‘’’ജെർട്രൂഡ് കരോലിൻ എഡേൾ’’’ (ഒക്റ്റോബർ 23, 1905 – നവംബർ 30, 2003) ഒരു അമേരിക്കൻ നീന്തൽ താരമായിരുന്നു. 1926 ഓഗസ്റ്റ് 6-ന് ഇംഗ്ലീഷ് ചാനൽ നീന്തിക്കടന്ന ആദ്യ വനിത എന്ന ബഹുമതി നേടി. ‘’’ക്വീൻ ഓഫ് വേവ്സ്’’’ അഥവാ തിരമാലകളുടെ റാണി എന്ന് മാധ്യമങ്ങൾ ഇവരെ വിശേഷിപ്പിച്ചു [1].

ജെർട്രൂഡ് എഡേൾ
വ്യക്തിവിവരങ്ങൾ
മുഴുവൻ പേര്ജെർട്രൂഡ് കരോലിൻ എഡേൾ
വിളിപ്പേര്(കൾ)"ട്രൂഡി," "ജെർടീ"
National team അമേരിക്കൻ ഐക്യനാടുകൾ
ജനനം(1905-10-23)ഒക്ടോബർ 23, 1905
മാൻഹാട്ടൻ, ന്യൂയോർക്ക്
മരണംനവംബർ 30, 2003(2003-11-30) (പ്രായം 98)
വൈക്കോഫ്, ന്യൂജഴ്സി
ഉയരം5 അടി (1.524000 മീ)*
ഭാരം141 lb (64 കി.ഗ്രാം) (64 കി.ഗ്രാം)
Sport
കായികയിനംSwimming
Strokesഫ്രീ സ്റ്റൈൽ
Clubവിമൻസ് സ്വിമ്മിങ് അസോസിയേഷൻ

ആദ്യകാല ജീവിതം

തിരുത്തുക

1905 ഒക്റ്റോബർ 23-ന് ന്യൂയോർക്ക് നഗരത്തിലെ മാൻഹാട്ടണിൽ ജനിച്ചു. ജർമ്മനിയിൽ നിന്നുള്ള കുടിയേറ്റക്കാരായ ഹെൻറി എഡേൾ-ജെർട്രൂഡ് അന്നാ ഹേബർസ്റ്റ്രോ ദമ്പതികളുടെ ആറ് കുട്ടികളിൽ മൂന്നാമത്തെ കുട്ടിയായിരുന്നു ജെർട്രൂഡ്[2][3]. ജെർട്രൂഡിന്റെ പിതാവ് മാൻഹാട്ടണിലെ ആംസ്റ്റർഡാം അവെന്യുവിൽ ഇറച്ചിക്കട നടത്തുകയായിരുന്നു. ന്യൂജഴ്സിയിലെ ഹൈലാൻഡ്സ് എന്ന സ്ഥലത്ത് അവർക്കൊരു വേനൽക്കാല വസതിയുണ്ടായിരുന്നു. അവിടെ വെച്ച് പിതാവാണ് ജെർട്രൂഡിനെ ആദ്യമായി നീന്തൽ പഠിപ്പിച്ചത്.

അമച്വർ നീന്തലിൽ

തിരുത്തുക

പന്ത്രണ്ടാം വയസ്സിലാണ് ട്രൂഡി തന്റെ ആദ്യ ലോക റെക്കോർഡ് സ്ഥാപിക്കുന്നത്. 880 യാർഡ് ഫ്രീസ്റ്റൈൽ നീന്തലിലായിരുന്നു അത്. നീന്തലിൽ ലോക റെക്കോർഡ് നേടുന്നേറ്റവും പ്രായം കുറഞ്ഞ വ്യക്തിയായി എഡേൾ. അതിനുശേഷം എട്ട് ലോക റെക്കോർഡുകൾ കൂടി അവർ നേടി. ഇതിൽ ഏഴെണ്ണം 1922-ൽ ആയിരുന്നു. 1921-1925 കാലഘട്ടത്തിൽ ആകെ 29 ദേശീയ- അന്തർദേശീയ റെക്കോർഡുകൾ എഡേൾ നേടുകയുണ്ടായി[4].

1924-ലെ ഒളിമ്പിക്സിൽ 4×100 മീ. ഫ്രീസ്റ്റൈൽ റിലേ ടീമംഗം എന്ന നിലയിൽ സ്വർണ്ണമെഡലും 100 മീ. , 400 മീ. ഫ്രീസ്റ്റൈൽ മത്സരങ്ങളിൽ വ്യക്തിഗത ഓട്ടുമെഡലുകളും നേടി[5].

