മനുഷ്യൻ ചന്ദ്രനിൽ ഇറങ്ങിയിട്ടേയില്ല എന്നും ചന്ദ്രയാത്രകൾ കെട്ടിച്ചമച്ചുണ്ടാക്കിയ തട്ടിപ്പ് കഥകൾ മാത്രമാണെന്നുമുള്ള പ്രചരണത്തിനാണ് ചന്ദ്രയാത്ര ഗൂഢാലോചന സിദ്ധാന്തം , ചന്ദ്രയാത്ര തട്ടിപ്പ് വിവാദം (moon landing conspiracy theory/moon landing hoax) എന്നൊക്ക പറയുന്നത്. ഇരുപതാം നൂറ്റാണ്ടിലെ ശാസ്ത്ര രംഗത്തെ പിടിച്ചു കുലുക്കിയ വിവാദങ്ങളിൽ ഒന്നാണിത്. 1969 മുതൽ 1972 വരെ ആറ് ദൗത്യങ്ങളിലായി 12 അമേരിക്കൻ ഗഗനാചാരികളാണ് ചന്ദ്രനിൽ കാലുകുത്തിയിട്ടുള്ളത്. 1972ൽ നാസ ചന്ദ്രയാത്രകൾ മതിയാക്കിയതായി പ്രഖ്യാപിക്കുകയും ചെയ്തു. രണ്ട് വർഷത്തിനുള്ളിൽ ഗൂഢാലോചനവാദികൾ പ്രത്യക്ഷപ്പെട്ടു തുടങ്ങി. ഈ സിദ്ധാന്തത്തിൽ കാര്യമില്ലാതില്ല എന്ന് വിശ്വസിക്കുന്നവർ ഇന്നും ഏറെയുണ്ടത്രേ.

ഗൂഢാലോചനയ്ക്കുള്ള കാരണങ്ങൾ

തിരുത്തുക
  1. ബഹിരാകാശാധിനിവേശ മൽസരത്തിൽ (space race) സോവിയറ്റ് യൂണിയനു പിന്നിലാകുമോ എന്നുള്ള ആശങ്കയിൽ നിന്നു ഉടലെടുത്ത ആശയമാണ് ചന്ദ്രയാത്ര തട്ടിപ്പ് എന്നതാണ് കാരണങ്ങളിൽ ആദ്യത്തേതായി പറയുന്നത്.
    ബഹിരാകാശത്തേക്ക് ആദ്യ മനുഷ്യനെ അയച്ച സോവിയറ്റുകാരെ പിന്തള്ളാൻ "ഈ ദശാബ്ദം അവസാനിക്കുന്നതിനു മുമ്പ് നാം ഒരു മനുഷ്യനെ ചന്ദ്രനിൽ അയക്കുകയും സുരക്ഷിതമായി തിരിച്ചെത്തിക്കുകയും ചെയ്തിരിക്കും" എന്നു പ്രസിഡന്റ് കന്നെഡി 1963-ൽ ശപഥം ചെയ്യുകയുണ്ടായി. ആ പ്രഖ്യാപനം നിറവേറ്റാനുള്ള സാങ്കേതിക പരിജ്ഞാനമോ, ഭീമമായ സാമ്പത്തിക അടിത്തറയോ ഇല്ലാത്ത സ്ഥിതിക്ക് ഇങ്ങനെയൊരു തട്ടിപ്പ് നടത്തി വിജയം വരിക്കുകയാണ് നാസയും അമേരിക്കയും ചെയ്തത് എന്നു തട്ടിപ്പു വാദ സൈദ്ധാന്തികർ കരുതുന്നു.
  2. ഭീമമായ ആൾനാശവും, ജനവിരോധവും നേടികഴിഞ്ഞ അമേരിക്കയുടെ വിയറ്റ്നാം അധിനിവേശത്തിൽ നിന്നും രാജ്യത്തിന്റെയും ലോകത്തിന്റെയും ശ്രദ്ധ തിരിച്ചുവിടാൻ കണ്ടത്തിയ ഉപായമാണ് ചന്ദ്രയാത്ര തട്ടിപ്പ് എന്നും വാദിക്കുന്നവരുണ്ട്.വിയറ്റ്നാമിൽ നിന്നും തോറ്റു പിൻവാങ്ങിയ വർഷം തന്നെ ചാന്ദ്ര ദൗത്യങ്ങൽ അവസാനിപ്പിച്ചത് ഈ ഗൂഢാലോചനവാദങ്ങൾക്ക് ശക്തി പകരുന്നതായി കണക്കാക്കപ്പെടുന്നു.

റാൽഫ് റെനെ

തിരുത്തുക

ചന്ദ്രയാത്ര തട്ടിപ്പാണെന്ന് വാദിച്ചവരിൽ പ്രമുഖനായ ആദ്യ വ്യക്തി അമേരിക്കക്കാരനായ റാൽഫ് റെനെ ആണ്. ഈ വിഷയം സംബന്ധിച്ച് അദ്ദേഹം ഒരു പുസ്തകം പ്രസിദ്ധീകരിക്കുകയുണ്ടായി

ബിൽ കെയ്സിംഗിന്റെ വാദങ്ങൾ

തിരുത്തുക

നാസയുടെ അപ്പോളോ പദ്ധതിയിലുപയോഗിച്ച സാറ്റൺ റോക്കറ്റ് എഞ്ചിനീയറിൽ ഒരാളായ ബിൽ കെയ്സിംഗ് ഈ വിവാദത്തിൽ പ്രമുഖ സ്ഥാനമുള്ള ഒരാളാണ്. ചന്ദ്രയാത്രയുടെതായി നാസ പുറത്തു വിട്ട ഒരു വീഡിയോയിൽ ചന്ദ്രോപരിതലത്തിൽ നാട്ടിയ അമേരിക്കൻ പതാക കാറ്റിൽ ഇളകും പോലെ ഇളകുന്നത് കണ്ടതാണ് അദ്ദേഹത്തിൽ ആദ്യം ഈ സംശയം ഇളക്കി വിട്ടത്. എന്നാൽ ലൂണാർ ലാണ്ടിങ്ങിനുപയോഗിച്ച ഈഗിൽ പേടകത്തിലെ നിയന്ത്രണ റോക്കറ്റിൽ നിന്നുള്ള വാതക വിസർജന്യമാണ് ഇതെന്ന് അന്ന് നാസ ഇതിനു മറുപടി കൊടുത്തെങ്കിലും ആ സമയം റോക്കറ്റ് പ്രവർത്തിച്ചിരുന്നില്ല എന്ന് കണ്ടെത്തിയതിനെ തുടർന്ന് അദ്ദേഹം ചന്ദ്രയാത്രയുടെ ഓരോ ഘട്ടങ്ങളും വിശദമായ പഠനത്തിനു വിധേയമാക്കി. തുടർന്ന് ഈ വിഷയത്തിൽ ഏറ്റവും പ്രമുഖമായ പുസ്തകങ്ങളിലൊന്ന് അദ്ദേഹം പുറത്തിറക്കി.

"https://ml.wikipedia.org/w/index.php?title=ചന്ദ്രയാത്രാ_വിവാദം&oldid=3960691" എന്ന താളിൽനിന്ന് ശേഖരിച്ചത്