ഗുരുത്വ സ്ഥലകാലത്തിനുള്ളിലുള്ള ഒരു വ്യതിയാനം മൂലമുണ്ടാവുന്ന തരംഗങ്ങളാണ് ഗുരുത്വാകർഷണ തരംഗങ്ങൾ. ഇത് അതിന്റെ പ്രഭവസ്ഥാനത്തുനിന്ന് പുറത്തേക്ക് പ്രവഹിക്കുന്നു. സാമാന്യ ആപേക്ഷികതാസിദ്ധാന്തം അടിസ്ഥാനമാക്കി ആൽബർട്ട് ഐൻസ്റ്റീനാണിതിന്റെ സാദ്ധ്യത പ്രവചിച്ചത്. ദ്വന്ദ്വതാരകങ്ങൾ, വെള്ളക്കുള്ളന്മാർ, ന്യൂട്രോൺ നക്ഷത്രങ്ങൾ, തമോദ്വാരങ്ങൾ മുതലായവയെല്ലാം ഗുരുത്വാകർഷണ തരംഗങ്ങൾക്ക് കാരണമാകാറുണ്ട്.


പ്രപഞ്ചത്തിൽ ഏതൊരു വസ്തുവിന്റെ സാന്നിധ്യവും വക്രീകരണത്തിനു കാരണമാകുന്നുണ്ട്. വക്രീകരണം കൂടുമെന്നു മാത്രം. റബർ ഷീറ്റിലേക്ക് ഉയരത്തിൽനിന്ന് ഒരു ഇരുമ്പുഗോളം ഇട്ടാൽ പ്രകമ്പനം ഉണ്ടാകുമല്ലോ. ഗോളവും ഷീറ്റും ചലിച്ചുകൊണ്ടിരിക്കും. ഷീറ്റിലെ ചലനം പുറത്തേക്കു തരംഗരൂപത്തിൽ വ്യാപിക്കും. അതുപോലെ സ്ഥല–കാലത്തിന്റെ വക്രീകരണത്തിനുള്ളിൽ ഭാരമുള്ള വസ്തു ചലിക്കുന്നതിനനുസരിച്ച് ആ വക്രീകരണത്തിൽ വ്യത്യാസം വന്നുകൊണ്ടിരിക്കും. വസ്തു വേഗത്തിൽ ചലിക്കുകയാണെങ്കിൽ ഈ സ്ഥല– കാല വക്രീകരണം പ്രകാശവേഗത്തിൽ ചുറ്റുപാടും വ്യാപിക്കും. തരംഗരൂപത്തിലായിരിക്കും ഈ വ്യാപനം. നീളം, വീതി, ഉയരം, സമയം എന്നിങ്ങനെ ചതുർമാനങ്ങളിലായിട്ടായിരിക്കും ഈ ചലനത്തിന്റെ വ്യാപനം. ഇങ്ങനെ ചുറ്റുപാടും വ്യാപിക്കുന്ന തരംഗത്തെ ഐൻസ്റ്റീൻ ഗുരുത്വ തരംഗങ്ങൾ എന്നു വിളിച്ചു. [1]


ചരിത്രത്തിൽ ആദ്യമായി ഗുരുത്വാകർഷണ തരംഗങ്ങളെ നേരിട്ട് നിരീക്ഷിക്കപ്പെട്ട വിവരം 2016 ഫെബ്രുവരി 11 നാണ് ശാസ്ത്രലോകം വെളിപ്പെടുത്തിയത്.അമേരിക്കയിലെ ലേസർ ഇന്റർഫെറോമീറ്റർ ഗ്രാവിറ്റേഷനൽ വേവ് ഒബ്സർവേറ്ററി (ലിഗോ-LIGO) ലബോറട്ടറിയിലാണ് ഈ കണ്ടെത്തൽ നടന്നത്. പരീക്ഷണശാലയിൽ ഒരു പ്രോട്ടോണിന്റെ ആയിരത്തിൽ ഒരുഭാഗം വലിപ്പത്തിലുള്ള വ്യതിയാനം സൃഷ്ടിക്കാൻ ആ തരംഗത്തിനു കഴിഞ്ഞതായി ലിഗോ എക്സിക്യൂട്ടീവ് ഡയറക്ടർ ഡേവിഡ് റെയ്റ്റ്സെ അറിയിച്ചത്. മുൻപ് ഹൾസ് ടെയ്ലർ ദ്വന്ദ്വവ്യൂഹങ്ങൾ അളക്കുകവഴി അവയുടെ അസ്തിത്വം തെളിയിക്കപ്പെട്ടിട്ടുണ്ടെങ്കിലും ആദ്യമായിട്ടാണ് നേരിട്ട് നിരീക്ഷിക്കപ്പെടുന്നത്.[2] 1300 കോടി പ്രകാശവർഷം അകലെയുള്ള രണ്ടു തമോഗർത്തങ്ങളുടെ കൂട്ടിയിടിയെ തുടർന്ന് ഉണ്ടായ ഗുരുത്വ തരംഗമാണു പരീക്ഷണശാലയിൽ കണ്ടെത്തിയത്. 1993 ൽ നോബൽ സമ്മാനത്തിന് അടിസ്ഥാനമായത് ഈ കണ്ടുപിടിത്തമാണ്. ഗുരുത്വാകർഷണ തരംഗങ്ങൾ കണ്ടെത്താനുള്ള വിവിധ ഉപകരണങ്ങൾ പ്രവർത്തിക്കുന്നുണ്ട്.

