സദ്‍ഗുരു

(ജഗ്ഗി വാസുദേവ് എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

സദ്‍ഗുരു എന്നറിയപ്പെടുന്ന ജഗ്ഗി വാസുദേവ്, ഒരു ഇന്ത്യൻ യോഗിയാണ്[അവലംബം ആവശ്യമാണ്]. അദ്ദേഹം സ്ഥാപിച്ച ഇഷാ ഫൗണ്ടേഷൻ ലാഭേച്ഛയില്ലാതെ പ്രവർത്തിക്കുന്ന ഒരു സംഘടനയാണ്[അവലംബം ആവശ്യമാണ്]. ഈ സംഘടന ഇന്ത്യ, അമേരിക്കൻ ഐക്യനാടുകൾ, ഇംഗ്ളണ്ട്, ലബനൻ, സിംഗപ്പൂർ, കാനഡ, മലേഷ്യ, ഉഗാണ്ട, ആസ്ട്രേലിയ, ഇങ്ങനെ ലോകമെമ്പാടും യോഗാ പ്രോഗ്രാമുകൾ നടത്തുന്നുണ്ട്[അവലംബം ആവശ്യമാണ്]. സമൂഹനന്മക്കും ഉന്നമനത്തിനും ഉതകുന്ന ധാരാളം പരിപാടികളിൽ ഈ സംഘടന ഭാഗഭാക്കാകുന്നു[അവലംബം ആവശ്യമാണ്]. അതിനാൽ ഇതിന് ഐക്യരാഷ്ട്ര സംഘടനയുടെ സാമ്പത്തികസാമൂഹ്യ കൗൺസിലിൽ പ്രത്യേക ഉപദേഷ്ടാവ് എന്ന സ്ഥാനം ലഭിച്ചിട്ടുണ്ട്[അവലംബം ആവശ്യമാണ്].

Sadhguru Jaggi Vasudev
Sadhguru
Personal
ദേശീയതIndian
ജനനം (1957-09-03) 3 സെപ്റ്റംബർ 1957  (67 വയസ്സ്)
മൈസൂർ, കർണാടക

ആദ്യകാല ജീവിതം

തിരുത്തുക

1957 സെപ്തംബർ 3 ന് കർണാടക സംസ്ഥാനത്തിൽ മൈസൂറിലെ ഒരു തെലുങ്കു കുടുംബത്തിലാണ്‌ ജഗദീശ് ജനിച്ചത്. ശ്രീമതി സുശീലയുടെയും ഡോക്ടർ വാസുദേവന്റെയും നാലു മക്കളിൽ (രണ്ട് ആൺകുട്ടികളും രണ്ടു പെൺകുട്ടികളും) ഏറ്റവും ഇളയ കുട്ടിയായിരുന്നു അദ്ദേഹം. കുട്ടിയുടെ ഭാവിയെപ്പറ്റി പ്രവചിക്കാനാവശ്യപ്പെട്ടപ്പോൾ നാടോടിയായ ഒരു ജ്യോത്സ്യൻ പറഞ്ഞത് അവനു സൗഭാഗ്യകരമായ ഒരു ജീവിതമുണ്ടാകുമെന്നാണ്. അദ്ദേഹം, കുഞ്ഞിന് 'പ്രപഞ്ചനാഥൻ' എന്നർത്ഥം വരുന്ന 'ജഗദീശ്' എന്ന് പേരും നല്കി. സദ്‍ഗുരുവിന്റെ അച്ഛൻ ഇന്ത്യൻറെയിൽവേയിലെ ഒരു കണ്ണ് ഡോക്ടറായിരുന്നതിനാൽ കുടുംബം അടിക്കടി സ്ഥലം മാറി താമസിച്ചു കൊണ്ടിരുന്നു. വളരെ ചെറുപ്പത്തിൽത്തന്നെ ജഗ്ഗി (പിന്നീട് അദ്ദേഹം അങ്ങനെ അറിയപ്പെടുന്നു) പ്രകൃതിയിൽ തല്പരനാകുകയും അടുത്തുള്ള വനങ്ങളിലേക്ക് പതിവായി പോകുകയും ചെയ്തിരുന്നു. ചിലപ്പോഴൊക്കെ ഈ യാത്രകൾ മൂന്നു ദിവസം വരെ നീണ്ടു പോയി. പതിനൊന്നാമത്തെ വയസ്സിൽ ജഗ്ഗി മലാഡിഹള്ളി രാഘവേന്ദ്രസ്വാമിജിയെ കണ്ടുമുട്ടി. സ്വാമിജി അദ്ദേഹത്തെ ലളിതമായ കുറച്ചു യോഗാസനങ്ങൾ പഠിപ്പിച്ചു. ഈ ആസനങ്ങൾ ജഗ്ഗി കൃത്യമായി ചെയ്തിരുന്നു. പഠിച്ച യോഗാസനങ്ങൾ ഒരു ദിവസം പോലും മുടങ്ങാതെ ചെയ്തുകൊണ്ടിരിക്കയും, അതു പിന്നീട് വളരെ ആഴമേറിയ അനുഭവങ്ങളിലേക്കു നയിക്കുകയും ചെയ്തു എന്നാണ് സദ്‍ഗുരു പറയുന്നത്.

