ഇന്ത്യയിലെ ജനന മരണ രജിസ്ട്രേഷൻ

(ജനന മരണ രജിസ്ട്രേഷൻ ഇന്ത്യയിൽ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഇന്ത്യയിൽ ഇന്നത്തെ രീതിയിലുള്ള ജനനമരണ രജിസ്ട്രേഷൻ തുടങ്ങിയത് ബ്രിട്ടീഷുകാരാണ്. 19-ആം നൂറ്റാണ്ടിന്റെ രണ്ടാം പകുതിയിൽ പല നഗരങ്ങളിലും ബ്രിട്ടീഷ് വംശജർക്കുവേണ്ടി തുടങ്ങിയ രജിസ്ട്രേഷൻ നിയമങ്ങൾ ഇന്ത്യക്കാരും ഉപയോഗപ്പെടുത്തിത്തുടങ്ങി. 1872-ൽ ബംഗാൾ പ്രവിശ്യയിലാണ് ഒരു സമ്പൂർണ്ണമായ നിയമനിർമ്മാണം ഉണ്ടായത്. പിന്നീട് 1876ൽ അന്നത്തെ ബ്രിട്ടീഷ് സർക്കാർ ജനനം, മരണം, വിവാഹം എന്നിവയുടെ രജിസ്ട്രേഷനു വേണ്ടി ഒരു നിയമമുണ്ടാക്കി. ഈ നിയമം ഓരോരോ സ്ഥലങ്ങളിൽ നിലനിന്നിരുന്ന നിയമങ്ങളെ തുടരാനനുവദിച്ചു. ഈ നിയമമനുസരിച്ച് രജിസ്ട്രേഷൻ നിർബന്ധിതമായിരുന്നില്ല. 1899 ൽ നിലവിൽ വന്ന മദ്രാസ് പ്രസിഡെൻസിയിലെ നിയമപ്രകാരം ജനന, മരണ രജിസ്ട്രേഷൻ മദ്രാസ് പ്രസിഡെൻസിയിൽ നിർബന്ധിതമാക്കി.

ഇന്ത്യ സ്വതന്ത്രമായതിനു ശേഷം ഇതിനായി ഒരു നിയമം ഉണ്ടാക്കുന്നതിനെക്കുറിച്ച് ഉണ്ടായ ചർച്ചകളുടെ ഫലമായി 1969ലെ ജനനമരണ രജിസ്ട്രേഷൻ ആക്റ്റ് പാർമെന്റ് പാസ്സാക്കി. 1970ൽ ഇതു ഇന്ത്യയിലെ ഒട്ടുമിക്കവാറും ഭാഗങ്ങളിലും നിലവിൽ വന്നു. കേന്ദ്രസർക്കാറിന്റെ ആഭ്യന്തരമന്ത്രാലയത്തിന്റെ കീഴിലുള്ള രജിസ്ട്രാർ ജനറലാണ് ജനനമരണ രെജിസ്ട്രേഷൻ പരിപാടികൾക്ക് മേൽനോട്ടം വഹിക്കുന്നത്. ഇന്ത്യയുടെ കാനേഷുമാരിയും ഇതേ കാര്യാലയം തന്നെയാണ് കൈകാര്യം ചെയ്യുന്നത്.

വ്യവസ്ഥകൾ

തിരുത്തുക

ജനന മരണ രജിസ്ട്രേഷൻ നിയമത്തിലെ ചില പ്രധാന വ്യവസ്ഥകൾ താഴെക്കൊടുക്കുന്നു.

