ജാപ്പനീസ് പൂന്തോട്ടങ്ങൾ (日本庭園?) ജപ്പാൻകാരുടെ കലാപരമായും തത്ത്വശാസ്ത്രപരമായുമുള്ള ആശയങ്ങളനുസരിച്ച് നിർമ്മിക്കപ്പെട്ട ചരിത്രപരമായ പൂന്തോട്ടങ്ങളാണ്. ഇവയിൽ ചെടികൾക്കൊപ്പം പല പ്രകൃതിദത്തമായ വസ്തുക്കളും (കല്ലുകൾ, മണൽ, അരുവികൾ, വെള്ളച്ചാട്ടങ്ങൾ) ഉപയോഗിക്കാറുണ്ട്.

ക്യോട്ടോയിലെ സൈഹോ-ജി പൂന്തോട്ടം, 1339-ൽ നിർമ്മിക്കപ്പെട്ടത്.

ചരിത്രം

തിരുത്തുക

അസുകാ കാലഘട്ടത്തിൽ ചൈനയിൽ വ്യാപാരം നടത്തിയിരുന്ന ചില ജപ്പാൻകാർ അവിടുത്തെ പൂന്തോട്ടനിർമ്മാണ രീതികൾ പഠിക്കുകയും ആവിധമുള്ള തോട്ടങ്ങൾ ജപ്പാനിൽ നിർമ്മിക്കുകയും ചെയ്തു. ജപ്പാനിലെ ചെങ്കുത്തായ മലകളും വെള്ളച്ചാട്ടങ്ങൾ നിറഞ്ഞ അരുവികളും ഉരുളൻകല്ലുകളുള്ള കടൽത്തീരങ്ങളും ഈ തോട്ടങ്ങളിൽ പ്രതിനിധീകരിച്ച് കാണാം. ജപ്പാനിൽ കാണപ്പെടുന്ന നിരവധി ഇനം പൂക്കളും മരങ്ങളും ഇവയുടെ മറ്റൊരു പ്രത്യേകതയാണ്.

 
ചുറ്റും വെളുത്ത കല്ലുകൾ പാകിയ ഒരു പ്രാചീന ഷിന്റോ ആരാധനാലയം (ഇസെ ജിങ്കു, ഏഴാം നൂറ്റാണ്ട്)

പ്രാചീന ഷിന്റോ അമ്പലങ്ങൾക്കുചുറ്റും വെളുത്ത ഉരുളൻകല്ലുകൾ പാകുന്ന രീതിയുണ്ടായിരുന്നു. പിന്നീട് നിർമ്മിക്കപ്പെട്ട കൊട്ടാരങ്ങളും, ബുദ്ധക്ഷേത്രങ്ങളും പൂന്തോട്ടങ്ങളും ഈ പതിവ് അനുകരിച്ചു. ഷിന്റോ മതവിശ്വാസങ്ങൾക്കും ആചാരങ്ങൾക്കും പുറമേ ചൈനയിൽനിന്നും വന്ന ദാവോമതവും ബുദ്ധമതവും ജാപ്പനീസ് പൂന്തോട്ടങ്ങളുടെ നിർമ്മാണശൈലിയെ വളരെയധികം സ്വാധീനിച്ചിട്ടുണ്ട്. ഹൊറായ് പർവ്വതവും കൊക്ക് - ആമ രൂപങ്ങളും ഒരു ദാവോ വിശ്വാസത്തിൽനിന്നുമുള്ളതാണ്.

പൂന്തോട്ടകല

തിരുത്തുക

ജാപ്പനീസ് പൂന്തോട്ടങ്ങൾക്ക് ചൈനീസ് തോട്ടങ്ങളോട് വളരെയധികം സാമ്യമുണ്ട്. ജാപ്പനീസ് പൂന്തോട്ടങ്ങളെ പ്രധാനമായി രണ്ടായി തിരിക്കാം - ഒരു പ്രത്യേക സ്ഥാനത്ത് ഇരുന്നുകൊണ്ട് കാണാൻ ഉദ്ദ്യേശിച്ചിടുള്ള സെൻ തോട്ടങ്ങളും നടന്ന് കാണാനായി നിർമ്മിക്കപ്പെട്ട സാധാരണ തോട്ടങ്ങളും.

