ചരിത്രപരമായ ഒരുപാട് കെട്ടിടങ്ങളും സ്ഥലങ്ങളും, നീണ്ട മണൽ ബീച്ചുകളും, കലാസാംസ്കാരിക കേന്ദ്രങ്ങളുമുള്ള ഒരു തെന്നിന്ത്യൻ നഗരമാണ് ചെന്നൈ.. ട്രാവൽ ഗൈഡ് ലോൺലി പ്ലാനറ്റിൻറെ 2015-ലെ ആദ്യ 10 റാങ്കിംഗിൽ ഒൻപതാം സ്ഥാനത്ത് ചെന്നൈ ആണ്. [1] [2]

Marina Beach as seen from Light house

തമിഴ്‌നാ‍ടിൻറെ തലസ്ഥാനവും ഇന്ത്യയിലെ നാലാമത്തെ വലിയ മെട്രോ നഗരവുമാണ്‌ ചെന്നൈ. ലോകത്തിലെ തന്നെ 34-ആമത്തെ ഏറ്റവും വലിയ നഗരസമുച്ചയമാണ് ചെന്നൈ. തെക്കേ ഇന്ത്യയുടെ പ്രവേശനകവാടം കൂടിയാണ് ഈ നഗരം. ഇന്ത്യൻ മെട്രോകളിൽ പാ‍രമ്പര്യവും സംസ്കാരവും ഇന്നും നിലനിർത്തുന്ന നഗരം. നഗരവാസികൾ മാതൃഭാഷയോട് (തമിഴ്) ആഭിമുഖ്യം പുലർത്തുന്നു. ചെന്നൈയിലെ മറീന ബീച്ച് ലോകത്തിലെ തന്നെ നീളം കൂടിയ കടൽത്തീരങ്ങളിൽ ഒന്നാണ്. ‘കോളിവുഡ്’ എന്നും അറിയപ്പെടുന്ന തമിഴ് സിനിമയുടെ ആസ്ഥാനവും ചെന്നൈ തന്നെ.

ബീച്ചുകൾ

തിരുത്തുക

മറീന ബീച്ച്, ഏലിയറ്റ്’സ് ബീച്ച്, ബസന്ത്‌ നഗർ ബീച്ച്, ഒലിവ് ബീച്ച്, തിരുവാന്മിയൂർ ബീച്ച് തുടങ്ങി അനവധി ബീച്ചുകൾ ചെന്നൈയിൽ ഉണ്ട്. ഇന്ത്യയിലെ ചെന്നൈ നഗരത്തിൽ നിന്ന് 12 കി.മീ ദൂരത്തിൽ ബംഗാൾ കടൽത്തീരത്തായി സ്ഥിതി ചെയ്യുന്ന ഒരു ബീച്ചാണ് മറീന ബീച്ച്. തെക്ക് സെന്റ് ജോർജ്ജ് കോട്ടക്കടുത്ത് നിന്നാണ് മറീന ബീച്ച് ആരംഭിക്കുന്നത്. ഇവിടെ നിന്ന് ബസന്ത് നഗർ‍ വരെ 12 കി.മീ നീളത്തിൽ ബീച്ച് നീണ്ടു കിടക്കുന്നു. ഈ ബീച്ചിൻറെ മറ്റൊരു പ്രത്യേകത ഇതിൻറെ തീരത്തുള്ള പ്രശസ്തരുടെ പ്രതിമകളാണ്. ഇന്ത്യൻ പ്രതിഭകളായ മഹാത്മാഗാന്ധി, കണ്ണകി, തിരുവള്ളുവർ എന്നിവരുടെയും, മുൻ തമിഴ്നാട് മുഖ്യമന്ത്രികളായ എം. ജി. രാമചന്ദ്രൻ, സി.എൻ.അണ്ണാദുരൈ എന്നിവരുടെ സ്മരണസ്തംഭങ്ങളും ഈ ബീച്ചിൻറെ തീരത്ത് സ്ഥിതി ചെയ്യുന്നു. അടുത്ത കാലത്തായി പ്രശസ്ത നടനായ ശിവാജി ഗണേശന്റേയും ഒരു പ്രതിമ സ്ഥാപിക്കുകയുണ്ടായി.

മ്യൂസിയങ്ങൾ

തിരുത്തുക

എഗ്മോർ സർക്കാർ മ്യൂസിയം, ചെന്നൈ റെയിൽ മ്യൂസിയം, ബിർള പ്ലാനറ്റോറിയം എന്നിവ ചെന്നൈയിലെ പ്രധാന മ്യൂസിയങ്ങലാണ്.

