ലത്തീൻ കത്തോലിക്കാ സഭയുടെ ഉദയപ്പൂർ രൂപതയിലെ മെത്രാൻ. കോട്ടയം ജില്ലയിലെ നെടുംകുന്നം സ്വദേശി.

പശ്ചാത്തലംതിരുത്തുക

നെടുംകുന്നം പതാലിൽ സ്കറിയ സ്കറിയ-ഏലിയാമ്മ ദമ്പതികളുടെ മകനായി 1937 ജനുവരി 26ന് ജനിച്ചു. ചെറുപ്പത്തിൽ മിഷൻ ലീഗ്‌ ഉൾപ്പെടെയുള്ള ഭക്ത സംഘടനകളിൽ സജീവമായി പ്രവർത്തിച്ചിരുന്നു.

1949-ൽ അജ്മീർ രൂപതാ മിഷനിലേക്ക്‌ വൈദികാർത്ഥികളെ തെരഞ്ഞെടുക്കാനെത്തിയ വൈദികരെ കണ്ടുമുട്ടിയതിനെത്തുടർന്നാണ്‌ പ്രേഷിത പ്രവവർത്തനത്തോട്‌ ആഭിമുഖ്യം വർദ്ധിച്ചത്.

പൗരോഹിത്യംതിരുത്തുക

അജ്മീർ മിഷനിൽ വൈദികാർത്ഥിയായി ചേർന്ന അദ്ദേഹം 1963 സെപ്റ്റംബർ 21-ന്‌ പൗരോഹിത്യം സ്വീകരിച്ചു. അജ്മീർ-ജയ്പൂർ രൂപതയിലെ മിഷൻ പ്രവർത്തനങ്ങളിൽ പങ്കാളിയാകുന്നതിനു മുൻപ്‌ രാജസ്ഥാനിലെ ഉൾനാടൻ മിഷൻ മേഖലയായ മാസ്ക - മഹുഡിയിൽ പ്രവർത്തിച്ചു. മഹുഡിയിലെ മൂന്നു വർഷത്തെ സേവനത്തിനൊടുവിൽ ഫാ. ജോസഫിന്‌ ഒരു മിഷൻ കേന്ദ്രത്തിന്റെ സ്വതന്ത്ര ചുമതല ലഭിച്ചു. അമ്പപ്പാഡ മിഷൻ കേന്ദ്രത്തിൽ ആറു വർഷവും ദുംഗർപൂരിൽ പന്ത്രണ്ടു വർഷവും സേവനമനുഷ്ടിച്ചു.

മെത്രാൻപദത്തിൽതിരുത്തുക

1984-ൽ അജ്മീർ - ജയ്പൂർ രൂപത വിഭജിച്ച്‌ ഉദയപ്പൂർ രൂപത രൂപവത്കരിച്ചപ്പോൾ പ്രഥമ ബിഷപ്പായി ഫാ. ജോസഫ്‌ പതാലിൽ നിയുക്തനായി. 1985-ഫെബ്രുവരി പതിനാലിന്‌ അജ്മീർ - ജയ്പൂർ രൂപതാ ബിഷപ്‌ ഡോ. ഇഗ്നേഷ്യസ്‌ മെനേസിസ്‌ മുഖ്യ കാർമ്മികനും ചങ്ങനാശേരി ആർച്ച് ബിഷപ്പായിരുന്ന മാർ ആൻറണി പടിയറ, ആഗ്ര ആർച്ച് ബിഷപ്പ് ഡോ. സെസിൽ ഡിസ, ബിഷപ്‌ ലിയോ ഡിമെല്ല തുടങ്ങിവർ സഹകാർമികരുമായിരുന്ന ശുശ്രൂഷയിൽ അദ്ദേഹം അഭിഷിക്തനായി.

ഉദയപ്പൂർ രൂപതതിരുത്തുക

കഴിഞ്ഞ പന്ത്രണ്ടു വർഷമായി ഉദയപ്പൂരിലെ ഇടവകകളിൽ ക്രിസ്തീയ സമൂഹങ്ങൾ സജീവമായി പ്രവർത്തിച്ചുവരുന്നു. രൂപതക്കു കീഴിൽ ഇരുപതോളം സ്കൂളുകളുണ്ട്. വികസന പദ്ധതികൾ താരതമ്യേന കുറവായ മേഖലയിൽ ജനകീയ സംരംഭങ്ങളിലൂടെ വികസനം യാഥാർത്ഥ്യമാക്കുന്നതിന്‌ വൈദികരും സാമൂഹ്യപ്രവർത്തകരും സജീവമായി പ്രവർത്തിച്ചുപോരുന്നു.

പ്രാരംഭ ഘട്ടത്തിൽ ആകെ 20 വൈദികർ മാത്രമുണ്ടായിരുന്ന രൂപതയിൽ പിന്നീട്‌ ഒരു മൈനർ സെമിനാരി സ്ഥാപിച്ചു. ഇപ്പോൾ മുപ്പതിലേറെ ഇടവകകളിലായി മിഷനറിമാർ ഉൾപ്പെടെ ആകെ 56 വൈദികരുണ്ടണ്ട്‌. ഇതിൽ പകുതിയിലേറെപ്പേർ ആദിവാസി കുടുംബങ്ങളിൽനിന്നുള്ളവരാണ്‌. വിശ്വാസികളുടെ എണ്ണം 1985-ലെ 20,000ൽനിന്ന്‌ 37,000ആയി വർദ്ധിച്ചെങ്കിലും 2001 -ൽ ഉദയപ്പൂർ രൂപതയിലെ നാല്‌ ഇടവകകൾകൂടി ഉൾപ്പെടുത്തി ജാബുവ രൂപത രൂപവത്കരിച്ചതോടെ വീണ്ടും 20,000 ആയി കുറഞ്ഞു. 2002 ഒക്ടോബറിൽ ഇന്ത്യയിലെ അപ്പസ്തോലിക്‌ നുൺഷോ ആർച്ച് ബിഷപ്പ് ലോറെൻസോ ബാൽദിസേരി പാസ്റ്ററൽ സെൻറർ, സോഷ്യൽ സർവീസ്‌ സെൻറർ എന്നിവയും ഇവിടെ പ്രവർത്തിച്ചുവരുന്നു.

"https://ml.wikipedia.org/w/index.php?title=ജോസഫ്_പതാലിൽ&oldid=3509150" എന്ന താളിൽനിന്ന് ശേഖരിച്ചത്