ജാപ്പനീസ് പൂന്തോട്ടങ്ങൾക്ക് ചില പ്രത്യേകതകളുണ്ട്:-

  • വലിപ്പം - പ്രകൃതിയിൽ കാണുന്നതിനെ ചെറുതായി കാണിക്കുകയാണ് പൂന്തോട്ടത്തിന്റെ ലക്ഷ്യം. ഒരു പാറ ഒരു പർവ്വതത്തെ സൂചിപ്പിക്കാം. ദൂരം കുറച്ചോ കൂട്ടിയോ കാണിക്കൻ മുന്നിലും പിന്നിലുമുള്ള മരങ്ങളുടെയും പാറകളുടെയും വലിപ്പത്തിൽ മാറ്റങ്ങൾ വരുത്തുന്നു.
  • ഒളിക്കൽ - ചില വസ്ത്തുക്കളെ കുന്നുകൾക്കോ മറകൾക്കോ പിന്നിൽ ഒളിക്കുകയും ഒരു സ്ഥലത്തെത്തുമ്പോൾ മാത്രം കാണിക്കുകയും ചെയ്യുന്ന രീതി ജാപ്പനീസ് പൂന്തോട്ടങ്ങളിൽ സാധാരമ്മാണ്. എന്നാൽ സെൻ തോട്ടങ്ങളിൽ ഇങ്ങനെ ചെയ്യാറില്ല.
  • ചുറ്റുപാടുകൾ കടംവാങ്ങൽ - തോട്ടത്തിനു ചുറ്റുമുള്ള മരങ്ങളും കുന്നുകളും അതിന്റെ ഭാഗമായി തോന്നിക്കുന്നു. ഇത് തോട്ടത്തിന്റെ വലിപ്പം കൂട്ടി കാണിക്കാനാണ്.
  • അതുല്യത - മുഗൾ തോട്ടങ്ങളെപ്പോലെ ഇടവും വലവും തുല്യമാക്കൻ ജപ്പാൻകാർ ശ്രമിക്കാറില്ല. മറിച്ച് അതുല്യത സൃഷ്ടിക്കാനും നേർവഴികളിൽ വളവുകൾ നിറയ്ക്കാനും അവർ ശ്രമിക്കുന്നു.

ഭാഗങ്ങൾ

തിരുത്തുക
 
ക്യോട്ടോയിലെ ന്യാൻസെൻ-ജി തോട്ടത്തിലെ ഒരു വെള്ളച്ചാട്ടം

മിക്ക ജാപ്പനീസ് പൂന്തോട്ടങ്ങളിലും അരുവികളോ കുളങ്ങളോ ഉണ്ടാകും. ചെറിയ വെള്ളച്ചാട്ടങ്ങളും സാധാരണമാണ്. തടാകങ്ങളിൽ ദ്വീപുകൾ ഉണ്ടാക്കുന്ന പതിവുമുണ്ട്. ഒഴുകുന്ന വെള്ളം കിഴക്കുനിന്നോ വടക്കുനിന്നോ വേണം പൂന്തോട്ടത്തിൽ പ്രവേശിക്കാൻ. പുറത്തേക്കുപോകുന്നത് യഥാക്രമം പടിഞ്ഞാറുനിന്നോ തെക്കുവശത്തുകൂടിയോ ആകാം. ചില തോട്ടങ്ങളിൽ വെളുത്ത മണൽ ജലത്തെ സൂചിപ്പിക്കുന്നു.