  1. രജിസ്ട്രേഷൻ നിയമം നടപ്പാക്കുന്നത് സംയോജിപ്പിച്ച് കൊണ്ടുപോകുന്നതിന് രജിസ്ട്രാർ ജനറൽ, ഇന്ത്യ എന്ന ഉദ്യോഗസ്ഥനെ നിയമിക്കുക. അദ്ദേഹത്തിന്സ്വന്തം ഉത്തരവാദിത്തങ്ങൾ നിർവഹിക്കുന്നത്നു ആവശ്യമായ നിർദ്ദേശങ്ങൾ സംസ്ഥാനങ്ങൾക്ക്‌ നൽകാവുന്നതാണ് (വകുപ്പ് 3).
  2. സംസ്ഥാനങ്ങൾ അവിടുത്തെ രജിസ്ട്രേഷൻ വ്യവസ്ഥയുടെ തലവൻ ആയി ഒരു ചീഫ്‌ രെജിസ്ട്രാറെ നിയമിക്കണം (വകുപ്പ് 4).
  3. സംസ്ഥാനത്തിന്റെ പല രജിസ്ട്രേഷൻ പ്രദേശങ്ങളായി തിരിച്ച് പല നിയമങ്ങൾ നടപ്പാക്കവുന്നതാണ് (വകുപ്പ് 5).
  4. ജില്ലകളിൽ ഒരു ജില്ലാ രജിസ്ട്രാറെ നിയമിക്കേണ്ടാതാണ്. (വകുപ്പ് 6).
  5. ഓരോ പ്രദേശത്തിനും (മുൻസിപ്പാലിറ്റി, പഞ്ചായത്ത്‌, തുടങ്ങിയവ) ഒരു രജിസ്ട്രാറെ നിയമിക്കേണ്ടതുണ്ട്. രജിസ്ട്രാർ മുൻസിപ്പാലിറ്റി, പഞ്ചായത്ത്‌, തുടങ്ങിയവയിലെ ഉദ്യോഗസ്ഥൻ ആകാവുന്നതാണ്. രജിസ്ട്രാറുടെ ഔദ്യോകിക പരിധിക്കുള്ളിൽ സംഭവിക്കുന്ന ജനനങ്ങളെയും മരണങ്ങളെയും സംബന്ധിച്ചുള്ള വിവരങ്ങൾ അറിയുവാനും രജിസ്റ്റർചെയ്യുവാനുള്ള നടപടികൾ എടുക്കുവാനും രജിസ്ട്രാർ ബാദ്ധ്യസ്തനാണ് (വകുപ്പ് 7) (ഈ വകുപ്പനുസരിച്ച് ജനനവും മരണവും അത് സംഭവിച്ച സ്ഥലത്തെ രാജിസ്ട്ട്രാർ വേണം രജിസ്റ്റർ ച്യ്യുവാൻ. ഇന്ത്യക്ക് പുറത്തു നടന്ന ജനനവും മരണവും ഈ വകുപ്പ് പ്രകാരം രജിസ്റ്റർ ചെയ്യാൻ സാധിക്കുകയില്ല)
  6. ജനനം/മരണം നടക്കുന്ന സ്ഥലമനുസരിച്ച് അതിനെക്കുറിച്ച്രജിസ്ട്രാറെ അറിയിക്കേണ്ട ചുമതലയുള്ള വ്യക്തികൾ താഴെ പറയുംപോലെയാണ് (വകുപ്പുകൾ 8,9).
    1. ഗൃഹങ്ങളിൽ നടക്കുന്നവ - ഗൃഹനാഥൻ അദ്ദേഹത്തിൻറെ അഭാവത്തിൽ ഗൃഹത്തിലെ അദ്ദേഹത്തിൻറെ ഏറ്റവും അടുത്ത ബന്ധു/ ഏറ്റവും പ്രായം കൂടിയ പുരുഷൻ
    2. ആശുപത്രികൾ/ ആരോഗ്യ കേന്ദ്രങ്ങൾ തുടങ്ങിയവയിൽ നടക്കുന്നവ - അവിടുത്തെ മെഡികൽ ഓഫീസർ
    3. ജയിൽ - ജയിലർ
    4. ഹോസ്ടൽ, ലോഡ്ജ് തുടങ്ങിയവ - അവയുടെ മാനേജർ/ അധികാരി
    5. തോട്ടങ്ങൾ (4 ഹെക്ടറിൽ കൂടുതൽ വിസ്തീർണ്ണമുള്ളവ) - തോട്ടത്തിന്റെ മാനേജർ
  7. മിഡ് വൈഫ്‌, ഡോക്ടർ തുടങ്ങിയ ആരോഗ്യ പരിപാലന പ്രവർത്തകരും, ശവസംസ്കാരത്തിനുള്ള സ്ഥലങ്ങളുടെ നടത്തിപ്പുകാരും അവരുടെ ശ്രദ്ധയിൽ വരുന്ന ജനനങ്ങളെയും മരണങ്ങളെയും കുറിച്ചു രജിസ്ട്രാറെ അറിയിക്കാൻ ബാദ്ധ്യസ്തരാണ് (ഉപവകുപ്പ് (10(1))
  8. ആവശ്യമായ സൌകര്യങ്ങളുണ്ടെന്നു സംസ്ഥാന സർക്കാരിനു ബോദ്ധ്യപ്പെടുന്ന സ്ഥലങ്ങളിൽ മരണ കാരണം സംബന്ധിച്ച മെഡിക്കൽ സാക്ഷ്യപത്രം മരണ സമയത്ത് മരിച്ച ആളെ ചികിത്സിച്ചിരുന്ന ഡോക്ടർ, മരണത്തെക്കുറിച്ച് രജിസ്ട്രാർക്ക് വിവരം നൽകാൻ ബാദ്ധ്യതപ്പെട്ട ആൾക്ക്, നൽകണമെന്നത് നിർബന്ധിതമാക്കാം. (ഉപവകുപ്പ് (10(2))
