കമ്മ്യൂണിസ്റ്റ് പാർട്ടികളുടെ അടിസ്ഥാന സംഘടനാതത്വമാണ് ജനാധിപത്യ കേന്ദ്രീകരണം. ഉൾപാർട്ടി ജനാധിപത്യത്തിന്റെ അടിസ്ഥാനത്തിലുള്ള കേന്ദ്രീകൃത നേതൃത്വവും, ഈ കേന്ദ്രീകൃത നേതൃത്വത്തിന്റെ മാർഗനിർദ്ദേശങ്ങളോട് കൂടിയ ജനാധിപത്യവുമാണ്, ജനാധിപത്യ കേന്ദ്രീകരണം എന്നത് കൊണ്ട് അർത്ഥമാക്കുന്നത്.

ജനാധിപത്യ കേന്ദ്രീകരണ വ്യവസ്ഥയിൽ ഓരോ പാർട്ടി അംഗവും താൻ അംഗമായ ഘടകമെടുക്കുന്ന സംഘടിതമായ തീരുമാനങ്ങൾക്ക് വിധേയമായി വേണം പ്രവർത്തിക്കേണ്ടത്. ഭൂരിപക്ഷതീരുമാനങ്ങൾ നടപ്പിൽ വരുത്തുവാൻ ന്യൂനപക്ഷവും സഹകരിക്കേണ്ടതുണ്ട്. വ്യക്തിതാല്പര്യങ്ങളേക്കാൾ പാർട്ടിയുടെ താല്പര്യങ്ങൾക്ക് ആയിരിക്കും മുൻഗണന. വ്യക്തികൾ കൂട്ടായ തീരുമാനങ്ങൾക്കും ഇച്ഛകൾക്കും കീഴ്പ്പെടണം.

എന്നാൽ ഘടകത്തിന്റെ ഉള്ളിൽ സ്വതന്ത്രമായ വിമർശനങ്ങൾക്ക് ഓരോ അംഗത്തിനും അവകാശമുണ്ട്. മേലേക്കിടയിൽ ഉള്ളവർക്ക് തൊട്ട് താഴേക്കിടയിൽ ഉള്ളവർക്ക് വരെ, എല്ലാ തലത്തിലുമുള്ള വിമർശനവും, സ്വയം വിമർശനവും പാർട്ടി പ്രോൽസാഹിപ്പിക്കുന്നു. അതേ പോലെ, മേൽഘടകങ്ങളുടെ തീരുമാനങ്ങൾ നടപ്പിൽ വരുത്തുവാൻ കീഴ്‌ഘടകങ്ങൾ ബാദ്ധ്യസ്ഥരാണ്.

പാർട്ടി കോൺഗ്രസ്സിന്റെയും കേന്ദ്രകമ്മിറ്റിയുടെയും തീരുമാനങ്ങളും നിർദ്ദേശങ്ങളും എല്ലാ പാർട്ടി അംഗങ്ങളും നടപ്പിലാക്കണം. സ്വന്തം ഘടകത്തിലെ തെരെഞ്ഞെടുപ്പിൽ പങ്കാളികളാകുന്നതിനുള്ള അവകാശത്തിനു പുറമെ, മേൽക്കമ്മിറ്റികളെ തിരഞ്ഞെടുക്കുന്നതിനുള വിപുലമായ അവകാശവും കേന്ദ്രീകൃത ജനാധിപത്യതത്വം ഉറപ്പു നൽകുന്നു. എല്ലാ പാർട്ടി കമ്മിറ്റികളും കൂട്ടായ തീരുമാനത്തിന്റെയും പ്രവർത്തന പരിശോധനയുടെയും അടിസ്ഥാനത്തിലും വ്യക്തിപരമായ ഉത്തരവാദിത്തത്തോടെയും പ്രവർത്തിക്കണം. എല്ലാ പാർട്ടി കമ്മിറ്റികളും തങ്ങളുടെ പ്രവർത്തനങ്ങൾ സംബന്ധിച്ച് തൊട്ടുകീഴിലുള്ള പാർട്ടി ഘടകങ്ങൾക്ക് കാലകാലങ്ങളിൽ റിപ്പോർട്ട് ചെയ്യണം [1].

അവലംബങ്ങൾ തിരുത്തുക

  1. കെ.എൻ., ഗംഗാധരൻ (2012). മാർക്സിസ്റ്റ് പദാവലി (1st ed.). തിരുവനന്തപുരം: ചിന്താ പബ്ലിഷേഴ്സ് (published March 2012). p. 40-41. {{cite book}}: |access-date= requires |url= (help)