കല്ലുകൾ

തിരുത്തുക

കല്ലുകളും മണലും ജാപ്പനീസ് പൂന്തോട്ടങ്ങളുടെ ഒരു അവിഭാജ്യ ഘടകമാണ്. കുത്തനെയുള്ള ഒരു വലിയ കല്ല്, അല്ലെങ്കിൽ ഒരു തടാകത്തിൻ നടുക്കു് കുന്നുപോലെയുള്ള ഒരു പാറ, ഹോറായ് പർവ്വതത്തെയോ സുമേരു പർവ്വതത്തെയോ സൂചിപ്പിക്കുന്നു. അതുപോലെ പരന്ന കല്ലുകൾ ഭൂമിയേയും മണൽ ജലത്തേയും പ്രതിനിധീകരിക്കുന്നു. അടുത്തടുത്ത് വയ്ക്കുന്ന കല്ലുകൾ തമ്മിൽ ചെറിയ വ്യത്യാസങ്ങൾ വേണം, എന്നാൽ അധികം വ്യത്യാസമോ ശക്തമായ നിറങ്ങളോ പാടില്ല.

ഒന്നുമുതൽ ഏഴുവരെ കല്ലുകളാണ് ഒരു മുദ്രയിലുണ്ടാകുക. എന്നാൽ നാലോ ആറോ കല്ലുകൾ ഉപയോഗിക്കാറില്ല. മൂന്ന് കല്ലുകളാണ് ഉള്ളതെങ്കിൽ ഏറ്റവും ഉയരമുള്ളത് ആകാശത്തെയും ഏറ്റവും ഉയരം കുറഞ്ഞത് ഭൂമിയേയും നടുവിലുള്ള കല്ല് മനുഷ്യനെയും സൂചിപ്പിക്കുന്നു.

ഓരോ കല്ലും ഒരു പ്രത്യേക സ്ഥാനത്ത് വയ്ക്കുമ്പോഴാണ് അതിന്റെ ചുറ്റുപാടുകളുമായി പൂർണ്ണമായി യോജിക്കുന്നതെന്നും ഈ സ്ഥാനം കണ്ടുപിടിക്കുകയാണ് പൂന്തോട്ടകലയുടെ ലക്ഷ്യമെന്നുമാണ് ജാപ്പനീസ് വിശ്വാസം. ഒരു കല്ല് അതിന്റെ ശരിയായ സ്ഥാനത്ത് ഇരിക്കുമ്പോൾ അത് അവിടെ വച്ചതായി തോന്നുകയില്ല.

പാലങ്ങൾ

തിരുത്തുക
 
കല്ലും മരവും കൊണ്ടുണ്ടാക്കിയ ഒരു പാലം

അരുവികൾക്ക് കുറുകേയോ തടാകങ്ങൾക്ക് നടുവിലുള്ള ദ്വീപുകളിലേക്കോ പാലങ്ങൾ ഉണ്ടാക്കാറുണ്ട്. ഇവ കല്ലുകൊണ്ടോ തടികൊണ്ടോ ആകാം. മുകൾഭാഗം പായൽ പിടിപ്പിക്കുകയും ചെയ്യാറുണ്ട്.

കൽവിളക്കുകൾ

തിരുത്തുക

ആദ്യം ബുദ്ധാക്ഷേത്രങ്ങളിലാണ് കൽവിളക്കുകൾ ഉപയോഗിച്ചിരുന്നത്. പിന്നീട് ഷിന്റോ ആരാധനാലയങ്ങളിലും പൂന്തോട്ടങ്ങളിലും ഇവ ഉപയോഗിക്കാൻ തുടങ്ങി. ഒരു കൽവിളക്കിന് അഞ്ച് ഭാഗങ്ങളുണ്ട്. താഴെനിന്നും മുകളിലേക്ക് ഇവ ഭൂമി, ജലം, തീ, വായു, ആകാശം എന്നിവയെ സൂചിപ്പിക്കുന്നു. കല്ലുകൊണ്ടുണ്ടാക്കിയ പാത്രങ്ങളിൽ കുടിവെള്ളം വയ്ക്കുന്ന പതിവുമുണ്ട്.

മരങ്ങളും പൂക്കളും

തിരുത്തുക

പായൽ പഴമയെ സൂചിപ്പിക്കുന്നു. പൂക്കൾ ഭംഗിക്കോ മതപരമായ പ്രാധാന്യത്തിനോ ആകാം. മരങ്ങൾക്ക് കൂടുതൽ ആകർഷകമായ രൂപങ്ങൾ നൽകാൻ അവയുടെ വളർച്ച നിയന്ത്രിക്കാറുണ്ട്. ചെടികളെ തിരമാലകളുടെ രൂപത്തിൽ മുറിക്കുന്ന പതിവുമുണ്ട്.