ചരിത്രപരമായ സ്മാരകങ്ങൾ

തിരുത്തുക

വിവേകാനന്ദർ ഇല്ലം, വള്ളുവർ കൊട്ടം, സെന്റ്‌ ജോർജ് കോട്ട, റിപ്പോൻ ബിൽഡിംഗ്‌, വിക്ടോറിയ പബ്ലിക്‌ ഹാൾ തുടങ്ങിയവ ചെന്നൈയിലെ ചരിത്രപരമായ സ്മാരകങ്ങളും കെട്ടിടങ്ങലുമാണ്.

തമിഴ് സാഹിത്യത്തിലെ ഇതിഹാസം എന്നു വിളിക്കുന്ന തിരുക്കുറൾ രചിച്ച തമിഴ് കവിയാണ്‌ തിരുവള്ളുവർ. തിരുക്കുറലിലെ കാലഘട്ടപ്രകാരം തിരുവള്ളുവരുടെ കാലഘട്ടം ക്രിസ്തുവിനു മുൻപ് രണ്ടും ക്രിസ്തുവിനു ശേഷം 8-ഉം നൂറ്റാണ്ടുകൾക്കിടയിലാണെന്നു കരുതുന്നു.

തിരുവള്ളുവർ എന്ന പേരു വന്നത് ശ്രീ എന്നതു പോലെ ബഹുമാനസൂചകമായി ഉപയോഗിക്കുന്ന തിരു എന്ന പദത്തിൽ നിന്നും വള്ളുവൻ എന്നതിൻറെ തമിഴ് ബഹുമാനസൂചക പദമായ വള്ളുവർ എന്നീ പദവും കൂടിച്ചേർന്നാണ്‌. കേരളത്തിൽ പ്രസിദ്ധമായ പന്തിരുകുലം കഥയിലെ വള്ളുവർ തന്നെയാണ് തിരുവള്ളുവർ എന്നും ഒരു വാദമുണ്ട്. തിരുവള്ളുവരുടെ ജന്മസ്ഥലത്തെ പറ്റി ഭിന്നാഭിപ്രായങ്ങൾ നിലനിൽക്കുന്നുണ്ട്.

തിരുവള്ളുവർ തമിഴിൽ രചിച്ച പുരാതനമായ തത്ത്വചിന്താ ശാസ്ത്ര ഗ്രന്ഥമാണ്‌ തിരുക്കുറൾ.

വന്യജീവി

തിരുത്തുക

അറിഗ്നർ അണ്ണാ സുവോളജിക്കൽ പാർക്ക്‌ (വണ്ടല്ലൂർ സൂ), മദ്രാസ്‌ ക്രോകോഡൈൽ ബാങ്ക് ട്രസ്റ്റ്, ഗിണ്ടി നാഷണൽ പാർക്ക്‌ തുടങ്ങിയവ ചെന്നൈയിലെ വന്യജീവി സങ്കേതങ്ങളാണ്.

തമിഴ്നാടിൻറെ തലസ്ഥാനമായ ചെന്നൈയിൽ സ്ഥിതി ചെയ്യുന്ന ദേശീയോദ്യാനമാണ് ഗിൻഡി ദേശീയോദ്യാനം. ഇന്ത്യയിലെ മറ്റ് ദേശീയോദ്യാനങ്ങളിൽ നിന്നും വ്യത്യസ്തമായ നഗരഹൃദയത്തിൽ സ്ഥിതി ചെയ്യുന്ന ഒരു ഉദ്യാനമാണ് ഗിൻഡി. 1976-ലാണ് ഇത് നിലവിൽ വന്നത്. ഇതിനോട് ചേർന്ന് ഒരു മൃഗശാലയും പാമ്പു വളർത്തൽ കേന്ദ്രവും പ്രവർത്തിക്കുന്നു. ഇന്ത്യയിലെ 8-ാംമത്തെ ചെറിയ ദേശീയോദ്യാനമാണ് ഗിണ്ടി ദേശീയോദ്യാനം. വെറും 2.82 ചതുരശ്ര കിലോമീറ്റർ മാത്രമാണ് ഉദ്യാനത്തിൻറെ വിസ്തൃതി.

