ചമ്പക്കുളം ചുണ്ടൻ

ചമ്പക്കുളത്തെ ചുണ്ടൻ വള്ളം

നെഹ്റു ട്രോഫി വള്ളംകളിയിൽ മത്സരിക്കുന്ന ഒരു ചുണ്ടൻ വള്ളമാണ് ചമ്പക്കുളം ചുണ്ടൻ. ആലപ്പുഴയിലെ ചമ്പക്കുളം ഗ്രാമത്തിലുള്ള ചുണ്ടൻ വള്ളമാണിത്. 1975, 76, 77 വർഷങ്ങളിൽ ചമ്പക്കുളം മൂലം ജലോത്സവത്തിൽ ഹാട്രിക്ക് നേടിയിട്ടുണ്ട്. 1989, 1990, 1991 എന്നീ വർഷങ്ങളിൽ നെഹ്രുട്രോഫി വള്ളംകളിയിൽ ചമ്പക്കുളം ചുണ്ടൻ ജേതാവായിട്ടുണ്ട്. ആകെ ഒൻപത് തവണ ചമ്പക്കുളം ചുണ്ടൻ നെഹ്രുട്രോഫി നേടിയിട്ടുണ്ട്. 1973-ൽ ചമ്പക്കുളം ബോട്ട് ക്ലബിന്റെ നേതൃത്വത്തിലാണ് ചമ്പക്കുളം ചുണ്ടൻവള്ളം പണിതത്. കോഴിമുക്ക് നാരായണൻ ആചാരിയുടെ ജ്യേഷ്ഠൻ ശങ്കു ആചാരിയുടെ നേതൃത്വത്തിലായിരുന്നു ഈ വള്ളം പണിതത്.[1]

ചരിത്രം

തിരുത്തുക

ചെമ്പകശ്ശേരി രാജഭരണകാലത്താണ് ആദ്യമായി ഒരു ചുണ്ടൻവള്ളം നിർമ്മിക്കപ്പെട്ടത് എന്നാണു കരുതിപ്പോരുന്നത്.[2] കായംകുളം രാജാവിന്റെ കായൽസേന വളരെ കരുത്തേറിയതായതിനാൽ അവരുമായി പൊരുതിജയിക്കുക ചെമ്പകശ്ശേരി സൈന്യത്തിനു ബുദ്ധിമുട്ടായിരുന്നു. ഇതുപരിഹരിക്കാനായാണ് ചെമ്പകശ്ശേരി രാജാവ് ചമ്പക്കുളം ചുണ്ടൻ വള്ളം പണിതത്. കൊടുപ്പുന്ന വെങ്കിടിയിൽ നാരായണൻ ആചാരി  ആദ്യ ചുണ്ടൻവള്ളം പണിതു എന്നാണ് കരുതപ്പെടുന്നത്.[3]

ചെമ്പകശ്ശേരി രാജാവിന്റെ കുളം എന്ന അർത്ഥത്തിലുള്ള ‘ചെമ്പകക്കുളം’ ലോപിച്ചാണു ചമ്പക്കുളം ആ‍യത് എന്നു കരുതപ്പെടുന്നു. ചെമ്പകശ്ശേരി രാജാവിന്റെ കരുത്തായിരുന്ന ചുണ്ടൻവള്ളം ഈ ചെമ്പകക്കുളത്തിനടുത്തായിരുന്നു സൂക്ഷിച്ചിരുന്നത്. ഈ ചുണ്ടൻവള്ളമാണു പിന്നീട് ചമ്പക്കുളംചുണ്ടൻ എന്ന പേരിൽ അറിയപ്പെട്ടത്.

ചമ്പക്കുളം പുത്തൻചുണ്ടൻ

തിരുത്തുക

2013ൽ യുഎസ്ടി ഗ്ലോബൽ എന്ന കാലിഫോർണിയ ആസ്ഥാനമായുള്ള ഐടി കമ്പനി ചമ്പക്കുളം ചുണ്ടനെ വാങ്ങുകയും തിരുവനന്തപുരത്തെ ടെക്നോപാർക്കിലുള്ള അവരുടെ ക്യാമ്പസിൽ സ്ഥാപിക്കുകയും ചെയ്തു.[4] അതിനുശേഷം പുതിയ ചമ്പക്കുളം ചുണ്ടൻ വള്ളം നിർമ്മിച്ചു. ഉമമഹേശ്വരന്റെ നേതൃത്വത്തിലുള്ള സംഘമാണ് പുതിയ വള്ളം പണിതത്. ഇതിന് ഏകദേശം 56 ലക്ഷം രൂപ ചെലവായി. പുതിയ വള്ളത്തിൽ 104 തുഴച്ചിൽ കാരെ വഹിക്കാൻ കഴിയും. ഈ വള്ളം 2014 നെഹ്രുട്രോഫി നേടുകയുണ്ടായി.

അവലംബങ്ങൾ

തിരുത്തുക
  1. KeralaVallamkali (2018-04-04). "ചമ്പക്കുളം ചുണ്ടൻ: ചരിത്രം കുടിയേറിയ പൊന്നാഞ്ഞിലിത്തോണി" (in ഇംഗ്ലീഷ്). Retrieved 2024-09-12.
  2. "ചുണ്ടൻ… വെറുമൊരു കളിവളളമല്ല, അതൊരു സംസ്കാരത്തിന്റെ ദേവയാനമാണ്". janamtv.com.
  3. KeralaVallamkali (2018-04-04). "ചമ്പക്കുളം ചുണ്ടൻ: ചരിത്രം കുടിയേറിയ പൊന്നാഞ്ഞിലിത്തോണി" (in ഇംഗ്ലീഷ്). Retrieved 2024-09-12.
  4. Technopark (2013-12-22). "UST Global Procures Award-Winning Snake Boat Champakulam Chundan" (in അമേരിക്കൻ ഇംഗ്ലീഷ്). Retrieved 2024-09-12.
"https://ml.wikipedia.org/w/index.php?title=ചമ്പക്കുളം_ചുണ്ടൻ&oldid=4114633" എന്ന താളിൽനിന്ന് ശേഖരിച്ചത്