ചീന പൂന്തോട്ടങ്ങളുമായുള്ള വ്യത്യാസങ്ങൾ

തിരുത്തുക

ആദ്യ ജാപ്പനീസ് പൂന്തോട്ടങ്ങൾ ചീന തോട്ടങ്ങളോട് വളരെ സമാനമായിരുന്നു. പിന്നീട് ചില വ്യത്യാസങ്ങൾ രൂപപ്പെട്ടു:-

  • കെട്ടിടങ്ങൾ - ചീന തോട്ടങ്ങളിൽ അനവധി കെട്ടിടങ്ങൾ കാണാറുണ്ട്. ഇവ സാധാരണ നടുക്ക്, ഒരു വലിയ ജലാശയത്തിന് അടുത്തായാണ് കാണപ്പെടുക. ജാപ്പനീസ് തോട്ടങ്ങളിൽ കെട്ടിടങ്ങൾ ഉണ്ടെങ്കിൽത്തന്നെ അവ ചെറുതും വിരളവും ആയിരിക്കും.
  • കല്ലുകൾ - മിങ് കാലഘട്ട ചീന തോട്ടങ്ങളിൽ അസാധാരണമായ രൂപങ്ങളുള്ള കല്ലുകൾ വയ്ക്കുന്നത് സാധാരണമാണ്. എന്നാൽ ജാപ്പനീസ് തോട്ടങ്ങളിൽ ചുറ്റുപാടുകളോട് ഇണങ്ങിച്ചേരുന്ന കല്ലുകളാണ് ഉപയോഗിക്കുന്നത്.
  • കാഴ്ച്സ്ഥാനം - മദ്ധ്യത്തിലെ കെട്ടിടങ്ങളിൽനിന്നും ആസ്വദിക്കത്തക്ക രീതിയിലാണ്ചീന തോട്ടങ്ങൾ. പുറത്തുനിന്നുമോ ഒരു നടപ്പാതയിൽനിന്നുമോ കാണത്തക്ക രീതിയിലാണ്ജാപ്പനീസ് തോട്ടങ്ങൾ.
  • കടൽത്തീരം - ജാപ്പനീസ് തോട്ടങ്ങളിൽ സാധാരണമായ കടൽത്തീരങ്ങൾ ചീന തോട്ടങ്ങളിൽ കാണാറില്ല. ഇത് ജപ്പാൻ കടലാൽ ചുറ്റപ്പെട്ട ഒരു ദ്വീപും ചൈന ഒരു വശത്തുമാത്രം കടലുള്ള രാജ്യവും ആയതുകോണ്ടാകാം
  • തടാക രീതി - ഹെയ്യാൻ കാലഘട്ടത്തിൽ നിർമ്മിക്കപ്പെട്ട ഈ തോട്ടങ്ങൾ ചീന തോട്ടങ്ങളോട് വളരെ സമാനമാണ്. നടുവിൽ ചെറിയ ദ്വീപുകളുള്ള ഒരു വലിയ തടാകമുണ്ടാകും. വടക്ക് വശത്ത് രണ്ട് ഇടനാഴികളുള്ള ഒരു കെട്ടിടവും കാണും.
  • സ്വർഗ്ഗ രീതി - നടുവിൽ ഒരു വലിയ ദ്വീപുള്ള തടാകമാണ് ഇവയുടെ മുഖമുദ്ര. സ്വർഗ്ഗമാകുന്ന ഈ ദ്വീപിൽ ബുദ്ധന് ഒരു ക്ഷേത്രമുണ്ടാകും.
  • കല്ലും മണലും രീതി - ജലത്തിനുപകരം വെള്ള മണൽ ഉപയോഗിക്കുന്ന ഈ തോട്ടങ്ങൾ പതിനാലാം നൂറ്റാണ്ടിലാണ് നിർമ്മിക്കപ്പെട്ടു തുടങ്ങിയത്. മണലിന് നടുവിൽ ദ്വീപുകൾ പോലെ കല്ലുകളും പാറകളും കാണും.
  • ചായസൽക്കാര രീതി - ചായസൽക്കാരത്തിനായുള്ള മുറിക്ക് ചുറ്റുമുള്ള പൂന്തോട്ടത്തിൽ എടുത്തുനിൽക്കുന്ന പൂക്കളോ മറ്റ് വസ്തുക്കളോ ഉണ്ടാകാറില്ല.
  • നടന്നുകാണാവുന്ന തോട്ടങ്ങൾ - എഡോ കാലഘട്ട പ്രഭുക്കന്മാരുടെ വീടുകൾക്കുചുട്ടും നിർമ്മിക്കപ്പെട്ട ഈ തോട്ടങ്ങൾ വളരെ വലുതായിരുന്നു.
  • നടുത്തളങ്ങളിലെ തോട്ടങ്ങൾ - വീടുകൾക്കോ സ്ഥാപനങ്ങൾക്കോ ഉള്ളിലാണ് ഈ ചെറിയ തോട്ടങ്ങൾ നിർമ്മിക്കപ്പെട്ടത്.
  • സന്യാസത്തിനായുള്ള തോട്ടങ്ങൾ - വിരമിച്ച ഉദ്യോഗസ്ഥർക്കും മറ്റും സന്യസിക്കാനായി സ്ഥാപിക്കപ്പെട്ട ഈ തോട്ടങ്ങൾ ഒരു ചെറിയ വീടിന് ചുറ്റിയാണ് നിർമ്മിക്കപ്പെട്ടത്.