പ്രകൃതി

തിരുത്തുക

അഡയാർ എക്കോ പാർക്ക്‌, ചെട്പെറ്റ് ലേക്ക്, ദി ഹഡിൽസ്റ്റൻ ഗാർഡൻസ് ഓഫ് തിയോസഫിക്കൽ സൊസൈറ്റി തുടങ്ങി പ്രകൃതി സംരക്ഷണ, ആസ്വാദന കേന്ദ്രങ്ങളുണ്ട്.

ആരാധനാ കേന്ദ്രങ്ങൾ

തിരുത്തുക

കാപാലീശ്വരർ ടെമ്പിൾ, പാർത്ഥസാരഥി ടെമ്പിൾ, സെന്റ്‌ തോമസ്‌ മൗണ്ട്, സാന്തോം ബസിലിക്ക, അർമേനിയൻ ചർച്ച് ഓഫ് വിർജിൻ മേരി, സെന്റ്‌ മേരീസ് ചർച്ച്, തൌസണ്ട് ലൈറ്റ്സ് മോസ്ക്, ട്രിപ്ലിക്കേൻ ബിഗ്‌ മോസ്ക് എന്നിവ ചെന്നൈയിലെ പ്രധാന ആരാധനാ കേന്ദ്രങ്ങളാണ്. [3]

ചെന്നൈയിൽ മൈലാപ്പൂർ സ്ഥിതിചെയ്യുന്ന ശിവക്ഷേത്രം ആണ് കാപാലീശ്വര ക്ഷേത്രം. എഡി 7-ആം നൂറ്റാണ്ടിൽ ആണ് ഇതു നിർമ്മിച്ചിട്ടുള്ളത്. ദ്രാവിഡ വാസ്തുവിദ്യയിൽ നിർമ്മിച്ച ക്ഷേത്രം ആണിത്.

തമിഴ്നാട്ടിലെ ചെന്നൈയിൽ നിന്ന് 14 കിലോമീറ്റർ അകലെയായി ഗിണ്ടി മേൽപ്പാലത്തിനടുത്ത് സ്ഥിതി ചെയ്യുന്ന ദേവാലയമാണ് സെൻറ് തോമസ് മൗണ്ട്. എഡി 52-ൽ ഭാരതത്തിലെത്തിയ ക്രിസ്തുശിഷ്യനായ സെന്റ് തോമസ് (തോമാശ്ലീഹ) എഡി 72-ൽ ഈ മലയിലാണ് രക്തസാക്ഷിത്വം വരിച്ചതെന്ന് വിശ്വസിക്കപ്പെടുന്നു. ചെങ്കൽപ്പേട്ട് രൂപതയുടെ കീഴിലാണ് ഈ ദേവാലയം സ്ഥിതിചെയ്യുന്നത്. ഇതൊരു ദേശീയ തീർത്ഥാടനകേന്ദ്രവുമാണ്. 2011-ലാണ് സെന്റ് തോമസ് മൗണ്ടിനെ ദേശീയ തീർത്ഥാടനകേന്ദ്രമായി പ്രഖ്യാപിച്ചത്.

ചെന്നൈയിൽ സ്ഥിതി ചെയ്യുന്ന വിശുദ്ധ തോമാശ്ലീഹായുടെ നാമധേയത്തിലുള്ള ബസിലിക്കയാണ് മൈലാപ്പൂർ പള്ളി അഥവാ മൈലാപ്പൂർ സാന്തോം ബസിലിക്ക. ഇതൊരു ദേശീയ തീർത്ഥാടന കേന്ദ്രവുമാണ്. ഗോഥിക്ക് രീതിയിലാണ് പള്ളിയുടെ നിർമ്മിതി. വിശുദ്ധന്റെ കല്ലറയ്ക്കു മുകളിലായാണ് ഈ ദേവാലയം പണിതുയർത്തിയിരിക്കുന്നത്

  1. "Chennai in Lonely Planet 2015 list of top 10 cities to visit". economictimes.indiatimes.com. Retrieved 21 Aug 2017.
  2. "Chennai: A Way of Life". cleartrip.com. Retrieved 21 Aug 2017.
  3. "Arulmigu Kapaleeswarar Temple - History". mylaikapaleeswarar.tnhrce.in. Archived from the original on 2016-10-23. Retrieved 21 Aug 2017.
"https://ml.wikipedia.org/w/index.php?title=ചെന്നൈ_ടൂറിസം&oldid=3631419" എന്ന താളിൽനിന്ന് ശേഖരിച്ചത്