സ്കൂൾ വിദ്യാഭ്യാസം കഴിഞ്ഞ് അദ്ദേഹം മൈസൂർ യൂണിവേഴ്‍സിറ്റിയിൽ നിന്ന് ഇംഗ്ളീഷ് സാഹിത്യത്തിൽ ക്ലാസ്സിൽ രണ്ടാമനായി ബിരുദം നേടി. കോളേജ് വിദ്യാഭ്യാസകാലത്ത് അദ്ദേഹത്തിന് യാത്രകളിലും മോട്ടോർ ബൈക്ക് സവാരിയിലും താത്പര്യമുണ്ടായി. അദ്ദേഹവും കൂട്ടുകാരും അടിക്കടി പോകുന്ന ഒരു സ്ഥലമായിരുന്നു മൈസൂറിനടുത്തുള്ള ചാമുണ്ഡിക്കുന്നുകൾ. പലപ്പോഴും അവർ അവിടെ ഒത്തുകൂടുകയും രാത്രിയിൽ മോട്ടോർ സൈക്കിൾ സവാരി നടത്തുകയും ചെയ്തു. രാജ്യത്തെ പല സ്ഥലങ്ങളിലേക്കും അദ്ദേഹം തന്റെ മോട്ടോർ സൈക്കിളിൽ യാത്ര നടത്തി. ഇന്തോ - നേപ്പാൾ അതിർത്തിയിൽ നിന്ന് അദ്ദേഹത്തിന് നേപ്പാളിലേക്കു കടക്കാൻ കഴിഞ്ഞില്ല. ഈ അനുഭവം കാരണം എളുപ്പമാർഗ്ഗത്തിൽ കുറച്ചു പണമുണ്ടാക്കി, ആളുകൾ തടയാത്ത എവിടെയെങ്കിലുമൊക്കെ പോകണമെന്ന് അദ്ദേഹം ഉറച്ച തീരുമാനമെടുത്തു. അതിനായി, ബിരുദം നേടിയ ശേഷം, അദ്ദേഹം കോഴി വളർത്തൽ, കട്ടനിർമ്മാണം, തുടങ്ങി പല ബിസിനസ്സും വിജയകരമായി ചെയ്തു.

