ചാത്തമ്പള്ളി വിഷകണ്ഠൻ

(ചാത്തമ്പള്ളി വിഷകണ്ഠൻ‍‍ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

കണ്ണൂർ ജില്ലയിലെ കൊളച്ചേരിക്കടുത്ത ചാത്തമ്പള്ളിക്കാവിൽ കെട്ടിയാടുന്ന തെയ്യമാണ്‌ ചാത്തമ്പള്ളി വിഷകണ്ഠൻ. തുലാമാസം പത്താം തീയതി രാവിലെ 4 മണിക്കാണു് ഈ തെയ്യം കെട്ടിയാടുന്നത്. ഉത്തരമലബാറിൽ  തെയ്യക്കാലത്തിനു തുടക്കം കുറിക്കുന്നത് തുലാം പത്തിന്  കൊളച്ചേരി ചാത്തമ്പള്ളി വിഷകണ്ഠൻ  തെയ്യത്തിൻറെ വരവോടുകൂടിയാണ് .തെയ്യക്കാലം  ഇവിടെ ആരംഭിക്കുന്നു.തെയ്യം കെട്ടിയാടിയതിനു ശേഷം ഈ തെയ്യം കരുമാരത്തു നമ്പൂതിരിയുടെ ഇല്ലത്തേക്കു പോകുന്ന പതിവുണ്ട്.

ചാത്തമ്പള്ളി‌ വിഷകണ്ഠൻ തെയ്യം

കണ്ണൂർ -കൊളച്ചേരി -ചെക്കിക്കുളം പാതയിൽ  ഏറെ അകലെയല്ലാതെ "ചാത്തമ്പള്ളിക്കാവ് " നിലകൊള്ളുന്നു.

ഐതിഹ്യം

തിരുത്തുക

കൊളച്ചേരി ദേശത്തെ പ്രമാണിയും പേരു കേട്ട വിഷ വൈദ്യനുമായിരുന്നു കരുമാരത്തു നമ്പൂതിരി. ഒരിക്കൽ അന്നാട്ടിലെ പ്രശസ്തമായ ഒരു കുടുംബത്തിലെ ഏക സന്താനമായ സ്ത്രീക്ക് പാമ്പുകടിയേൽക്കുകയും നാട്ടുകാർ എല്ലാം ചേർന്ന് അവരെ കരുമാരത്ത് നമ്പൂതിരിയുടെ അടുത്തെത്തിക്കുകയും ചെയ്തു. എന്നാൽ നമ്പൂതിരിക്ക് ആ സ്ത്രീയെ രക്ഷിക്കാനായില്ല. സ്ത്രീ മരണപ്പെട്ടുവെന്ന് നമ്പൂതിരി വിധിയെഴുതുകയും ബന്ധുക്കൽ മൃതശരീരം തിരിച്ചു കൊണ്ടു പോകുകയും ചെയ്തു.

അവർണ്ണ സമുദായത്തിൽ പെട്ട കണ്ടൻ ഈ മൃത ശരീരം കാണാനിടയാകുകയും സ്ത്രീയുടെ ശവം കാണാൻ ആഗ്രഹം പ്രകടിപ്പിക്കുകയും ചെയ്തു. ശവം കണ്ടതിനു ശേഷം അത് കുളത്തിലേക്കിടാൻ കണ്ടൻ ആവശ്യപ്പെട്ടു. കുളത്തിൽ നിന്ന് കുമിളകൾ പൊന്തിവരികയാണെങ്കിൽ പുറത്തേക്കെടുക്കുവാൻ നിർദ്ദേശിച്ചു. കണ്ടൻ തെങ്ങിന്റെ മുകളിൽ കയറി കൊലക്കരുത്ത് എന്ന മന്ത്രം പ്രയോഗിക്കുകയും മൂന്നാമത്തെ കുമിള പൊന്തിയതിനു ശേഷം ബന്ധുക്കൾ സ്ത്രീയെ കരയിലേക്കെടുക്കുകയും സ്ത്രീ എഴുന്നേറ്റിരിക്കുകയും ചെയ്തു.

സ്ത്രീയുടെ ബന്ധുക്കൾ കണ്ടന് പ്രതിഫലം നല്കിയെങ്കിലും കണ്ടൻ ഒന്നും തന്നെ സ്വീകരിച്ചില്ല. തുടർന്ന് അവർ അവരുടെ ഇഷ്ടപ്രകാരം ഒരു പുതിയ വീട് കണ്ടനു വേണ്ടി പണികഴിപ്പിക്കുകയും അതിന്റെ ഗൃഹപ്രവേശദിവസം അത് കണ്ടന് നൽകുകയും ചെയ്തു. ഈ വിവരമറിഞ്ഞ കരുമാരത്ത് നമ്പൂതിരി കണ്ടനെ വിളിച്ചുവരുത്തുകയും കണ്ടൻ ഇല്ലത്തുനിന്നും തിരിച്ചുപോകുന്ന വഴി കരുമാരത്ത് നമ്പൂതിരിയുടെ കിങ്കരന്മാർ കണ്ടനെ വെട്ടികൊലപ്പെടുത്തുകയും ചെയ്തു.

അറും കൊല ചെയ്യപ്പെട്ട കണ്ടൻ പിന്നീട് പ്രേതമായി കരുമാരത്ത് നമ്പൂതിരിയെ വേട്ടയാടുകയും പ്രശ്നങ്ങൾ നേരിട്ട ഇല്ലക്കാർ ജ്യോതിഷിയെ കാണുകയും അവരുടെ നിർദ്ദേശപ്രകാരം പരിഹാരമായി വിഷകണ്ഠൻ എന്ന തെയ്യം കെട്ടിയാടാൻ തീരുമാനിക്കുകയും ചെയ്തു എന്നാണ്‌ ഐതിഹ്യം[1].തെയ്യം കെട്ടിയാടിയതിനു ശേഷം ഈ തെയ്യം കരുമാരത്തു നമ്പൂതിരിയുടെ ഇല്ലത്തേക്കു പോകുന്ന പതിവുണ്ട്.പടിപ്പുരവരെ പോവുകയും തന്നെ ചതിച്ചുകൊന്ന കാര്യങ്ങൾ പറയുകയും ,തിരിഞ്ഞു നടക്കാതെ പിറകോട്ടു നടന്നുകൊണ്ടു ഇല്ലത്തു നിന്നും പടിയിറങ്ങുകയും ചെയ്യുന്നു .

  1. തെയ്യം-എം.വി. വിഷ്ണു നമ്പൂതിരി ,കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട്, ISBN:81-7638-566-2
"https://ml.wikipedia.org/w/index.php?title=ചാത്തമ്പള്ളി_വിഷകണ്ഠൻ&oldid=3681284" എന്ന താളിൽനിന്ന് ശേഖരിച്ചത്