ചിപ്‌കൊ പ്രസ്ഥാനം
ഇന്ത്യയിലെ പരിസ്ഥിതിസംരക്ഷണ സമരപ്രസ്ഥാനങ്ങളിൽ പ്രശസ്തമായ ഒന്നാണ് ചിപ്കോ പ്രസ്ഥാനം. 1970-കളിൽ വനവൃക്ഷങ്ങൾ മുറിക്കുന്നതിന് കോൺട്രാക്ടർമാരെ അനുവദിക്കുന്ന ഉത്തർപ്രദേശ് സർക്കാരിന്റെ നയത്തിനെതിരെ കർഷകരും ഗ്രാമീണജനങ്ങളും ഒത്തുചേർന്ന് നടത്തിയ അക്രമരഹിത സമരമാണ് ഇത്. ചിപ്കോ എന്ന വാക്കിന്റെ അർത്ഥം "ചേർന്ന് നിൽക്കൂ", "ഒട്ടി നിൽക്കൂ" എന്നൊക്കെയാണ്. 1973 മാർച്ച് 26-ന് ഉത്തരാഖണ്ഡിലെ (അന്ന് ഉത്തർ പ്രദേശ്ന്റെ ഭാഗമായിരുന്ന ) ചമോലി ജില്ലയിലെ റെനി ഗ്രാമത്തിൽ ഗ്രാമീണ വനിതകൾ നടത്തിയ സമരമാണ് ഈ പ്രക്ഷോഭത്തിൽ നാഴികക്കല്ലായത്.
ചിപ്കോ പ്രസ്ഥാനം പരിസ്ഥിതിവാദത്തിന് പൊതുവായി നൽകിയ സംഭാവനകളിലൊന്ന് 'ആവാസ വ്യവസ്ഥയാണ് സ്ഥിരസമ്പത്ത്' എന്ന മുദ്രാവാക്യമാണ്. ചിപ്കോ പ്രസ്ഥാനത്തിനു നേതൃത്വം നൽകിയത് സുന്ദർലാൽ ബഹുഗുണ, ചണ്ടി പ്രസാദ് ഭട്ട് എന്നിവർ ആയിരുന്നു. കർണാടകത്തിലെ അപ്പികോ പോലെ ചിപ്കോ പ്രസ്ഥാനവും പിന്നീട് വളരെ പ്രസിദ്ധമായി.
1987-ൽ ചിപ്കോ പ്രസ്ഥാനത്തിന് റൈറ്റ് ലൈവ്ലിഹുഡ് പുരസ്കാരം ലഭിക്കുകയുണ്ടായി.