ചേക്കുട്ടി (ബാല നോവൽ)

(ചേക്കുട്ടി(ബാല നോവൽ) എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

മലയാള സാഹിത്യകാരനായ സേതു രചിച്ച ബാലസാഹിത്യ കൃതിയാണ് ചേക്കുട്ടി. ഈ കൃതിക്ക് 2021 ലെ കേന്ദ്ര സാഹിത്യ അക്കാദമിയുടെ ബാലസാഹിത്യകൃതിക്കുള്ള പുരസ്കാരം ലഭിച്ചു.

ഇതിവൃത്തം

തിരുത്തുക

പ്രളയത്തിൽ നിശ്ചലമായ ചേന്ദമംഗലം ഗ്രാമത്തിന്റെ കൈത്തറി വിപണിയാണ് ഈ നോവലിന്റെ പശ്ചാത്തലം. "എന്റെ ജന്മനാടായ ചേന്ദ മംഗലത്തിന്റെ അതിജീവനത്തിലൂടെ ചേക്കുട്ടിപ്പാവകൾക്ക്‌ ജീവൻവയ്ക്കുന്നതാണ്‌ നോവലിന്റെ ഇതിവൃത്തം. "അപ്രതീക്ഷിതമായ പ്രളയത്തിൽ ലക്ഷക്കണക്കിന് വിലയുള്ള കൈത്തറി വസ്ത്രങ്ങൾ ഉണങ്ങിപ്പിടിച്ച കറയുമായി ഉപയോഗശൂന്യമായിരുന്നു. അവ തിരഞ്ഞെടുത്തു അണുവിമുക്തമാക്കിയതിനു ശേഷം, പ്രത്യേക രൂപത്തിലുള്ള പാവകളാക്കി മാറ്റി സാമൂഹ്യ പ്രവർത്തകർ ചേക്കുട്ടി പാവകൾ എന്ന പേരിൽ വിപണിയിലെത്തിച്ചിരുന്നു. സാമൂഹിക പ്രവർത്തകയും ഫാഷൻ ഡിസൈനറുമായ ലക്ഷ്മി മേനോനും സുഹൃത്ത് ഗോപിനാഥനുമാണ് ‘ചേക്കുട്ടി’എന്ന ആശയം പ്രാവർത്തികമാക്കിയത്. ചേക്കുട്ടിയെ അതിന്റെ പിറവിയും മഹത്വവും എന്തെന്ന് വിവരിച്ചു കൊണ്ട് തന്നെ, ഒരു ജീവനുള്ള കഥാപാത്രമായി നമ്മുടെ കുട്ടികൾക്ക് മുൻപിൽ അവതരിപ്പിക്കുകയാണ് ഈ നോവലിൽ സേതു.[1]

വിനോദിനിയെന്ന റിട്ടയേർഡ് സ്‌കൂൾ അധ്യാപിക ചേക്കുട്ടി പാവകളുടെ നിർമ്മാണത്തിൽ ഏർപ്പെട്ടിരിക്കുന്നു. താനുണ്ടാക്കിയ ഒരു പാവക്ക് ജീവൻ നൽകുകയാണ് അവർ. മറ്റു കുട്ടികളെ പോലെ തന്നെ കുറുമ്പും കുസൃതിയും ചിരിയും കരച്ചിലുമൊക്കെ ചിന്നുവെന്ന ചേക്കുട്ടിക്കുണ്ട്. അവൾക്കു കൂട്ടായി, അനിയന്മാരും അനിയത്തിമാരും ഒക്കെയായി നാല് ചേക്കുട്ടിമാർക്കു കൂടി ടീച്ചർ ജന്മം നൽകുന്നു. കല്യാണി എന്ന പ്രായം ചെന്ന പരിചാരികയുടെ ശിക്ഷണത്തിൽ അഞ്ചു ചേക്കുട്ടികൾ വളർന്നു വരുന്നു. സ്‌കൂളിൽ പോയി തുടങ്ങുന്ന ചിന്നു ഒടുവിൽ തന്റെ സ്വത്വം തിരിച്ചറിയുന്നിടത്തു നിന്നു കഥ വഴി മാറുകയാണ്. തന്റെ പേര് ചിന്നുവെന്നല്ല ചേക്കുട്ടി ആണെന്ന് ഉറപ്പിച്ചു പറയുകയും, കഴുകി വൃത്തിയാക്കി നൽകുന്ന ഉടുപ്പിൽ ചേറു കൊണ്ട് അടയാളങ്ങളിടുകയും ചെയ്തു കൊണ്ട് ചിന്നു അഭിമാനത്തോടെ തന്റെ കഥ വെളിപ്പെടുത്തുന്നു. താൻ നിസ്സാരയായ ഒരു പാവയല്ലെന്നും തന്റെ ജന്മം വ്യക്തമായ ലക്ഷ്യങ്ങളോട് കൂടിയതാണെന്നും ചേക്കുട്ടി തിരിച്ചറിയുന്നു.

പുസ്കാരങ്ങൾ

തിരുത്തുക
  • കേന്ദ്ര സാഹിത്യ അക്കാദമിയുടെ ബാലസാഹിത്യകൃതിക്കുള്ള പുരസ്കാരം
  1. https://www.dcbooks.com/readers-review-for-chekkutty-novel.html
"https://ml.wikipedia.org/w/index.php?title=ചേക്കുട്ടി_(ബാല_നോവൽ)&oldid=3944064" എന്ന താളിൽനിന്ന് ശേഖരിച്ചത്