ആത്മീയാനുഭവം

തിരുത്തുക

1982 സെപ്റ്റംബർ 23 ന് തന്റെ ഇരുപത്തിയഞ്ചാം വയസ്സിൽ ചാമുണ്ഡിക്കുന്നിലെ ഒരു പാറപ്പുറത്തിരുന്നപ്പോൾ സദ്‍ഗുരുവിന് ഒരു ആത്മീയാനുഭവമുണ്ടായി. ആ അനുഭവം അദ്ദേഹം വിശദീകരിക്കുന്നത് ഇങ്ങനെയാണ്: "എന്റെ ജീവിതത്തിൽ ആ നിമിഷംവരെ ഇതു ഞാനും അത് മറ്റൊരാളോ, മറ്റെന്തോ ആണെന്നുമാണ് ഞാൻ ധരിച്ചിരുന്നത്. ആദ്യമായി ഞാനേത്, ഞാനല്ലാത്തതേത് എന്നു മനസ്സിലാക്കാൻ കഴിയാതെയായി. പെട്ടെന്ന്, ഞാൻ എന്നത് അവിടം മുഴുവൻ നിറഞ്ഞു നിന്നു. ഞാനിരുന്ന പാറ, ഞാൻ ശ്വസിക്കുന്ന വായു, എന്റെ ചുറ്റുമുള്ള അന്തരീക്ഷം ..എല്ലാറ്റിലേക്കും ഞാൻ വ്യാപിച്ചു നിന്നു. ഇത് വെറും ഒരു മതിഭ്രമം പോലെ തോന്നി. വെറും പത്തു പതിനഞ്ചു മിനിട്ടു സമയം നീണ്ടുനിന്നതുപോലെയേ തോന്നിയുള്ളു. പക്ഷേ സാധാരണ ബോധത്തിലേക്കു തിരിച്ചു വന്നപ്പോൾ മനസ്സിലായി ഏകദേശം നാലര മണിക്കൂറായി എന്ന്. കണ്ണുകൾ തുറന്ന് പൂർണ ബോധത്തോടെ ഞാൻ അവിടെ ഇരിക്കുകയായിരുന്നു. സമയം പോയതറിഞ്ഞില്ല". ഈ അനുഭവത്തിനുശേഷം ആറാഴ്ച കഴിഞ്ഞപ്പോൾ അദ്ദേഹം തന്റെ ബിസിനസ്‌ ഒരു സുഹൃത്തിനു വിട്ടു കൊടുത്തിട്ട് തന്റെ ദിവ്യാനുഭവത്തിലേക്കു കൂടുതൽ ഉൾക്കാഴ്ച ലഭിക്കുവാനായി വ്യാപകമായി യാത്ര ചെയ്തു. ഒരു വർഷത്തെ യാത്രക്കും ധ്യാനത്തിനും ശേഷം സദ്‍ഗുരു തന്റെ ആന്തരികാനുഭവം പങ്കിടാനായി യോഗ പഠിപ്പിക്കുവാൻ തീരുമാനിച്ചു.

1983 ൽ ഏഴു പേരെ പങ്കെടുപ്പിച്ച് അദ്ദേഹം തന്റെ ആദ്യത്തെ യോഗാക്ലാസ് നടത്തി. അതിനടുത്താണ് പിന്നീട് ഇഷാ യോഗ സെന്റർ സ്ഥാപിച്ചത്. ആസനങ്ങൾ, പ്രാണായാമം, ക്രിയ, ധ്യാനം ഇവയൊക്കെ ഉൾപ്പെട്ട ഈ ക്ലാസ്സുകൾ 'സഹജസ്ഥിതി യോഗ' എന്നാണ് അറിയപ്പെട്ടിരുന്നത്. ആത്മീയാന്വേഷികളുടെ എണ്ണം കൂടിക്കൂടി വന്നപ്പോൾ അവർക്കായി ഒരു ആശ്രമം സ്ഥാപിക്കാൻ 1993-ൽ സദ്‍ഗുരു തീരുമാനിച്ചു. കേരളം, കർണാടകം, തമിഴ്‌ നാട്, ഗോവ ഇവിടങ്ങളിലൊക്കെ പോയി പല സ്ഥലങ്ങളും പരിശോധിച്ചിട്ടു തൃപ്തി വരാത്ത അദ്ദേഹം കോയമ്പത്തൂരിൽ നിന്നും ഏകദേശം 40 കിലോമീറ്റർ ദൂരെ വെള്ളിയാംഗിരി മലകളുടെ താഴ്‍വാരത്തിൽ 13 ഏക്കർ സ്ഥലം തെരഞ്ഞെടുക്കുകയും 1994-ൽ ആ സ്ഥലം വാങ്ങി ഇഷാ യോഗാ സെന്റർ സ്ഥാപിക്കുകയും ചെയ്തു.

