വടക്കൻ കേരളത്തിൽ പണ്ട് പ്രചാരത്തിലുണ്ടായിരുന്ന ആയുധമാണ് ചുരിക. ഭാരതത്തിലെ പുരാതന ആയോധനകലയിൽ ഇത് ഉപയോഗിച്ചിരുന്നു. പഴയകാലത്ത് ദ്വന്ദ്വയുദ്ധങ്ങളിൽ സ്ഥിരമായി ചുരിക ഉപയോഗിച്ചിരുന്നു. ശാസ്ത്രീയവിധിപ്രകാരം ഒരു ഖഡ്ഗത്തെക്കാൾ നീളം കുറഞ്ഞതും എന്നാൽ അഗ്രം കൂർത്തതുമായ ആയുധമാണ് ചുരിക. ഇതിന്റെ രണ്ടരികുകളിലും മൂർച്ചയുണ്ടാകും. വാളിനെക്കാൾ അല്പം വീതി കൂടുതലാണ് ചുരികയ്ക്ക്, ചുരികയുടെ കൈപ്പിടിയുടെ മധ്യഭാഗത്തിന് വശങ്ങളെ അപേക്ഷിച്ച് അല്പം കനം കൂടുതലാണ്. എന്നാൽ വാളുകൾക്കുള്ള വിധം കൈമറ ഈ പിടിക്കില്ല. വജ്രലേപനവിധിപ്രകാരം ചുരികയുടെ മൂലഭാഗം പിടിയിൽ കൂട്ടിച്ചേർത്തിരിക്കുന്നു.

ആയോധനവിദ്യയിൽ 'മൂർച്ചവെട്ടിന്' ഉപയോഗിച്ചിരുന്ന ഏക ആയുധം ചുരിക മാത്രമാണ്. ദ്വന്ദ്വയുദ്ധങ്ങളിൽ ചുരിക ഉപയോഗിച്ച് എതിരാളികളെ വധിക്കുകയായിരുന്നു പതിവ്. യുദ്ധങ്ങളിൽ ചുരിക ഉപയോഗിക്കുന്ന എതിരാളിയുടെ ആയുധത്തെ തടുക്കാൻ പരിചയാണ് ഉപയോഗിച്ചിരുന്നത്. ചുരിക കൊണ്ടുള്ള പ്രയോഗങ്ങൾ വാളിനെ അപേക്ഷിച്ച് വ്യത്യസ്തമാണ്. വാൾ കൊണ്ടുള്ള വീശലും മറ്റും ചുരികകൊണ്ട് ചെയ്തിരുന്നില്ല.

ധനുർവേദ സംഹിതയിൽ പ്രയോഗിക്കുന്ന രീതിക്കനുസരിച്ച് ആയുധങ്ങളെ മുക്തം, അമുക്തം, മുക്താമുക്തം എന്നിങ്ങനെ മൂന്നായി തരം തിരിച്ചിട്ടുണ്ട്. ഇതിൽ അമുക്തായുധമാണ് ചുരിക.

'നേരെ വന്നാൽ ചുരിക, വളഞ്ഞു വന്നാൽ കടുത്തില' എന്നൊരു പഴമൊഴി കേരളത്തിൽ പ്രചാരത്തിലുണ്ടായിരുന്നു.

"https://ml.wikipedia.org/w/index.php?title=ചുരിക&oldid=3223670" എന്ന താളിൽനിന്ന് ശേഖരിച്ചത്