ചെക്പോയ്ന്റ് ചാർളി, ബെർലിനിൽ പൂർവ-പശ്ചിമ ജർമനികൾക്കിടയിലെ അതിർത്തിയിലുള്ള കാവൽപുര ആയിരുന്നു. രണ്ടാം ആഗോളയുദ്ധക്കരാറിന്റെ തുടർച്ചയായി സോവിയറ്റ് റഷ്യയും സഖ്യകക്ഷികളും ജർമനി പങ്കിട്ടെടുത്തു. 1961-ൽ അമേരിക്കയും റഷ്യയും തമ്മിലുള്ള ശീതസമരം മൂർധന്യത്തിലെത്തിയ സമയത്ത് പൂർവ-പശ്ചിമ ജർമനികളെ വിഭജിച്ചുകൊണ്ട് ഉയർന്നു വന്നതായിരുന്നു ബെർലിൻ മതിലും. ചെക് പോയ്ന്റ് ചാർളിയും.

അമേരിക്കൻ മേഖലയിലേക്കു കടക്കുന്നുവെന്ന സൂചനാ ഫലകം
അമേരിക്കൻ മേഖല അവസാനിക്കുന്നുവെന്ന സൂചനാഫലകം

ചരിത്രം

തിരുത്തുക

സോവിയറ്റ് അധീനതയിലായിരുന്ന പൂർവജർമനിയിൽ നിന്ന് അസംഖ്യം പേർ സഖ്യകക്ഷികളുടെ അധീനതയിലായിരുന്ന പശ്ചിമജർമനിയിലേക്ക് കടക്കുന്നതിനെ വിലക്കാനായി സോവിയറ്റ് റഷ്യ പടുത്തുയർത്തിയതാണ് ബെർലിൻ മതിൽ. ആ മതിലിലെ അമേരിക്കൻ ഭാഗത്തുള്ള കാവൽപുരകളിൽ ഒന്നായിരുന്നു ചെക്പോയ്ന്റ് ചാർളി. ബെർലിൻ പട്ടണത്തിന്റെ ഹൃദയഭാഗത്തായിരുന്നു ഈ കാവൽപുര എന്നതാണ് ഇതിന്റെ പ്രത്യേകത. ഈ കവാടത്തിലൂടെ മാത്രമേ സഖ്യകക്ഷികളുടെ നയതന്ത്രവിദഗ്ദ്ധർക്ക് പൂർവജർമനിയിലേക്ക് പ്രവേശനം ഉണ്ടായിരുന്നുള്ളു. അതിസാധാരണ കാവൽപുരയായിരുന്നു ചെക്പോയ്ന്റ് ചാർളി. എന്നാൽ അതിനഭിമുഖമായി നിലകൊണ്ട സോവിയറ്റ് കാവൽപുരക്ക് ഉയരത്തിലുള്ള നിരീക്ഷണഗോപുരങ്ങളും, കോൺക്രീറ്റ് തടമതിലുകളും പരിശോധനാമുറികളും ഉണ്ടായിരുന്നു.

സംഭവവികാസങ്ങൾ

തിരുത്തുക

മതിയായ വിവരങ്ങൾ അഥവാ രേഖകൾ ഇല്ലെന്ന് പറഞ്ഞ് പലപ്പോഴും പശ്ചിമജർമനിയിൽ നിന്നുള്ള സന്ദർശകർക്ക് സോവിയറ്റ് കാവൽക്കാർ പ്രവേശനം നിഷേധിച്ചു. ഇത് അമേരിക്കയും റഷ്യയും തമ്മിൽ വാഗ്വാദങ്ങൾക്കും, പിരിമുറുക്കങ്ങൾക്കും വഴിവെച്ചു. ഇരു പക്ഷക്കാരും സ്വന്തം അതിരിനകത്ത് വ്യോമ-കര സൈന്യ ഖണ്ഡങ്ങൾ, മിലിറ്ററി ജീപ്പുകൾ, ടാങ്കുകൾ എന്നിവ നിരത്തി ശക്തിപ്രദർശനം നടത്തി. ഒടുവിൽ അന്നത്തെ രാഷ്ട്രത്തലവന്മാരായിരുന്ന ജോൺ കെന്നഡിയും ക്രൂഷ്ചെവും ഇടപെടേണ്ടതായി വന്നു.