ധ്യാനലിംഗം

തിരുത്തുക

1994-ൽ സദ്‍ഗുരു ആശ്രമപരിസരത്ത് ആദ്യമായി പ്രോഗ്രാം നടത്തി. ആ സമയത്ത് അദ്ദേഹം ധ്യാനലിംഗത്തെപ്പറ്റി സംസാരിച്ചു. ധ്യാനലിംഗം ഒരു യോഗക്ഷേത്രവും ധ്യാനസ്ഥലവുമാണ്. അദ്ദേഹത്തിന്റെ ഗുരു അദ്ദേഹത്തെ ഏൽപ്പിച്ച ജീവിതദൗത്യമാണ് അതിന്റെ പ്രതിഷ്ഠ. ലിംഗത്തിനുള്ള കല്ല്‌ 1996-ൽ ഓർഡർ ചെയ്ത് ആശ്രമത്തിൽ വരുത്തി. 3 വർഷത്തെ പ്രയത്നത്തിനു ശേഷം 1999 ജൂൺ 23 - ന് ധ്യാനലിംഗം പൂർത്തിയാകുകയും നവംബർ 23 - ന് പൊതു ജനങ്ങൾക്കായി തുറക്കുകയും ചെയ്തു. ഒരു പ്രത്യേക മതത്തിലോ വിശ്വാസപ്രമാണത്തിലോ അധിഷ്ടിതമല്ലാത്ത ഒരു ധ്യാനസ്ഥലമാണ് ധ്യാനലിംഗ ക്ഷേത്രം. 76 അടി വ്യാസമുള്ള, ചുടുകട്ടയും ബലപ്പെടുത്തിയ ചെളിയും മാത്രമുപയോഗിച്ചു നിർമിച്ചിരിക്കുന്ന അർധഗോളാകൃതിയിലെ മകുടം ഗർഭഗൃഹത്തെ ആവരണം ചെയ്യുന്നു. സ്റ്റീലോ കോൺക്രീറ്റോ ഉപയോഗിച്ചിട്ടില്ല. സാന്ദ്രതകൂടിയ കറുത്ത ഗ്രാനൈറ്റിനാൽ നിർമിച്ചിരിക്കുന്ന ലിംഗത്തിന് 13' 9" പൊക്കമുണ്ട്. മുന്നിലെ പ്രവേശനകവാടത്തിനടുത്തുള്ള സർവമതസ്തംഭം ഏകത്വത്തിന്റെ അടയാളമായി നില കൊള്ളുന്നു. ഹിന്ദു, മുസ്ലിം, ക്രിസ്തു, സിക്ക്, ജൈന, താവോ, സൗരാഷ്ട്ര, ജൂത, ബുദ്ധ, ഷിന്റോ മതങ്ങളുടെ ശില്പങ്ങളും അടയാളങ്ങളും അതിന്മേൽ കൊത്തിയിട്ടുണ്ട്‌.

ഇഷാ ഫൗണ്ടേഷൻ

തിരുത്തുക

സദ്‍ഗുരു സ്ഥാപിച്ച ഇഷാ ഫൗണ്ടേഷൻ പൂർണമായും സന്നദ്ധസേവകരാൽ പ്രവർത്തിക്കുന്ന ലാഭേച്ഛയില്ലാത്ത മതേതര സ്ഥാപനമാണ്‌. കോയമ്പത്തൂരിനടുത്തുള്ള ഇഷാ യോഗാസെന്റർ 1992 ലാണ് സ്ഥാപിച്ചത്. യോഗയിലൂടെ അവബോധമുയർത്താനുതകുന്ന പ്രോഗ്രാമുകളുടെ ഒരു പരമ്പര തന്നെ ഇവിടെ നടത്തുന്നുണ്ട്. ഐക്യരാഷ്ട്ര സംഘടനയിലെ എക്കണോമിക് & സോഷ്യൽ കൗൺസിൽ പോലെയുള്ള അന്താരാഷ്ട്ര സംഘടനകളുമായും ഇഷാ ഫൌണ്ടേഷൻ സഹകരിച്ചു പ്രവർത്തിക്കുന്നുണ്ട്.

