ജെബിൽ ദേശീയോദ്യാനം
ജെബിൽ ദേശീയോദ്യാനം, സഹാറ മരുഭൂമിയിൽ സ്ഥിതി ചെയ്യുന്ന ടുണീഷ്യയിലെ ഒരു ദേശീയോദ്യാനമാണ്.
Jebil National Park | |
---|---|
Location | Tunisia |
Coordinates | 32°54′4″N 9°9′25″E / 32.90111°N 9.15694°E |
Area | 1,500 km2 |
Established | 1994 |
150,000 ഹെക്ടർ വിസ്തൃതിയുള്ള ഈ ദേശീയോദ്യാനം, രാജ്യത്തെ ഏറ്റവും വലിയ ദേശീയോദ്യാനമാണ്. രാജ്യത്തിന്റെ തെക്കൻ ഭാഗങ്ങളിൽ ഭൂരിഭാഗവും ഈ ദേശീയോദ്യാനത്തിൽ ഉൾപ്പെട്ടിരിക്കുന്നു. വലിപ്പത്തിൽ മുന്തിയതെങ്കിലും പുതിയതായി കണക്കാക്കപ്പെടുന്ന ഇത് 1994 ലാണ് ഒരു ദേശീയോദ്യാനമായി ഔദ്യോഗികമായി പ്രഖ്യാപിക്കപ്പെട്ടത്. 1984 മുതൽ അനൌദ്യോഗികമായി തുടർന്നിരുന്നു. സാഹാറ മരുഭൂമിയ്ക്കുള്ളിൽ സ്ഥിതിചെയ്യുന്ന ഏക ദേശീയോദ്യാനമാണിത്.
ജെബിൽ ദേശീയോദ്യാനം ഡൌസ് പട്ടണത്തിന് 80 കിലോമീറ്റർ തെക്കായിട്ടാണ് നിലനിൽക്കുന്നത്. കാല്ലിഗോണം പോലെയുള്ള മരുഭൂമിയിലെ കുറ്റിച്ചെടികളാണ് ഈ പ്രദേശത്ത് അധികവും കാണപ്പെടുന്നത്. ഗസല്ലെ, മുയലുകൾ, ഹോൺ വൈപ്പർ എന്നിവയാണ് സാധാരണയായി കാണപ്പെടുന്ന ജീവികളിൽ ചിലത്. റാൻറെറിയം എന്ന പുഷ്പിക്കുന്ന ഡെയ്സി വർഗ്ഗത്തിലെ സസ്യവും ഇവിടെ കണ്ടുവരുന്നു. നിരന്തരമുള്ള സന്ദർശകർക്കായി സംരക്ഷിത ഷെൽറ്ററുകൾ ലഭ്യമാണ്. ദേശീയോദ്യാനത്തിലെ എല്ലാ പ്രദേശങ്ങളിലും കാവൽക്കാരെ നിയോഗിച്ചിരിക്കുന്നു. ഹോളോസീൻ കാലഘട്ടം മുതൽ രണ്ടാം ലോകമഹായുദ്ധകാലം വരെയുള്ള മനുഷ്യ ചരിത്രത്തിന്റെ വിവിധ ഘട്ടങ്ങളെക്കുറിച്ച് മനസ്സിലാക്കാൻ പര്യാപ്തമായ ചരിത്രാതീത കാലത്തെ പല കരകൗശലവസ്തുക്കളുടെയും സൈറ്റുകളും ഇവിടെയുണ്ട്. ടുണീഷ്യയ്ക്കുള്ളിലെ ഗ്രാൻറ് എർഗ് ഓറിയൻറൽ മണൽമേഖല മുഴുവനായിത്തന്നെ ഈ ദേശീയോദ്യാനത്തിനുള്ളിലായിട്ടാണ്. ദേശീയോദ്യാനത്തിൻറെ പടിഞ്ഞാറ് ഭാഗത്ത് പ്ലൂട്ടോണിക് പാറകൾ കാലാവസ്ഥാമാറ്റത്തിലൂടെ രൂപം കൊണ്ട 'വലിയ ഉരുളൻ പാറകൾ' ഉണ്ട്.
വൈവിധ്യമാർന്ന വന്യജീവികളുള്ളതാണ് ദേശീയോദ്യാനം. ഫെന്നെക് കുറുക്കൻ, ഹോൺഡ് വൈപ്പർ, കോബ്ര, കുറുനരി, ഈ പ്രദേശത്ത് നിലനിൽക്കുന്ന ബാർബറി ആടുകൾ എന്നിവയാണ് പ്രധാനമായി കാണപ്പെടുന്ന ജീവികളിൽ ചിലത്. പാമ്പുകളും മറ്റ് ഉരഗങ്ങളും പാറക്കല്ലുകൾക്കും മണൽക്കുന്നുകൾക്കും കീഴിലാണ് ജീവിക്കുന്നത്. വാനമ്പാടികൾ, മലങ്കാക്കകൾ, ബസ്റ്റാഡ് തുടങ്ങിയ പക്ഷികളും ഇവിടെ താവളമടിച്ചിരിക്കുന്നു.