പുസ്തകങ്ങളും ചിത്രങ്ങളും

തിരുത്തുക
 
മോണേയുടെ 'ആമ്പൽക്കുളത്തിന് മുകളിലൂടെയുള്ള പാലം, 1899

പൂന്തോട്ട നിർമ്മാണത്തെക്കുറിച്ചുള്ള ആദ്യ പുസ്തകം തച്ചിബാന നോ തൊഷിത്സുന (1028-1094) യുടെ സാക്കുതെയ്ക്കി ആയിരിക്കും. സെൻ പുരോഹിതനായ കൊകാൻ ഷിറെൻ ഏതാണ്ട് 1300-ൽ എഴുതിയ 'ചെറിയ തോട്ടത്തെക്കുറിച്ചുള്ള പദ്യം (Rhymeprose on a Miniature Landscape Garden)' ആണ് മറ്റൊരു പുസ്തകം.

ചീന ചിത്രകാരനായ ജൊസെത്സുവും ഫ്രഞ്ച് ചിത്രകാരനായ മോണേയും ജാപ്പനീസ് തോട്ടങ്ങളെ നിരവധി തവണ വരച്ചിട്ടുണ്ട്.

പ്രസിദ്ധമായ ചില പൂന്തോട്ടങ്ങൾ

തിരുത്തുക

സൈഹോ-ജി ഉൾപ്പെടെ ക്യോട്ടോയിലെ എട്ട് തോട്ടങ്ങൾ ലോക പൈതൃക പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. നിരവധി 'ജാപ്പനീസ്' തോട്ടങ്ങൾ ജപ്പാന് പുറത്ത് നിർമ്മിക്കപ്പെട്ടിട്ടുണ്ട്. പാലങ്ങളിൽ ചുവപ്പ് ചായം പൂശുക ഒരു സാധാരണ തെറ്റാണ്. (ജാപ്പനീസ് തോട്ടങ്ങളിലെ പാലങ്ങൾക്ക് നിറം കൊടുക്കാറില്ല. പാലങ്ങളിൽ ചുവപ്പ് ചായം പൂശുന്നത് ചൈനീസ് തോട്ടങ്ങളിലാണ്.)

"https://ml.wikipedia.org/w/index.php?title=ജാപ്പനീസ്_പൂന്തോട്ടം&oldid=3086269" എന്ന താളിൽനിന്ന് ശേഖരിച്ചത്