സാമൂഹിക സംരംഭങ്ങൾ

തിരുത്തുക

സദ്‍ഗുരു, പ്രോജക്റ്റ്‌ ഗ്രീൻ ഹാൻഡ്സ് എന്ന ഒരു പരിസ്ഥിതി പ്രസ്ഥാനവും ആരംഭിച്ചു. 2010 ജുണിൽ ഭാരതസർക്കാർ ഈ സംരംഭത്തിന് രാജ്യത്തെ ഏറ്റവും ഉയർന്ന പരിസ്ഥിതി അവാർഡായ 'ഇന്ദിരാഗാന്ധി പര്യാവരൺ പുരസ്കാർ' സമ്മാനിച്ചു. തമിഴ്‍നാട്ടിലെ പച്ചപ്പ്‌ 10%വർദ്ധിപ്പിക്കുവാൻ ലക്ഷ്യമിടുന്ന പ്രോജക്റ്റ്‌ ഗ്രീൻ ഹാൻഡ്സ് ഒറ്റ ദിവസം 8.2 ദശലക്ഷം വൃക്ഷ ത്തൈകൾ നടുന്നതിന് നേതൃത്വം നല്കി. രണ്ടു ലക്ഷത്തിലധികം സന്നദ്ധസേവകർ ഇതിനായി പ്രവർത്തിച്ചു. പാവപ്പെട്ട ഗ്രാമീണജനതയുടെ പൊതുവായ ആരോഗ്യവും ജീവിതനിലവാരവും മെച്ചപ്പെടുത്തുവാൻ ലക്ഷ്യമിട്ട് ഇഷാ ഫൗണ്ടേഷൻ ആരംഭിച്ച മറ്റൊരു സംരംഭമാണ് 'ആക്ഷൻ ഫോർ റൂറൽ റെജുവനേഷൻ' (ARR). 2003 ലാണ് സദ്‍ഗുരു ARR സ്ഥാപിച്ചത്. 54,000 ഗ്രാമങ്ങളിലായി 70 ദശലക്ഷം ജനങ്ങൾക്ക്‌ പ്രയോജനം ലഭിക്കാനാണ് ഇതുകൊണ്ടുദ്ദേശിക്കുന്നത്. 2010 ആയപ്പോഴേക്കും 4,200 - ലധികം ഗ്രാമങ്ങളിലായി 7 ലക്ഷത്തിലധികം പേരിൽ ARR എത്തിച്ചേർന്നുകഴിഞ്ഞു.

ഗ്രാമീണഭാരതത്തിലെ വിദ്യാഭ്യാസ - സാക്ഷരതാ നിലവാരം ഉയർത്താൻ ഉദ്ദേശിച്ചുള്ള ഇഷാ ഫൗണ്ടേഷന്റെ ഒരു വിദ്യാഭ്യാസ സംരംഭമാണ് ഇഷാ വിദ്യാ സ്കൂളുകൾ. ഇപ്പോൾ പ്രവർത്തനത്തിലുള്ള 7 സ്കൂളുകളിലായി ഏകദേശം 3,000 കുട്ടികൾ പഠിക്കുന്നു.

യോഗാ പ്രോഗ്രാമുകൾ

തിരുത്തുക

ആശ്രമം സ്ഥാപിച്ചശേഷം സദ്‍ഗുരു ഇഷാ യോഗാ കേന്ദ്രത്തിൽ സ്ഥിരമായി യോഗാപ്രോഗ്രാമുകൾ നടത്തുവാൻ തുടങ്ങി. അക്കൂട്ടത്തിൽ 1996-ൽ ഇന്ത്യൻ ഹോക്കി ടീമിനും ഒരു കോഴ്സ് നടത്തി. 1997 -ൽ അദ്ദേഹം അമേരിക്കൻ ഐക്യനാടുകളിൽ ക്ലാസ്സുകൾ നടത്താൻ തുടങ്ങി. 1998-ൽ തമിഴ്‍നാട്ടിലെ ജയിലുകളിൽ ജീവപര്യന്തം തടവുകാർക്കു വേണ്ടിയും യോഗാ ക്ലാസ്സുകളാരംഭിച്ചു. സദ്‍ഗുരു നൽകുന്ന യോഗാപ്രോഗ്രാമുകൾ "ഇഷായോഗാ" എന്ന കുടക്കീഴിലാണ്. 'ഇഷാ' എന്ന വാക്കിനർത്ഥം 'രൂപമില്ലാത്ത ദിവ്യത്വം' എന്നാണ്. ഇഷായോഗയിലെ പ്രധാന പ്രോഗ്രാമായ 'ഇന്നർ എൻജിനീയറിംഗി'-ൽ, വ്യക്തികളെ പ്രാണായാമം, ധ്യാനം ഇവയിലൂടെ 'ശാംഭവി മഹാമുദ്ര' യിലേക്ക് ഉപക്രമിക്കുന്നു. കോർപറേറ്റ് നേതൃത്വത്തിനുവേണ്ടിയും അദ്ദേഹം യോഗാക്ലാസ്സുകൾ നടത്തുന്നുണ്ട്. അതിലൂടെ അവരെ, ഒരു ഉൾക്കൊള്ളുന്ന സാമ്പത്തിക ശാസ്ത്രത്തിലേക്കു പരിചയപ്പെടുത്തുവാനും ഇന്നത്തെ സാമ്പത്തികരംഗത്ത്‌ അനുകമ്പയും ഉൾക്കൊള്ളാനുള്ള പ്രവണതയും ഒക്കെ പ്രവേശിപ്പിക്കാനും സാധിക്കുമെന്നാണ് അദ്ദേഹം പറയുന്നത്.

