. അൻഡിസിറ്റിക് ടഫ്.

ടഫിലെ സ്ഫടികശിലാഘടകങ്ങളുടെ അനുപാതമാണ് ഈ ശിലയുടെ വർഗീകരണത്തിന് ആസ്പദമായ മറ്റൊരുപാധി.

ദ്രവലാവയുടെ വിസ്പോടനംതിരുത്തുക

സ്ഫടിക-ശിലാഘടകങ്ങളുടെ അനുപാതത്തെ അടിസ്ഥാനപ്പെടുത്തി ടഫിനെ മൂന്നായി തരംതിരിച്ചിട്ടുണ്ട്.

  1. വിട്രിക് ടഫ്
  2. ക്രിസ്റ്റൽ ടഫ്
  3. ലിഥിക് ടഫ്

വിട്രിക് ടഫ്തിരുത്തുക

ദ്രവലാവയുടെ (liquid lava)[1] വിസ്ഫോടനഫലമായാണ് വിട്രിക് ടഫ് രൂപംകൊള്ളുന്നത്.

ക്രിസ്റ്റൽ ടഫ്തിരുത്തുക

ലാവയിൽ അന്തർലീനമായിരിക്കുന്ന വികസിത ക്രിസ്റ്റലുകൾ വിസ്ഫോടനത്തിന്റെ ആഘാതത്താൽ ഛിന്നഭിന്നമാകുകയും അവയുടെ അതിസൂക്ഷ്മ ഘടകങ്ങൾ ഘനീഭവിക്കുകയും ചെയ്യുന്നതിന്റെ ഫലമായാണ് ക്രിസ്റ്റൽ ടഫ് ഉണ്ടാകുന്നത്.

ലിഥിക് ടഫ്തിരുത്തുക

അഗ്നിപർവതസ്ഫോടനത്താൽ ചിതറിത്തെറിക്കുന്ന ഖരശിലയുടെ വിഘടിതശകലങ്ങളാണ് ലിഥിക് ടഫിലെ അടിസ്ഥാനഘടകങ്ങൾ. ഖരശിലാഘടകങ്ങൾക്കു പുറമേ അവസാദ-കായാന്തരശിലകളുടെ അവശിഷ്ടങ്ങളും ഇതിൽ ചേരാറുണ്ട്.

മാറ്റത്തിനുവിധേയംതിരുത്തുക

ടഫ് ഉൾപ്പെടെയുള്ള ക്ഷാരീയ നിക്ഷേപങ്ങൾ മാറ്റത്തിന് വിധേയമാകാനുള്ള പ്രവണത വളരെ കൂടുതൽ പ്രദർശിപ്പിക്കുന്നു. ടഫിലെ നല്ലൊരു ശതമാനം സ്ഫടികാംശം അതിസൂക്ഷ്മ സിലിക്കയോ, ഫെൽസ്പാറോ ആയി പുനഃക്രിസ്റ്റലീകരണത്തിനു വിധേയമാകുമ്പോൾ, റൈയോളിറ്റിക് സ്ഫടികം ക്ലേ ധാതുക്കളായി പരിവർത്തനം ചെയ്യപ്പെടുകയും ബെൻടൊണൈറ്റ് (Bentonite)[2] എന്ന ശില രൂപം കൊള്ളുകയും ചെയ്യുന്നു. തവിട്ടുനിറമുള്ള ബസാൾട്ടിക് സ്ഫടികം ജലവുമായി സംയോജിക്കുമ്പോൾ മഞ്ഞനിറത്തിലുള്ള പലഗൊണൈറ്റ് ഉണ്ടാവുക സ്വാഭാവികമാണ്.

അവലംബംതിരുത്തുക

പുറത്തേക്കുള്ള കണ്ണികൾതിരുത്തുക

 കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ ടഫ് എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.
"https://ml.wikipedia.org/w/index.php?title=ടഫ്&oldid=2282766" എന്ന താളിൽനിന്ന് ശേഖരിച്ചത്