ഗാലക്‌സികൾ കൂട്ടിയിടിക്കുക, തമോഗർത്തങ്ങൾ കൂട്ടിയിടിച്ച് ഒന്നാവുക തുടങ്ങിയ അത്യന്ത്യം പ്രക്ഷുബ്ധമായ പ്രാപഞ്ചികസംഭവങ്ങൾ നടക്കുമ്പോഴുണ്ടാകുന്ന പ്രകമ്പനങ്ങൾ സ്ഥലകാല ജ്യാമിതിയിൽ ഓളങ്ങളായി സഞ്ചരിക്കുമെന്നാണ് ഐൻസ്‌റ്റൈന്റെ സിദ്ധാന്തം പറയുന്നത്. അതിനാണ് ഗുരുത്വതരംഗങ്ങളെന്ന് പറയുന്നത്. അതിനാണ് ഗുരുത്വതരംഗങ്ങളെന്ന് പറയുന്നത്.[3] ഏതാണ്ട് 130 കോടി വർഷംമുമ്പ് രണ്ട് വിദൂര തമോഗർത്തങ്ങൾ അത്യന്തം സംഘർഷഭരിതമായി കൂടിച്ചേർന്നപ്പോൾ, സ്ഥലകാലജ്യാമിതിയിലുണ്ടാക്കിയ പ്രകമ്പനം ഭൂമിയെ കടന്നുപോയത് അടുത്തയിടെയാണ്. അഞ്ചുമാസംമുമ്പ് നടന്ന ആ കടന്നുപോകൽ രേഖപ്പെടുത്താനും, അവ ഗുരുത്വതരംഗങ്ങളാണെന്ന് തിരിച്ചറിയാനും ലിഗോ പരീക്ഷണത്തിൽ സാധിച്ചു. ഏതാണ്ട്, നാലു പതിറ്റാണ്ടായി ഗുരുത്വതരംഗങ്ങൾ കണ്ടെത്താൻ നടക്കുന്ന ഊർജ്ജിതശ്രമങ്ങളാണ് ഇതോടെ സഫലമാകുന്നത്.

തിരുവനന്തപുരം ഐസർ, മുംബൈ ടാറ്റാ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫണ്ടമെന്റൽ റിസർച്ച്, പുണെ ഇന്റർ യൂണിവേഴ്സിറ്റി സെന്റർ ഫോർ അസ്ട്രോണമികൽ ആൻഡ് അസ്ട്രോ ഫിസിക്സ് തുടങ്ങിയ സ്ഥാപനങ്ങൾ ഇന്ത്യയിൽനിന്നു ലിഗോ സയന്റിഫിക് കൊളാബറേഷനിൽ അംഗങ്ങളാണ്.

അവലംബം തിരുത്തുക

  1. മനോരമ ഓൺലൈൻ
  2. [ഗുരുത്വതരംഗം കണ്ടെത്തി; പ്രപഞ്ചരഹസ്യത്തിലേക്ക് പുതിയ ദിശാസൂചി http://www.manoramaonline.com/news/world/world-galaxy.html]
  3. "ആർക്കൈവ് പകർപ്പ്". Archived from the original on 2016-02-12. Retrieved 2016-02-12.
"https://ml.wikipedia.org/w/index.php?title=ഗുരുത്വാകർഷണതരംഗം&oldid=3968867" എന്ന താളിൽനിന്ന് ശേഖരിച്ചത്