പ്രൊഫഷണൽ നീന്തലിൽ

തിരുത്തുക
 
ജെർട്രൂഡ് എഡേൾ

1925-ൽ എഡേൾ പ്രൊഫഷണൽ നീന്തൽ താരമായി. ഇതേ വർഷം ന്യൂയോർക്കിലെ ബാറ്ററി പാർക്ക് മുതൽ സാൻഡി ഹുക്ക് വരെയുള്ള 22 മൈൽ ദൂരം 7 മണിക്കൂർ 11 മീറ്റ് കൊണ്ട് നീന്തി റെക്കോർഡ് സ്ഥാപിച്ചു[6] . ഈ റെക്കോർഡ് 81 വർഷം നിലനിന്നു. ഇംഗ്ലീഷ് ചാനൽ ഉദ്യമത്തിനായി ദി വിമൻസ് സ്വിമ്മിംഗ് അസോസിയേഷൻ തിരഞ്ഞെടുത്ത രണ്ട് താരങ്ങളിൽ ഒരാളായിരുന്നു ട്രൂൂഡി. സഹതാരമായിരുന്ന ഹെലൻ വെയ്ൻറൈറ്റ് പരിക്കിനെ തുടർന്ന് അവസാന നിമിഷം പിൻവാങ്ങുകയായിരുന്നു. 1925 ആഗസ്റ്റ് 18-നായിരുന്നു ആദ്യശ്രമം. എന്നാൽ ഇടയ്ക്ക് വച്ച് ട്രൂഡി തളർന്നുവെന്ന് കരുതി പരിശീലകനായ ജാബേസ് വോൾഫ് മറ്റൊരു നീന്തൽ താരത്തെ ഉപയോഗിച്ച് അവരെ പിൻവലിപ്പിച്ചു. താൻ മുങ്ങിത്താഴുകയായിരുന്നില്ല, മറിച്ച് പൊങ്ങിക്കിടന്ന് വിശ്രമിക്കുകയായിരുന്നുവെന്ന് പറഞ്ഞ ട്രൂഡി പരിശീലകന്റെ തീരുമാനത്തോട് ശക്തമായി വിയോജിച്ചു. 1926 ഓഗസ്റ്റ് 6-ന് ബിൽ ബർഗസ് എന്ന പരിശീലകന്റെ കീഴിൽ അവർ ഇംഗ്ലീഷ് ചാനൽ നീന്തിക്കടന്നു. ഫ്രാൻസിലെ ഗ്രിസ്-നെസ് മുനമ്പിൽ നിന്നും രാവിലെ 7:08-ന് തിരിച്ച്, 14 മണിക്കൂർ 34 മിനിറ്റ് കൊണ്ട് ഇംഗ്ലണ്ടിലെ കിങ്സ്ഡൗണിൽ എത്തി.

തിരികെ ന്യൂയോർക്കിലെത്തിയ ട്രൂഡിയെ വരവേൽക്കാനായി 20 ലക്ഷത്തോളം വരുന്ന ജനാവലി അണിനിരക്കുകയുണ്ടായി.

പിൽക്കാല ജീവിതം

തിരുത്തുക

1927-ൽ പുറത്തിറങ്ങിയ “സ്വിം ഗേൾ, സ്വിം” എന്ന ചിത്രത്തിൽ ജെർട്രൂഡ് എഡേൾ ആയി തന്നെ പ്രത്യക്ഷപ്പെട്ടു. പിന്നീട് സഞ്ചരിക്കുന്ന ഒരു കലാസംഘത്തിലും അവർ അംഗമായിരുന്നു. അക്കാലത്തുണ്ടായ ദി ഗ്രേറ്റ് ഡിപ്രഷൻ എന്നറിയപ്പെട്ട സാമ്പത്തിക മാന്ദ്യം എഡേളിന് ലഭിക്കേണ്ടിയിരുന്ന പ്രതിഫലത്തുകകളെ സാരമായി ബാധിച്ചു.

1933-ൽ അവർ വസിച്ചിരുന്ന കെട്ടിടത്തിന്റെ ഗോവണിപ്പടിയിൽ നിന്നും വീണ് നട്ടെല്ലിനു പരിക്കു പറ്റി ദീർഘകാലം ശയ്യാവലംബിയായിരുന്നു.

 
അന്ത്യവിശ്രമസ്ഥാനം

ബാല്യത്തിൽ തന്നെ കേൾവിക്കുറവുണ്ടായിരുന്ന ട്രൂഡി 1940-കളിൽ പൂർണ്ണമായും ബധിരയായി. ബധിരരായ കുട്ടികളെ നീന്തൽ പഠിപ്പിക്കുന്നതിലും അവർ ഏർപ്പെട്ടിരുന്നു. ജീവിതത്തിലൊരിക്കലും അവർ വിവാഹിതയായിരുന്നില്ല. 2003 നവംബർ 30-ന് 98-ആം വയസ്സിൽ ന്യൂജഴ്സിയിലെ വൈക്കോഫിൽ വച്ച് അവർ അന്തരിച്ചു[1]. ന്യൂയോർക്ക് നഗരത്തിലെ ബ്രോങ്ക്സിൽ, വുഡ്ലോൺ സെമിത്തേരിയിൽ അടക്കം ചെയ്തു.

പുറത്തേയ്ക്കുള്ള കണ്ണികൾ

തിരുത്തുക
  1. 1.0 1.1 Severo, Richard (ഡിസംബർ 1, 2003). "Gertrude Ederle, the First Woman to Swim Across the English Channel, Dies at 98". New York Times. Retrieved ഓഗസ്റ്റ് 11, 2009. Gertrude Ederle, who was called America's best girl by President Calvin Coolidge in 1926 after she became the first woman to swim across the English Channel. She was 98 when she passed away. {{cite news}}: Cite has empty unknown parameter: |coauthors= (help)
  2. എൻസൈക്ലോപീഡിയ.കോം
  3. Gertrude Ederle becomes first woman to swim English Channel. History.com. Retrieved on May 20, 2014.
  4. International Swimming Hall of Fame, Honorees, Gertrude Ederle (USA) Archived 2019-09-23 at the Wayback Machine.. Retrieved on March 16, 2015.
  5. Sports-Reference.com, Olympic Sports, Athletes, Trudy Ederle Archived April 24, 2014, at the Wayback Machine.. Retrieved March 16, 2015.
  6. The Two River Times Archived 2013-10-29 at the Wayback Machine.. Trtnj.com. Retrieved on May 20, 2014.
"https://ml.wikipedia.org/w/index.php?title=ജെർട്രൂഡ്_എഡേൾ&oldid=3804530" എന്ന താളിൽനിന്ന് ശേഖരിച്ചത്