ചുരുക്കിയ ശിരസ്സ്
പ്രാകൃതാചാരങ്ങളുടെ ഭാഗമായും ബഹുമതി എന്ന നിലയിലും വ്യാപാരത്തിനുമായി പ്രത്യേകം തയ്യാറാക്കിയ മനുഷ്യ ശിരസ്സുകളാണ് ചുരുക്കിയ ശിരസ്സ് (ആംഗലം: shrunken head). യുദ്ധങ്ങളോടനുബന്ധിച്ച് ശിരഛേദനം മിക്ക രാജ്യങ്ങളിലും പ്രചാരത്തിലുണ്ടായിരുന്നുവെങ്കിലും. വെട്ടിയെടുത്ത മനുഷ്യ ശിരസ്സ് ചുരുക്കി സൂക്ഷിക്കുന്ന ആചാരം ആമസോൺ മഴക്കാടുകളുടെ വടക്ക് പടിഞ്ഞാറൻ പ്രവിശ്യയിലുള്ള ഗോത്ര വർഗ്ഗക്കാർക്കിടയിലാണ് നില നിന്നിരുന്നത്. ജിവറോൻ ഗോത്ര വർഗ്ഗക്കാരായ ഷുവാർ, അചുവർ, ഹുയാമ്പിസ, അഗ്വാരുണ വിഭാഗങ്ങളാണ് ഈ ആചാരം പിന്തുടർന്നിരുന്നത്. ചുരുക്കിയ ശിരസ്സുകളെ ഷുവാർ വിഭാഗക്കാർ ടിസാന്റ്സ/tzantza എന്നാണ് വിളിച്ചിരുന്നത്. രണ്ടാം ലോകമഹായുദ്ധത്തിന് ശേഷം ബുച്ചൻ വാൾഡ് ശിക്ഷാ കേന്ദ്രത്തിൽ തടവുകാരുടെ ചുരുക്കിയ ശിരസ്സുകൾ കണ്ടെത്തിയിരുന്നതായി റിപ്പോർട്ടുകളുണ്ട്. മനുഷ്യന്റെ മാത്രമല്ലാതെ സ്ലോത്ത് പോലെയുള്ള ജീവികളുടെ ശിരസ്സുകളും ഇപ്രകാരം ചുരുക്കി സൂക്ഷിച്ചിരുന്നു.
പ്രക്രിയ
തിരുത്തുകഛേദിച്ചെടുത്ത മനുഷ്യ ശിരസ്സിന്റെ പിന്നിൽ മുറിവുണ്ടാക്കി മുടിയോടൊപ്പം മുഖ ചർമ്മം മുഴുവനായി തലയോട്ടിയിൽ നിന്നും നീക്കം ചെയ്യുന്നതാണ് ആദ്യ പടി. ചൂടു വെള്ളത്തിൽ മുക്കിയെടുക്കുന്ന ശിരസ്സിന്റെ കൺപോളകൾക്ക് പിന്നിൽ ധാന്യങ്ങൾ നിറച്ച് പോളകൾ തമ്മിൽ തുന്നിച്ചേർക്കുന്നു. പന അലകുപയോഗിച്ച് നിർമ്മിച്ച മൂന്ന് സൂചികൾ കുത്തി ചുണ്ടുകളും തുന്നിക്കെട്ടുന്നു. ഈ ചടങ്ങുകളോടു കൂടി മരിച്ചയാളുടെ ആത്മാവ് പ്രതികാരത്തിന് വരില്ല എന്നായിരുന്നു ഈ ഗോത്ര വർഗ്ഗക്കാരുടെ വിശ്വാസം. ചൂടാക്കിയ മണ്ണും കല്ലും ഉള്ളിൽ നിറച്ച് ശിരസ്സിലുള്ള കൊഴുപ്പ് നീക്കം ചെയ്തതിന് ശേഷം, തടി കൊണ്ടുള്ള ഒരു ഗോളം ഉള്ളിൽ വെച്ച് ശിരസ്സ് വീണ്ടും വെള്ളത്തിലിട്ട് തിളപ്പിക്കയും അതിന് ശേഷം ടാനിൻ കലർന്ന മരക്കറയും, ചാരവും ലേപനം ചെയ്ത് ദിവസങ്ങളോളം ഉണക്കിയെടുക്കുകയും ചെയ്യുന്നു. ഇപ്രകാരം ഉണക്കിയെടുക്കുന്ന ശിരസ്സ് യഥാർത്ഥ ശിരസ്സിന്റെ നാലിലൊന്ന് വലിപ്പത്തിലേക്ക് ചുരുങ്ങിയിരിക്കും.
