മുംബൈ നഗരത്തിന് വടക്കുപടിഞ്ഞാറൻ ഭാഗത്ത് ഗോരായ് എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്ന വിപാസന യോഗയുടെ ഒരു ധ്യാനകേന്ദ്രമാണ് ഗ്ലോബൽ വിപാസന പഗോഡ. ഗോരായ് ഉൾക്കടൽ, അറബിക്കടൽ എന്നിവയ്ക്ക് ഇടയിൽ ഒരു ഉപദ്വീപിലാണ് ഇത് പണികഴിപ്പിച്ചിരിക്കുന്നത്. സമാധാനത്തിന്റെയും ഒരുമയുടെയും സ്മാരകമായാണ് പഗോഡ വിഭാവനം ചെയ്യപ്പെട്ടിരിക്കുന്നത്. വിപാസനാ യോഗ ഗുരുവും സ്വതന്ത്ര ബർമയിലെ ആദ്യത്തെ അക്കൗണ്ടന്റ്-ജനറലുമായിരുന്ന സയാഗ്യി ഉ ബാ ഖിന്നിന്റെ (1899 - 1971) സ്മരണയ്ക്കായി ഇത് സമർപ്പിക്കപ്പെട്ടിരിക്കുന്നു[1].

ഗ്ലോബൽ വിപാസന പഗോഡ
ഗ്ലോബൽ വിപാസന പഗോഡ, 2012
Map
അടിസ്ഥാന വിവരങ്ങൾ
തരംധ്യാനകേന്ദ്രം
വാസ്തുശൈലിബർമ്മീസ്
സ്ഥാനംഗോരായ്, ബോറിവലി (ഈസ്റ്റ്), മുംബൈ
നിർമ്മാണം ആരംഭിച്ച ദിവസം2000
പദ്ധതി അവസാനിച്ച ദിവസം2008
Opened8 ഫെബ്രുവരി 2009
സാങ്കേതിക വിവരങ്ങൾ
Structural systemഅർദ്ധകുംഭകം
രൂപകൽപ്പനയും നിർമ്മാണവും
വാസ്തുശില്പി
  • പർവേസ് ഡുമാസിയ
  • Consulting Engineer: എൻ.ആർ. വർമ്മ, സോംപുര
  • Consultant: ചന്ദുഭായ് സോംപുര
Structural engineerനന്ദദീപ് ബിൽഡിംഗ് സെന്റർ, ഔറംഗാബാദ്

നിർമ്മാണം

തിരുത്തുക

ഗ്ലോബൽ വിപ്പാസാന പഗോഡയുടെ നിർമ്മാണത്തിന് വേണ്ടിയുള്ള ആസൂത്രണം 1997-ൽ ആരംഭിച്ചു. 2000-ൽ കെട്ടിടം പണി തുടങ്ങി. 2008 നവംബർ 21 ന് മൂന്നാമത്തെ താഴികക്കുടം നിർമ്മാണം പൂർത്തിയാക്കി. 2009 ഫെബ്രുവരി 8 ന് ഇന്ത്യയുടെ അന്നത്തെ രാഷ്ട്രപതി പ്രതിഭാ പാട്ടീൽ പഗോഡ ഉദ്ഘാടനം ചെയ്തു[2]. ആന്ധ്രാപ്രദേശിലെ ഗുണ്ടൂർ ജില്ലയിലുള്ള ഭട്ടിപ്രോലയിലെ സ്തൂപത്തിൽ നിന്നുമുള്ള ഗൗതമ ബുദ്ധന്റെ തിരുശേഷിപ്പുകൾ 2006 ഒക്ടോബർ 29-ന് ഇവിടെ സ്ഥാപിക്കപ്പെട്ടു. മഹാബോധി സൊസൈറ്റി ഓഫ് ഇന്ത്യ, ശ്രീലങ്കൻ പ്രസിഡന്റ് തുടങ്ങിയവരുടെ സംഭാവനയായിരുന്നു ഇത്[3][4].

ബർമ്മീസ് വാസ്തുകലാ ശൈലിയിലാണ് ഇതിന്റെ നിർമ്മാണത്തിൽ അവലംബിച്ചിട്ടുള്ളത്. തൂണുകളില്ലാത്ത, ലോകത്തിലെ ഏറ്റവും വിസ്താരമേറിയ അർദ്ധകുംഭകമാണ് ഇവിടത്തെ ധ്യാനമുറിയുടേത്. അർദ്ധകുംഭകത്തിന്റെ താഴത്തെ ഭാഗത്ത് ബാഹ്യവ്യാസം 94.82 മീറ്റർ മുതൽ 97.46 മീറ്റർ വരെയാണ്. ആന്തരിക വ്യാസം 85.15 മീറ്ററാണ്[5]. ഇതിനു താഴെ 65,000 ചതുരശ്ര അടി വിസ്താരമുള്ള ഒരു വലിയ ധ്യാന ഹാൾ സ്ഥിതി ചെയ്യുന്നു. ഒരു സമയം 8000 പേർക്ക് വരെ ഇവിടെ ധ്യാനമനുഷ്ഠിക്കാവുന്നതാണ്. സന്ദർശകർക്കായുള്ള ശുചിമുറികൾ, വിപാസനയുമായി ബന്ധപ്പെട്ട കരകൗശലവസ്തുക്കളും മറ്റും വിൽക്കുന്ന ഒരു കട, ഒരു പുസ്തകശാല തുടങ്ങിയവയും ഇവിടെ പ്രവർത്തിക്കുന്നു.

  1. http://www.vridhamma.org/en2005-08
  2. "Global Vipassana Pagoda inaugurated in Mumbai". DNA. 8 February 2009. Retrieved 2009-02-08.
  3. Goenka, S.N. (2007). For The Benefit Of Many. Vipassana Research Institute. ISBN 81-7414-230-4
  4. Goenka, S.N. (2006). Vipassana: The Practical Path to Unity in Diversity. Global Vipassana Foundation.
  5. "Salient Features – Global Pagoda website". Archived from the original on 2009-02-13. Retrieved 2009-02-12.
"https://ml.wikipedia.org/w/index.php?title=ഗ്ലോബൽ_വിപാസന_പഗോഡ&oldid=3630887" എന്ന താളിൽനിന്ന് ശേഖരിച്ചത്