ഗാർഗി വാചകന്വി
പ്രാചീന ഇന്ത്യയിലെ ഒരു തത്ത്വചിന്തകയായിരുന്നു ഗാർഗി വാചകന്വി. വൈദിക സാഹിത്യത്തിലെ പ്രധാന തത്ത്വചിന്തകരിലൊരാളായി ഗാർഗി ബഹുമാനിക്കപ്പെടുന്നു.[1] ബൃഹദാരണ്യകോപനിഷത്തിലെ ആറാമതും എട്ടാമതും ബ്രാഹ്മണങ്ങളിൽ ഗാർഗിയെപ്പറ്റി പരാമർശമുണ്ട്. വൈദേഹ രാജ്യത്തിലെ ജനകരാജാവ് നടത്തിയ ബ്രഹ്മയജ്ഞം എന്ന തത്ത്വചിന്താസമ്മേളനത്തിൽ ഗാർഗി യാജ്ഞവൽക്യമുനിയെ ആത്മാവിനെ സംബന്ധിച്ച കുഴക്കുന്ന ചോദ്യങ്ങളുമായി വെല്ലുവിളിച്ചത് പരാമർശിക്കുന്നു.[2][3]
ഗാർഗ്ഗമുനിയുടെ കുലത്തിൽ പിറന്നതിനാലാണ് ഗാർഗിക്ക് ഈ പേരുലഭിച്ചത്. വാചകന്വു എന്ന തന്റെ പിതാവിന്റെ പേരിൽ നിന്നാണ് ഗാർഗിയുടെ പേരിന്റെ രണ്ടാം ഭാഗം നിഷ്പന്നമായിരിക്കുന്നത്.[4]
അസ്തിത്ത്വത്തെ ചോദ്യം ചെയ്യുന്ന ധാരാളം സൂക്തങ്ങൾ ഗാർഗി രചിച്ചിട്ടുണ്ട്. ഗാർഗിയും യാജ്ഞവൽക്യനും തമ്മിലുള്ള സംവാദമായാണ് യോഗയെ സംബന്ധിച്ച കൃതിയായ യോഗ യാജ്ഞവൽക്യ തയ്യാറാക്കിയിട്ടുള്ളത്.[5] മിഥിലയിലെ ജനകരാജാവിന്റെ സദസ്സിലെ നവരത്നങ്ങളിൽ ഒരാളായിരുന്നു ഗാർഗി. ഗാർഗി സംഹിത എന്ന കൃതിയുടെ കർത്താവും ഗാർഗിയാണെന്ന് കരുതപ്പെടുന്നു.
"അരുന്ധതീ അനസൂയ ച സാവിത്രീ ജാനകി സതി ദ്രൗപദീ കണ്ണകീ ഗാർഗി മീരാ ദുർഗ്ഗാവതീ തഥാ" - സംഘ കാര്യകർത്താക്കൾ ദിനവും ചൊല്ലുന്ന ഏകാത്മ സ്തോത്രത്തിലെ വരികൾ ആണിത്.ഏകാത്മ സ്തോത്രത്തിലെ ഓരോ വരികളിലും വലിപ്പമുള്ള കഥകളുണ്ട്. ഇതിൽ പരാമർശിച്ചിട്ടുള്ള ഗാർഗിയെ വായിച്ചറിഞ്ഞു.
ഗാർഗി വാചകന്വി ഏഴാം നൂറ്റാണ്ടിൽ (BCE ) , ഋഷി വാചാക്നുവിന് ജനിച്ചു. ഭഗവാൻ ശ്രീ കൃഷ്ണന് "കൃഷ്ണൻ" എന്ന് പേര് നിർദ്ദേശിച്ച ഭരദ്വാജ മഹർഷിയുടെയും, പൗരാണിക കാലഘട്ടത്തിൽ പേര് കേട്ട ഗാർഗ് മഹർഷിയുടെയും തലമുറയിൽ പിറന്നത് കൊണ്ടാവണം വളരെ ചെറിയ പ്രായത്തിൽ ഗാർഗ്ഗി വേദങ്ങളും, പുരാണങ്ങളും വായിച്ചു തുടങ്ങി. ബ്രഹ്മ യാഗങ്ങളിൽ പങ്കെടുത്ത്, തന്റെ തത്ത്വചിന്തകളെ മറ്റുള്ളവരിലേക്ക് എത്തിച്ച്, വാക്ചാതുര്യം കൊണ്ട് എതിരാളിയെ തോൽപ്പിച്ച ഗാർഗ്ഗി "ബ്രഹ്മവാദിനി" ആയി അറിയപ്പെട്ടു. ബൃഹദാരണ്യകോപനിഷത്തിലെ ആറാമതും എട്ടാമതും ബ്രാഹ്മണങ്ങളിൽ ഗാർഗിയെപ്പറ്റി പരാമർശമുണ്ട്. മിഥിലയിലെ ജനകരാജാവിന്റെ സദസ്സിലെ നവരത്നങ്ങളിൽ ഒരാളായിരുന്നു ഗാർഗി.