ആചാരം
തിരുത്തുകഗോത്രവർഗ്ഗക്കാർക്കിടയിൽ മതപരമായ പ്രാധാന്യവും ശിരസ്സ് ചുരുക്കൽ പ്രക്രിയക്കുണ്ടായിരുന്നു. ശത്രുവിന്റെ ശിരസ്സ് ഛേദിച്ച് ചുരുക്കി സൂക്ഷിച്ചാൽ അയാളുടെ സിദ്ധികൾ ചുരുക്കുന്നയാൾക്ക് കൈവരുമെന്ന് ഇവർ വിശ്വസിച്ചിരുന്നു. ഷുവാർ വിഭാഗക്കാർക്കിടയിൽ പ്രചാരത്തിലുണ്ടായിരുന്ന പ്രേത സങ്കൽപ്പങ്ങളെ ശിരസ്സ് ചുരുക്കൽ പ്രക്രിയയിലൂടെ നിയന്ത്രിക്കാമെന്നായിരുന്നു വിശ്വാസം.
ശിരസ്സുകളുടെ വ്യാപാരം
തിരുത്തുകപാശ്ചാത്യർക്കിടയിൽ ചുരുക്കിയ ശിരസ്സുകൾക്കായുണ്ടായ ഭ്രമത്തെ നിറവേറ്റാൻ ക്രമാതീതമായ ശിരസ്സ് വേട്ട ഈ ഗോത്ര വർഗ്ഗങ്ങൾക്കിടയിൽ നടന്നു പണത്തിനും, തോക്കിനും വേണ്ടിയായിരുന്നു 1930കളിൽ ഷുവാർ വർഗ്ഗക്കാർ ചുരുക്കിയ ശിരസ്സുകൾ കൈമാറ്റം ചെയ്തിരുന്നത്. 1870 കളിൽ കൊളമ്പിയയിലും പനാമയിലും മൃതശരീരങ്ങളുടെ ശിരസ്സുകൾ ചുരുക്കി വ്യാപാരത്തിനുപയോഗിച്ചിരുന്നതായി രേഖപ്പെടുത്തിയിട്ടുണ്ട്. തുടർന്ന് പെറു - ഇക്വഡോർ സർക്കാരുകൾ സംയുകതമായി ഇത്തരം ശിരസ്സുകളുടെ വ്യാപാരം നിരോധിച്ചു. 1940 മുതൽ അമേരിക്കയും ഇത്തരം ശിരസ്സുകൾ രാജ്യത്തേക്ക് കൊണ്ടു വരുന്നത് നിയമ വിരുദ്ധമാക്കി. തുകൽ ഉപയോഗിച്ചിട്ടുണ്ടാക്കുന്ന ചുരുക്കിയ ശിരസ്സുകളെപ്പോലെയുള്ള കൃത്രിമ ശിരസ്സുകൾക്ക് ഇന്നും നല്ല വിപണിയുണ്ട്.
അവലംബം
തിരുത്തുക- Duncan, Kate C. (2001), 1001 Curious Things: Ye Olde Curiosity Shop and Native American Art, University of Washington Press, pp. 146–147, ISBN 0-295-98010-9.
പുറത്തേക്കുള്ള കണ്ണികൾ
തിരുത്തുക- Shrunken heads എന്ന വിഷയവുമായി ബന്ധമുള്ള കൂടുതൽ പ്രമാണങ്ങൾ (വിക്കിമീഡിയ കോമൺസിൽ)
- Head Hunting: History of the Shuar Archived 2021-01-26 at the Wayback Machine.
- Picture of a shrunken head from the Buchenwald concentration camp Archived 2013-05-10 at the Wayback Machine.
- Shrunken Heads Song