ഇന്ത്യയിലെ റേഡിയോ പ്രക്ഷേപണത്തിലെ കുലപതികളിലൊരാളാണു ജി.പി.എസ് നായർ എന്നറിയപ്പെടുന്ന ജി.പി.ശക്തിധരൻ നായർ. 1939ലെ ഓണത്തിനു മദിരാശി നിലയത്തിൽ നിന്ന് ചരിത്രത്തിൽ ആദ്യമായി മലയാളത്തിൽ റേഡിയോ സംസാരിച്ചു.കൊല്ലംകോട് രാജാവ് സർ വാസുദേവരാജ കേരളീയർക്ക് നൽകിയ ഓണസന്ദേശമായിരുന്നു അത്.ആദ്യത്തെ മലയാളപ്രക്ഷേപണത്തിനു അരങ്ങൊരുക്കിയത് ഓണററി പ്രൊഡ്യൂസറായ ജി.പി.എസ് നായരായിരുന്നു.തുടർന്ന് പ്രോഗ്രാം അസിസ്റ്റന്റായി സർവീസിൽ പ്രവേശിച്ച അദ്ദേഹം പ്രക്ഷേപണചരിത്രത്തോടൊപ്പം നടന്നു നീങ്ങി. 1943ൽ തിരുവിതാംകൂർ മഹാരാജാവ് സ്ഥാപിച്ച ട്രാവങ്കൂർ റേഡിയോ നിലയം 1950ൽ ആകാശവാണി ഏറ്റെടുക്കുന്നതിനു സർക്കാർ നിയോഗിച്ച സ്പെഷ്യൽ ഓഫീസർ അദ്ദേഹമായിരുന്നു.ഇപ്പോഴത്തെ എം.എൽ.എ ഹോസ്റ്റൽ നിൽക്കുന്ന സ്ഥലത്ത് നിന്ന് സർ സി.പി രാമസ്വാമി അയ്യരുടെ ഔദ്യോഗികവസതിയായിരുന്ന “ഭക്തിവിലാസം”കൊട്ടാരത്തിലേക്ക് ആകാശവാണി മാറ്റിസ്ഥാപിച്ച്ത് അദ്ദേഹമായിരുന്നു.‘ആത്മവിദ്യാലയമേ’അടക്കമുള്ള,മലയാളസിനിമയിലെ ആദ്യകാല അനശ്വരഗാനങ്ങളുടെ രചയിതാവായ തിരുനൈനാർ കുറിച്ചി മാധവൻ നായരെ അദ്ദേഹം അവിടെ സ്റ്റാഫ് ആർട്ടിസ്റ്റായി നിയമിച്ചു.പ്രമുഖ പ്രക്ഷേപകരായിതീർന്ന എസ്.രാമങ്കുട്ടി നായർ,കെ.ജി.ദേവകിയമ്മ,ടി.പി.രാധാമണി,സി.എസ്.രാധാദേവി,ജഗതി എൻ.കെ.ആചാരി,മാലി തുടങ്ങിയ ഒട്ടേറെ കലാകാരരെ ജി.പി.എസ്.നായർ ആകാശവാണിയിലേക്ക് കൊണ്ടുവന്നു. കേരളത്തിലെ രണ്ടാമത്തെ ആകാശവാണി നിലയം കോഴിക്കോട്ട് സ്ഥാപിക്കുന്നതിനു നിയോഗിക്കപ്പെട്ടതും ജി.പി.എസ് നായരായിരുന്നു. പി.ഭാസ്കരൻ,ബി.എ.ചിദംബരനാഥ്,പി.സി.കുട്ടികൃഷ്ണൻ,കെ.പത്മനാഭൻ നായർ തുടങ്ങിയ പ്രതിഭാധനന്മാരെ ആകാശവാണിയിൽ അദ്ദേഹം നിയമിച്ചു.കെ.രാഘവനെ മദിരാശിയിൽ നിന്ന് കോഴിക്കോട്ടേക്ക് കൊണ്ടുവന്നു. പിന്നീട് ഔരംഗബാദ്,മൈസൂർ,വിജയവാഡ തുടങ്ങി ഒട്ടേറെ നിലയങ്ങളുടെ നവീകരണത്തിനും സ്ഥാപനത്തിനുമെല്ലാം അദ്ദേഹം നിയോഗിക്കപ്പെട്ടു.1967ൽ മുംബൈയിൽ നിന്ന് ആകാശവാണിയുടെ വാണിജ്യ പ്രക്ഷേപണം(“വിവിധ് ഭാരതി“) ആരംഭിക്കുന്നതിനു നിയോഗിക്കപ്പെട്ടതും അദ്ദേഹമായിരുന്നു.32 വർഷത്തെ സേവനത്തിനു ശേഷം 1971ൽ വിവിധ് ഭാരതിയുടെ ഡയറക്റ്ററായി സേവനത്തിൽ നിന്ന് വിരമിച്ചു.2002ൽ അന്തരിച്ചു.

റേഡിയോ സ്മരണകൾ,ജി.പി.എസ്.നായർ,എൻ.ബി.എസ്,1974 നവംബർ.

"https://ml.wikipedia.org/w/index.php?title=ജി.പി.എസ്._നായർ&oldid=2236716" എന്ന താളിൽനിന്ന് ശേഖരിച്ചത്