ചെരപ്പ
പച്ചക്കറി വിത്ത് കേടുവരാതെ സൂക്ഷിക്കാൻ ഉപയോഗിച്ചിരുന്ന ചെരപ്പ ഒരു കായയുടെ കട്ടിയുള്ള പുറംതോടാണ്. ഇതിൽ ചെടികളുടെ വിത്തുകൾ നിറച്ച് മണ്ണുകൊണ്ട് അടച്ചു വെച്ചാൽ കീടങ്ങളുടെ ശല്യമില്ലാതെ വളരെ കാലത്തോളം വിത്തുകൾ നിലനിൽക്കും. ചുരക്ക എന്ന പച്ചക്കറിയുടെ കായകൊണ്ടാണ് ചെരപ്പ നിർമ്മിക്കുന്നത്. നന്നായി മൂപ്പെത്തിയ ചുരക്കയുടെ ഉള്ളിൽനിന്നും വിത്തുകൾ നീക്കം ചെയ്ത് ഉണക്കിയെടുത്താണ് പാത്രത്തിന്റെ ആകൃതിയിലുള്ള ചെരപ്പ ഉണ്ടാക്കുന്നത്. മൂപ്പെത്താത്ത ചുരക്ക കറിവയ്ക്കാൻ ഉപയോഗിക്കുമെങ്കിലും, മൂപ്പെത്തിയ ചുരക്കയ്ക്ക് കട്ടിയുള്ള പുറന്തോട് ഉള്ളതിനാൽ ഭക്ഷ്യയോഗ്യമല്ല. കള്ള് ചെത്തുകാർ തെങ്ങിൽ നിന്ന് കള്ള് ശേഖരിക്കാൻ ചെരപ്പ ഉപയോഗിക്കാറുണ്ട്. പ്ലാസ്റ്റിക്ക് പാത്രങ്ങളുടെ വരവോടെ ചെരപ്പ ഒരു അപൂർവ വസ്തുവായി മാറിക്കൊണ്ടിരിക്കുന്നു.