ഗോലക് നാഥ് കേസ്
ഭാരതത്തിന്റെ നീതിന്യായ, ഭരണഘടനാ ചരിത്രത്തിലെ സുപ്രസിദ്ധമായ കേസുകളിലൊന്നാണ് ഗോലക് നാഥ് കേസ്. (I.C. Golak Nath and Ors. Vs. State of Punjab and Anr). മൗലികാവകാശങ്ങളുടെ ഭരണഘടനാവ്യാഖ്യാനമാണ് ഈ കേസിന്റെ പ്രധാന കാതലായി വർത്തിച്ചത്.1967ൽ ഇതു സംബന്ധിച്ച സുപ്രീംകോടതി വിധി പുറത്തുവന്നു.[1]
കേസിന്റെ സംക്ഷിപ്തചരിത്രം
തിരുത്തുക1953 ലെ 'പഞ്ചാബ് സെക്യൂരിറ്റി ആൻഡ് ലാൻഡ് ടെന്യുർസ് ആക്റ്റിന്റെ ഭരണഘടനാസാധുതയെ ചോദ്യം ചെയ്തുകൊണ്ട് 1965 ൽ ഹെൻട്രി ഗോലക് നാഥ് സമർപ്പിച്ച ഹർജിയിൽ, ഈ ആക്ട് നടപ്പാക്കുകവഴി, ഭരണഘടനയുടെ 19( എഫ്), (ജി), 14 എന്നീ അനുച്ഛേദങ്ങൾ ഉറപ്പുനൽകുന്ന മൌലികാവകാശങ്ങൾ ഹർജിക്കാരനു നിഷേധിക്കപ്പെട്ടു എന്നു ആരോപിച്ചിരുന്നു. ഹെൻട്രിയുടെ പിതാവ് ഗോലക് നാഥ് ചാറ്റർജി ബംഗാളിൽ നിന്നു പഞ്ചാബിലേയ്ക്കു കുടിയേറിയ ക്രിസ്ത്യൻ മിഷണറി ആയിരുന്നു. ഹർജിക്കാരന് പഞ്ചാബിലെ ജലന്ധറിൽ 500 ഏക്കറിൽപ്പരം കൃഷിഭൂമിയുണ്ടായിരുന്നു. 1953 ലെ പഞ്ചാബ് സെക്യൂരിറ്റി ആൻഡ് ലാൻഡ് ടെന്യുർസ് ആക്റ്റിന്റെ പരിധിയിൽ പരമാവധി 30 ഏക്കർ കൃഷിഭൂമി മാത്രമാണ് ഒരു വ്യക്തിയ്ക് കൈവശം വയ്കാവുന്നത് എന്ന് നിഷ്കർഷിയ്ക്കപ്പെട്ടിരുന്നു. ബാക്കി ഭൂമിയെ മിച്ചഭൂമിയുടെ പരിധിയിൽപ്പെടുത്തുന്നതിനുള്ള വ്യവസ്ഥകൾ അടങ്ങുന്നതായിരുന്നു ഈ നിയമം. ഈ നിയമം ഇന്ത്യയുടെ ഭരണഘടനയുടെ ഒൻപതാം പട്ടികയിൽ ഉൾപ്പെടുത്തിക്കൊണ്ടുള്ള പതിനേഴാം ഭരണഘടനാഭേദഗതിയും അസാധുവാണെന്നു പ്രഖ്യാപിയ്ക്കണമെന്നും ഇവയോടൊപ്പം ഗോലക് നാഥ് നല്കിയ ഹർജിയിൽ ആവശ്യപ്പെട്ടിരുന്നു.
പ്രധാനമായും രണ്ട് വിഷയങ്ങളാണ് കോടതിയുടെ പരിഗണനയ്ക്ക് പാത്രീഭവിച്ചത്.
- ഭരണഘടനാ ഭേദഗതികൾ അനുച്ഛേദം 13(2)പ്രകാരം 'നിയമം' എന്നുള്ളതിന്റെ നിർവ്വചനത്തിൽ ഉൾപ്പെടുന്നുണ്ടോ എന്ന്?
- മൗലികാവകാശങ്ങൾ ഭേദഗതിയ്ക്കു വിധേയമാണോ അല്ലയോഎന്ന്?
പതിനൊന്നു ജഡ്ജിമാർ അടങ്ങിയ വിപുലമായ സുപ്രീംകോടതി ബഞ്ച് വിശദമായ വാദമുഖങ്ങൾ പരിഗണിച്ചശേഷം ഭരണഘടന III-ം ഭാഗത്തിലെ മൗലികാവകാശങ്ങൾ ഭേദഗതിയ്ക്കു വിധേയമല്ല എന്നു പ്രഖ്യാപിച്ചു.പിന്നീടുണ്ടായ കേശവാനന്ദഭാരതിക്കേസിൽ പാർലമെന്റിനു ഭരണഘടനയുടെ അടിസ്ഥാന സവിശേഷതകൾക്കു മാറ്റം വരുത്തുവാൻ അധികാരമില്ല എന്നുള്ള നിർ ണ്ണായക വിധി പുറപ്പെടുവിയ്ക്കുക്കുകയുമുണ്ടായി.[2]
അവലംബം
തിരുത്തുക- ↑ L. C. Golaknath V. State Of Punjab
- ↑ V. Venkatesan, Revisiting a verdict Frontline (vol. 29 - Issue 01 :: January 14–27, 2012)