കേരളത്തിലെ മൃഗസം‌രക്ഷണ വകുപ്പ് നടപ്പാക്കുന്ന പദ്ധതിയാണ്‌ ജീവരേഖ പദ്ധതി (Integrated Livestock Development Project - ILDP). സംസ്ഥാനത്തിലെ പാൽ, മുട്ട, മാംസം എന്നിവയുടെ ഉത്പാദനം പരമാവധി ഉയർത്തുക എന്നതാണ് ഈ പദ്ധതിയിൽ വിഭാവനം ചെയ്യുന്നത്[1]..

വർഷങ്ങളായി കന്നുകാലികളെ വളർത്തുന്നവർക്കും നിലവിലുള്ള ഡയറി ഫാം വിപുലീകരിക്കാൻ ആഗ്രഹിക്കുന്നവർക്കും ഈ പദ്ധതിയിൽ അംഗങ്ങളാകാൻ കഴിയും. ദിവസേന 15 ലിറ്ററിൽ അധികം കറവയുള്ളതും അത്യുത്പാദനശേഷി ഉള്ളതുമായ കന്നുകാലികളെ സംസ്ഥാനത്തിന്‌ പുറത്തുനിന്നും വാങ്ങി ക്ഷീരകർഷകർക്കും കർഷക കൂട്ടായ്മകൾക്കും നൽകുന്നു. ഒപ്പം തീറ്റപ്പുൽ കൃഷി പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യവും ഈ പദ്ധതിയിൽ അടങ്ങിയിരിക്കുന്നു[1].

ജില്ലാ മൃഗസം‌രക്ഷണ ഓഫീസർ അനുയോജ്യമായ പഞ്ചായത്തുകൾ കണ്ടെത്തുന്നു. അങ്ങനെ കണ്ടെത്തുന്ന പഞ്ചായത്തുകളിൽ പഞ്ചായത്ത് വെറ്റനറി ഡോക്ടർ മതിയായ പ്രചാരണം നൽകി അപേക്ഷകൾ ക്ഷണിക്കുകയും ചെയ്യുന്നു. പഞ്ചായത്ത് വെറ്റിനറി ഡോക്ടർ, പഞ്ചായത്ത് പ്രസിഡന്റ്, ക്ഷീരസംഘം പ്രസിഡന്റ്, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ഒരു കർഷകൻ എന്നിവർ ചേർന്ന ഒരു കമ്മറ്റി ഇങ്ങനെ ലഭിക്കുന്ന അപേക്ഷകളിൽ നിന്നും അംഗങ്ങളെ തിരഞ്ഞെടുക്കുന്നു. അങ്ങനെ തിരഞ്ഞെടുക്കപ്പെടുന്ന കർഷകൻ സ്വന്തമായതോ പാട്ടത്തിനെടുത്തതോ ആയ 25 സെന്റ് സ്ഥലത്തെങ്കിലും തീറ്റപ്പുൽ കൃഷി നടത്തിയിരിക്കണം. ഒരു പ്രദേശത്തെ ക്ഷീരകർഷകരെ 10 പേരടങ്ങുന്ന ഒരു യൂണിറ്റായി നിശ്ചയിച്ച് പദ്ധതി നടത്തിപ്പ്, വായ്പ തിരിച്ചടയ്ക്കൽ, പരിശീലനം, അവലോകനം, ഉത്പന്നങ്ങളുടെ സംഭരണം, വിപണനം എന്നിവ കൂട്ടായി ചേയ്യുന്നു[1].

