ചന്നപട്ടണം കളിപ്പാട്ടങ്ങൾ
കർണാടകയിലെ ചന്നപട്ടണത്തിൽ നിർമ്മിക്കപ്പെടുന്ന തടി കൊണ്ടുള്ള കളിപ്പാട്ടങ്ങളും പാവകളുമാണ് ചന്നപട്ടണം കളിപ്പാട്ടങ്ങൾ എന്നറിയപ്പെടുന്നത്. പരമ്പരാത കരകൗശലവിദ്യയിൽ നിർമ്മിക്കപ്പെടുന്ന ഈ കളിപ്പാട്ടങ്ങൾ ഭൂപ്രദേശസൂചികയിൽ ഉൾപ്പെടുത്തപ്പെട്ടിട്ടുണ്ട്.[1] ഈ കളിപ്പാട്ടങ്ങളുടെ പ്രശസ്തി കാരണം ചന്നപട്ടണത്തെ കളിപ്പാട്ടങ്ങളുടെ നാട് എന്നർത്ഥമുള്ള ഗൊംബേഗള ഊരു എന്ന് വിശേഷിപ്പിക്കാറുണ്ട്.
ചരിത്രം
തിരുത്തുകഈ കളിപ്പാട്ടനിർമ്മാണത്തിന്റെ ചരിത്രം 18-ആം നൂറ്റാണ്ടിൽ ടിപ്പു സുൽത്താന്റെ ഭരണകാലത്ത് നിന്ന് തുടങ്ങുന്നു. തദ്ദേശീയരായ കരകൗശലപ്പണിക്കാരെ മരം കൊണ്ടുള്ള കളിപ്പാട്ടനിർമ്മാണം പരിശീലിപ്പിക്കുവാനായി ടിപ്പു പേർഷ്യയിൽ നിന്നും കരകൗശലവിദഗ്ദരെ കൊണ്ടുവന്നതായി പറയപ്പെടുന്നു.[2] രണ്ടു നൂറ്റാണ്ടുകളായി ഐവറി വുഡ് ഉപയോഗിച്ചാണ് ഈ കളിപ്പാട്ടങ്ങൾ നിർമ്മിക്കുന്നത്. വീട്ടിയും ചന്ദനവും ചില സന്ദർഭങ്ങളിൽ ഉപയോഗിക്കാറുണ്ട്.
നിർമ്മാണം
തിരുത്തുകപരമ്പരാഗതമായി ഉപയോഗിച്ചു വരുന്ന ഐവറി വുഡിനു പുറമേ റബറും കേദാറും പൈനും ആധുനികകാലത്ത് ഈ കളിപ്പാട്ടനിർമ്മാണത്തിനായി ഉപയോഗിക്കാറുണ്ട്. മരങ്ങൾ ശേഖരിക്കുക, അവ സംസ്കരിച്ചെടുക്കുക, വിവിധ ആകൃതികളിൽ മുറിച്ചെടുക്കുക കൊത്തുപണികൾ നടത്തുക, അനുയോജ്യമായ നിറങ്ങൾ നൽകുക, പോളിഷ് ചെയ്യുക തുടങ്ങി വിവിധ ഘട്ടങ്ങൾ ഇവയുടെ നിർമ്മാണത്തിലുണ്ട്. പൂർണ്ണമായും സസ്യനിർമ്മിത ചായങ്ങളാണ് ചന്നപട്ടണം കളിപ്പാട്ടങ്ങൾക്ക് നിറം പകരുവാൻ ഉപയോഗിക്കുന്നത്. 2006 ഒക്ടോബറിലെ കണക്കുകൾ പ്രകാരം 50 ചെറു ഫാക്ടറികളിലും 254 ഭവനയൂണിറ്റുകളിലുമായി 6000 ആളുകൾ ചന്നപട്ടണപ്രദേശത്ത് ഈ തൊഴിലിലേർപ്പെട്ടിരിക്കുന്നു.
വളർച്ച
തിരുത്തുകകാര്യമായ പിന്തുണയുടെയും വിപണനതന്ത്രങ്ങളുടെയും അഭാവത്തിൽ ഒരു ദശകത്തിലേറെയായി സാമ്പത്തിക പ്രതിസന്ധി നേരിടുന്ന ഈ വ്യവസായം ഏകദേശം പൂർണമായി ഇല്ലാതെയായിക്കൊണ്ടിരിക്കുന്ന അവസ്ഥയിലാണ്. ഈ വ്യവസായത്തെ താങ്ങിനിർത്താനും കാലഘട്ടത്തിനനുസരിച്ച് നവീകരിക്കുവാനും കർണാടക കരകൗശലവകുപ്പും കർണാടക സർക്കാരും വിവിധ പദ്ധതികൾ ഇപ്പോൾ ആവിഷ്കരിച്ചിട്ടുണ്ട്.
അവലംബം
തിരുത്തുക- ↑ GI for Channapatna toys and dolls is mentioned by P. Manoj (2006-02-19). "GI certificate for Channapatna toys, Bidriware, Coorg orange". Online Edition of The Hindu, dated 2006-02-19. Chennai, India: 2006, The Hindu. Archived from the original on 2007-06-10. Retrieved 2007-04-22.
- ↑ A brief history of Channapatna toys is provided by Govind D. Belgaumkar and Anil Kumar Sastry (2006-10-27). "Unique symbols of Karnataka". Online Edition of The Hindu, dated 2006-10-27. Chennai, India: 2006, The Hindu. Archived from the original on 2007-02-10. Retrieved 2007-04-22.