പ്രദർശനങ്ങൾ, പ്രതിഷേധങ്ങൾ, പ്രകടനങ്ങൾ

തിരുത്തുക

ചെക്പോയ്ന്റ് ചാർളി ഒട്ടനേകം പ്രക്ഷോഭങ്ങൾക്കും പ്രതിഷേധങ്ങൾക്കും സാക്ഷ്യം വഹിച്ചിട്ടുണ്ട്, സാഹസിക നോവലുകൾക്കും, ചലചിത്രങ്ങൾക്കും പശ്ചാത്തലമായിട്ടുണ്ട്[1]. ദി സ്പൈ ഹു കേംഇൻ ഫ്രം ദി കോൾഡ് , ഒക്റ്റോപസി, എന്നീ ജയിംസ് ബോണ്ട് ചിത്രങ്ങളും ഇവയിലുൾപ്പെടും

ബെർലിൻ മതിലിന്റെ തകർച്ച

തിരുത്തുക

ഇരുപത്തിയെട്ടു വർഷങ്ങൾക്കു ശേഷം പൊതുജനാഭിപ്രായം മാനിച്ച് , പൂർവജർമൻ ഭരണകൂടം ,പശ്ചിമജർമനിയിലേക്കും തിരിച്ചുമുള്ള യാത്രാനിയമങ്ങൾ എടുത്തുമാറ്റി. 1989 നവമ്പർ 9-നാണ് ഇത് പ്രാബല്യത്തിൽ വന്നത്. അതോടെ ജനക്കൂട്ടം ആർത്തിരമ്പി മതിലു തന്നെ തകർത്തു കളഞ്ഞു.

സഖ്യകക്ഷികളുടേയും സോവിയറ്റ് റഷ്യയുടേയും അധികാരികൾ പങ്കെടുത്ത ഒരു ചടങ്ങിൽ ചെക്പോയ്ന്റ് ചാർളി പൊളിച്ചെടുത്ത് ബെർലിനിലെ അലൈഡ് മ്യൂസിയത്തിലേക്കു കാഴ്ചവസ്തുവായി മാറ്റിസ്ഥാപിച്ചു[2]. കാവൽപുര നിന്നിരുന്ന സ്ഥലത്ത് സന്ദർശകരെ ആകർഷിക്കാനായി അതേപോലൊന്ന് കെട്ടിപ്പൊക്കുകയും ചെയ്തു.

 
ചെക്പോയ്ന്റ് ചാർളി ഇന്ന്

ബെർലിൻ നഗരകാഴ്ചകളിൽ മുൻപന്തിയിൽ നില്ക്കുന്നു ചെക്പോയ്ന്റ് ചാർളി. തൊട്ടടുത്തായുള്ള മൗർ മ്യൂസിയത്തിൽ ഇതെക്കുറിച്ചുള്ള ചരിത്രവസ്തുതകൾ ലഭ്യമാണ്[3][4]. നിത്യേന രാവിലെ 9 മണി മുതൽ രാത്രി 10 വരെ തുറന്നിരിക്കുന്ന മ്യൂസിയത്തിൽ ചിത്ര/ഡോക്യുമെന്രി പ്രദർശിനികൾ സംഘടിപ്പിക്കപ്പെടുന്നു.

  1. Arnold, Tom (2006). Checkpoint Charlie (Novel). Infinity Publishing. ISBN 978-0741434395.
  2. "Allierten Museum, Berlin". Allierten Museum. Archived from the original on 2018-10-18. Retrieved 2018-10-15.
  3. Frank, Sybille (2016). Wall Memorials and Heritage: The Heritage Industry of Berlin's Checkpoint Charlie. Routledge. ISBN 978-1138782938.
  4. "Welcome to the Mauermuseum". Welcome to the Mauermuseum. Archived from the original on 2018-10-18. Retrieved 2018-10-16.
"https://ml.wikipedia.org/w/index.php?title=ചെക്പോയ്ന്റ്_ചാർളി&oldid=3804195" എന്ന താളിൽനിന്ന് ശേഖരിച്ചത്