  9. രജിസ്ട്രേഷൻ നടന്നു കഴിഞ്ഞാൽ ഉടൻതന്നെ യാതൊരു ഫീസും വാങ്ങാതെ രജിസ്റ്ററിൽൽ ചേർത്ത വിവരങ്ങളുടെ ഒരു പകർപ്പ്‌ വിവരം നൽകിയ ആളിന് നൽകേണ്ടതാണ്. (വകുപ്പ് 12)
  10. ചട്ടപ്രകാരമുള്ള സമയത്തിനു ശേഷം വിവരം നൽകിയാൽ:
    1. ജനനം/മരണം നടന്നിട്ട് ഒരു മാസത്തിനുള്ളിലാണെങ്കിൽ താമസിച്ചതിനുള്ള ഫീസ്‌ കൊടുക്കേണ്ടതാണ്(ഉപവകുപ്പ് 13(1))
    2. ഒരുമാസത്തിനു ശേഷം ഒരുവർഷത്തിനുള്ളിൽ വിവരം നൽകിയാൽ നോട്ടറിയുടെയോ, സംസ്ഥാന സർക്കാർ അധികാരപ്പെടുത്തിയ ഉദ്യോഗസ്തന്റെയോ മുമ്പിൽ സക്ഷ്യപ്പെടുത്തിയ ഒരു സത്യവങ്ങ്മൂലവും താമസിച്ചതിനുള്ള ഫീസും കൊടുക്കേണ്ടതാണ്(ഉപവകുപ്പ് 13(2))
    3. ഒരു വർഷത്തിനു ശേഷം ഒന്നക്ലാസ്‌ മജിസ്ട്രേട്ടിന്റെ അനുമതിയോടു കൂടി മാത്രമേ രജിസ്ടർ ചെയ്യാവൂ. (ഉപവകുപ്പ് 13(3))
  11. രജിസ്റ്റർ ചെയ്യുന്ന സമയത്ത് കുട്ടിയുടെ പേര് ചേർത്തിട്ടില്ലെങ്കിൽ ചട്ടപ്പടിയുള്ള സമയത്തിനുള്ളിൽ പേര് ചേർക്കാവുന്നതാണ് (വകുപ്പ് 14).
  12. ചട്ടപ്രകാരമുള്ള ഫീസിനും തപാൽ ചാർജിനും വിധേയമായി, ഏതൊരാൾക്കും രജിസ്റ്ററിൽ വിവരങ്ങൾ തിരയിക്കാവുന്നതും,. രജിസ്റ്ററിലെ വിവരങ്ങളുടെ സക്ഷ്യപ്പെടുത്തിയ പകർപ്പ് വാങ്ങിക്കാവുന്നതുമാണ്. (വകുപ്പ് 17) ഇങ്ങനെ കൊടുക്കുന്ന പകർപ്പിൽ മരണ കാരണം ചേർക്കാൻ പാടില്ല
  13. വിവരം നൽകാതിരിക്കുക, തെറ്റായ വിവരം നൽകുക, ഒപ്പ്‌ ഇടാതിരിക്കുക എന്നിവക്ക് 50 രൂപ വരെ പിഴ ഈടാക്കാവുന്നതാണ്. മറ്റു പല നിയമലംഘനത്തിനും പിഴ ഈടാക്കാവുന്നതാണ്. (വകുപ്പ് 23)
  14. നിയമത്തിലെ പല കാര്യങ്ങളും നടപ്പാക്കുന്നതിനാവശ്യമായ ചട്ടങ്ങൾ സംസ്ഥാനങ്ങൾക്ക് ഉണ്ടാക്കാവുന്നതാണ്. (വകുപ്പ് 30) (എല്ലാ സംസ്ഥാനങ്ങളിലും സമാനമായ ചട്ടങ്ങൾ ഉണ്ടാക്കപ്പെടുന്നതിനു വേണ്ടി രജിസ്ട്രാർ ജനറൽ മോഡൽ ചട്ടങ്ങൾ സംസ്ഥാനങ്ങൾക്ക് നൽകിയിട്ടുണ്ട്)
സംസ്ഥാനങ്ങൾ ഉണ്ടാക്കിയ ചില ചട്ടങ്ങൾ താഴെ കൊടുക്കുന്നു.
  1. രജിസ്ട്രാർക്ക് വിവരങ്ങൾ കൊടുക്കെണ്ടാതിനുള്ള ഫോറങ്ങൾ
  2. ജനനവും മരണവും അറിയിക്കാനുള്ള സമയപരിധി 21 ദിവസമായി ക്ളിപ്തപ്പെടുത്തി
  3. ജനനത്തിനു ശേഷം 15 വർഷം വരെ കുട്ടിയുടെ പേര് രജിസ്റ്ററിൽ ചേർക്കാവുന്നതാണ്
  4. ഓടിക്കൊണ്ടിരിക്കുന്ന വാഹനങ്ങളിൽ വച്ച് നടക്കുന്ന ജനനവും മരണവും രജിസ്റ്റർ ചെയ്യേണ്ട വിധം

ഈ നിയമത്തിന്റെ പരിധിയിൽ വരുന്നതല്ലെങ്കിലും ദത്തെടുക്കപ്പെടുന്ന കുട്ടികളുടെ ജനനം രജിസ്റ്റർ ചെയ്യേണ്ടുന്ന വിധം സംബന്ധിച്ച്, സുപ്രീം കോടതിയുടെ നിർദ്ദേശപ്രകാരം, രജിസ്ട്രാർ ജനറൽ മാർഗ്ഗനിർദ്ദേശങ്ങൾ നൽകിയിട്ടുണ്ട്.