സദ്‍ഗുരു, തമിഴ്‌നാട്ടിലും കർണാടകത്തിലും മഹാസത്‍സംഗങ്ങളും നടത്താറുണ്ട്‌. പ്രഭാഷണങ്ങൾ, ധ്യാനം, സദസ്യരുമായി ചോദ്യോത്തരവേളകൾ, ഇവയൊക്കെ ഉൾപ്പെട്ടതാണ് ഈ സത്‍സംഗങ്ങൾ. മരങ്ങൾ നട്ടുപിടിപ്പിക്കുന്നതു പ്രോത്സാഹിപ്പിക്കാനുള്ള വേദിയായും ഈ സത്‍സംഗങ്ങളെ പ്രയോജനപ്പെടുത്താറുണ്ട്. കൂടാതെ, വർഷം തോറും അദ്ദേഹം ആത്മീയാന്വേഷികളെ ഹിമാലയത്തിലെ കൈലാസ പർവതത്തിലേക്കു കൊണ്ടുപോകാറുണ്ട്. കൈലാസത്തിലേക്കു പോകുന്ന ഏറ്റവും വലിയ യാത്രാ സംഘങ്ങളിലൊന്നാണ് സദ്‍ഗുരു നയിക്കുന്ന സംഘം. 2010-ൽ ഇതിൽ 514 പേർ പങ്കെടുത്തു.

2005 മാർച്ചിൽ അമേരിക്കയിലെ മക് മിൻവിൽ ലുള്ള ടെന്നെസ്സെയിൽ ഇഷാ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്നർ സയൻസസ്‍ന്റെ പണി തുടങ്ങുകയും ആറുമാസം കൊണ്ടു പൂർത്തീകരിക്കുകയും ചെയ്തു. ഇഷാ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്നർ സയൻസസ്‍നെ ആത്മീയവളർച്ചക്കുള്ള പശ്ചിമാർദ്ധഗോളത്തിലെ കേന്ദ്രമാക്കിത്തീർക്കാനാണ് സദ്‍ഗുരു തീരുമാനിച്ചിരിക്കുന്നത്. 2008 നവംബർ 7 ന് അവിടെ 39,000 sq.ft. വിസ്തീർണമുള്ള, തൂണുകളില്ലാതെ സ്വതന്ത്രമായി നിൽക്കുന്ന, 'മഹിമ' എന്ന ധ്യാനഹാൾ പവിത്രീകരണം ചെയ്തു. 2010 ജനുവരി 30 ന് സദ്‍ഗുരു ഇഷാ യോഗാ കേന്ദ്രത്തിൽ സ്ത്രൈണ ദൈവികതയുടെ പ്രതീകമായ 'ലിംഗഭൈരവി' ദേവിയെ പ്രതിഷ്ടിച്ചു.

ആഗോളവേദികളിലെ പങ്കാളിത്തം

തിരുത്തുക

2001-ൽ ഐക്യരാഷ്ട്രസംഘടനയുടെ മില്ലെനിയം വേൾഡ് പീസ്‌ സമ്മിറ്റ്‍ലും 2006 മുതൽ 2008 വരെ വർഷങ്ങളിൽ വേൾഡ് ഇക്കണോമിക് ഫോറത്തിലും സ‍ദ്‍ഗുരു സംസാരിച്ചു. 2012-ൽ പരിസ്ഥിതി സംരക്ഷണത്തിനും പരിസ്ഥിതി സംബന്ധിച്ച പ്രശ്നങ്ങളിൽ പൊതുജനപങ്കാളിത്തം പ്രോത്സാഹിപ്പിക്കുന്നതിനും നൽകിയ സംഭാവന പരിഗണിച്ച് 100 ഏറ്റവും ശക്തരായ ഇന്ത്യക്കാരിൽ ഒരാളായി അദ്ദേഹവും വോട്ടു നേടി. 2006-ലെ വൺ : ദ മൂവീ എന്ന ഡോക്യുമെന്ററിയിലും അദ്ദേഹത്തിന്റെ സാന്നിധ്യമുണ്ടായിരുന്നു.

പുറത്തേയ്ക്കുള്ള കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=സദ്‍ഗുരു&oldid=3720843" എന്ന താളിൽനിന്ന് ശേഖരിച്ചത്