തിരഞ്ഞെടുക്കുന്ന കർഷക യൂണിറ്റുകൾക്കുവേണ്ട ഉരുക്കളും സാധനസാമഗ്രികളും മരുന്നുകളും കന്നുകാലികൾക്കുള്ള ഇൻഷുറൻസ് പരിരക്ഷയും ഈ പദ്ധതിയിൽ അടങ്ങിയിരിക്കുന്നു. സംസ്ഥാനമൊട്ടാകെ 10 കർഷകർ വീതമുള്ള 686 യൂനിറ്റുകൾ തുടങ്ങാനാണ് ഈ പദ്ധതികൊണ്ട് ഉദ്ദേശിക്കുന്നത്. അതിൽ 4500 പശുക്കൾ, 9000 ആടുകൾ, 2360 എരുമകൾ, 56100 കോഴികൾ, 12500 താറാവുകൾ, 2200 ടർക്കികൾ എന്നിവയാണ്‌ ക്ഷീരകർഷകർക്ക് നൽകാൻ ഉദ്ദേശിക്കുന്നത്. 25 കോടി രൂപയാണ്‌ ഈ പദ്ധതിയുടെ അടങ്കൽ തുകയാണ്‌ നീക്കി വയ്ച്ചിരിക്കുന്നത്[1].

ഈ പദ്ധതിയെ പൊതുവേ മൂന്നായി തരം തിരിക്കാം.

പദ്ധതി ഒന്ന്

തിരുത്തുക

1 പശു + 2 ആട് + 10 കോഴിക്കുഞ്ഞുങ്ങൾ + തീറ്റപ്പുൽ കൃഷി എന്നിവ ഒന്നാം പദ്ധതിയിൽ അടങ്ങിയിരിക്കുന്നു. ഒരു പശുവിനെ വാങ്ങുന്നതിനായി 25,000 രൂപയും ആടൊന്നിന്‌ 3,000 രൂപയും കോഴിക്കുഞ്ഞ് 1ന്‌ 50 രൂപാ നിരക്കിലും മരുന്ന്, ഇൻഷുറൻസ്, മറ്റ് അനുബന്ധ ചെലവുകൾ ഉൾപ്പെടെ 36,615 രൂപയാണ്‌ മതിപ്പുചെലവായി ഒരു യൂണിറ്റിന് കണക്കാക്കിയിരിക്കുന്നത്. ഇതിൽ 21,969 രൂപ ബാങ്ക് വായ്പയായും 14,646 രൂപ സബ്സിഡിയായും ലഭിക്കും. ഇത്തരത്തിലുള്ള 450 യൂണിറ്റുകളാണ് സംസ്ഥാനമാകെ നടപ്പാക്കുന്നത്[1].

പദ്ധതി രണ്ട്

തിരുത്തുക

1 എരുമ + 2 ആട് + 10 താറാവുകുഞ്ഞുങ്ങൾ + തീറ്റപ്പുൽ കൃഷി എന്നിവയാണ്‌ രണ്ടാം പദ്ധതിയിലുള്ളവ. 30,000 രൂപ എരുമയെ വാങ്ങുന്നതിനും 10 താറാവുകുഞ്ഞുങ്ങളും മറ്റ് അനുബന്ധ ചെലവുകളും ഉൾപ്പെടെ 35,370 രൂപ ബാങ്ക് വായ്പയും 14,148 രൂപ സബ്സിഡിയും ലഭിയ്ക്കും. ഇത്തരത്തിലുള്ള 125 യൂനിറ്റുകളാണ്‌ കേരളാമൊട്ടാകെ നടപ്പാക്കുക[1].

പദ്ധതി മൂന്ന്

തിരുത്തുക

1 എരുമ + 2 ടർക്കി + 10 കോഴിക്കുഞ്ഞുങ്ങൾ + പുൽകൃഷി എന്നിവയാണ് പദ്ധതി മൂന്നിലെ സവിശേഷതകൾ. ഒരാൾക്ക് 35,570 രൂപ ബാങ്കിൽ നിന്നും വായ്പയായും 14,228 രൂപ സബ്സിഡിയും ലഭിയ്ക്കും. ആകെ യൂണിറ്റുകൾ 111 സംസ്ഥാനത്ത് രൂപവത്കരിക്കും[1].

  1. 1.0 1.1 1.2 1.3 1.4 1.5 1.6 ഡോ. എൻ. അജയന്റെ ലേഖനം, കർഷകശ്രീ മാസിക. മെയ് 2009. താൾ 68
"https://ml.wikipedia.org/w/index.php?title=ജീവരേഖ_പദ്ധതി&oldid=3346077" എന്ന താളിൽനിന്ന് ശേഖരിച്ചത്