ഒരിക്കൽ വൈദേഹ രാജ്യത്തെ ജനക രാജാവ് രാജസൂയ യജ്ഞം നടത്താൻ തീരുമാനിച്ചു. രാജ്യത്തെ പേര് കേട്ട ഋഷിമാരെയും, രാജാക്കന്മാരെയും, തത്ത്വചിന്തകന്മാരെയും അദ്ദേഹം ക്ഷണിച്ചു. യജ്ഞത്തിൽ വിജയിക്കുന്ന പണ്ഡിതന് ആയിരം പശുക്കളെ സമ്മാനമായി നല്കും. വെറും പശുക്കളല്ല, വലിപ്പം കൂടിയ, കൊമ്പുകൾ പത്തു സ്വർണ്ണ നാണയങ്ങൾ കൊണ്ട് അലങ്കരിച്ച ആയിരം പശുക്കളെയാണ് സമ്മാനമായി നൽകാൻ തീരുമാനിച്ചത്.
"ഞാനാണ് കഴുവുള്ളവൻ" എന്ന് വിശ്വസിച്ചിരുന്ന യാജ്ഞവൽക്യൻ, തന്റെ ശിഷ്യനോട് പശുക്കളെ തന്റെ ഇടത്തിലേക്ക് കൊണ്ടുപോകാൻ ആജ്ഞാപിച്ചു. അദ്ദേഹത്തെ എതിർത്ത് അഞ്ചു പേർ മത്സരിക്കാൻ തയ്യാറായെങ്കിലും അവരെല്ലാം ദയനീയമായി പരാജയപ്പെട്ടു. അവസാനത്തെ ഊഴം ഗാർഗിയുടെതായിരുന്നു.
"ബ്രഹ്മം" ആയിരുന്നു വിഷയം
ഗാർഗി - യാജ്ഞവൽക്യാ, ഏതൊന്നാണോ ഈ ജലത്തിനെല്ലാം ഓതപ്രോതമായിരിക്കുന്നത്? ഈ ജലം ഏതിലാണ് ഓതപ്രോതമായിരിക്കുന്നത്? (ഓതപ്രോതം എന്ന് വെച്ചാൽ ഊടും പാവും അഥവാ ഉൾക്കൊണ്ടിരിക്കുന്നത് എന്ന് അർത്ഥം) യാജ്ഞവല്ക്യൻ- ഗാർഗീ, വായുവിൽ
ഗാർഗി- വായു ഏതിലാണ് ഓതപ്രോതം? യാജ്ഞവല്ക്യൻ - ഗാർഗീ, അന്തരീക്ഷത്തിലാണ്
ഗാർഗി - അന്തരീക്ഷ ലോകങ്ങൾ ഏതിലാണ് ഓതപ്രോതം? യാജ്ഞവല്ക്യൻ - ഗന്ധർവ ലോകങ്ങളിൽ ആണ് ഗാർഗീ
ഗാർഗി - ഗന്ധർവ ലോകങ്ങളിൽ എവിടെയാണ് ഓതപ്രോതം? യാജ്ഞവല്ക്യൻ - ഗാർഗീ, ആദിത്യ ലോകങ്ങളിൽ
ഗാർഗി - ആദിത്യ ലോകങ്ങളിൽ എവിടെയാണ് ഓതപ്രോതം? യാജ്ഞവല്ക്യൻ -ഗാർഗീ, ചന്ദ്ര ലോകങ്ങളിൽ
ഗാർഗി - ചന്ദ്ര ലോകങ്ങളിൽ എവിടെയാണ് ഓതപ്രോതം? യാജ്ഞവല്ക്യൻ - ദേവലോകങ്ങളിൽ ആണ് ഗാർഗീ
ഗാർഗി - ദേവലോകങ്ങളിൽ എവിടെയാണ് ഓതപ്രോതം യാജ്ഞവല്ക്യൻ - ഇന്ദ്രലോകങ്ങളിൽ ആണ് ഗാർഗീ
ഗാർഗി - ഇന്ദ്രലോകങ്ങളിൽ എവിടെയാണ് ഓതപ്രോതം യാജ്ഞവല്ക്യൻ - പ്രജാപതി ലോകങ്ങളിലാണ് ഗാർഗീ
ഗാർഗി - പ്രജാപതി ലോകം ഏതിലാണ് ഓതപ്രോതമായിരിക്കുന്നത് ? യാജ്ഞവല്ക്യൻ - ബ്രഹ്മലോകത്തിലാണ് ഗാർഗീ
ഗാർഗി - ബ്രഹ്മലോകങ്ങൾ ഏതിലാണ് ഓതപ്രോതമായിരിക്കുന്നത് ? യാജ്ഞവല്ക്യൻ - ഗാർഗീ, അതി പ്രശ്നം പാടില്ല. നിന്റെ തല താഴാതെ ഇരിക്കട്ടെ. അതിര് കടന്ന ചോദ്യങ്ങൾ ഈവയെ സംബന്ധിച്ച് വർജ്യമാണോ, ആ ദേവകളെപ്പറ്റി നീ അതിര് കടന്നു ചോദിച്ചു കഴിഞ്ഞു. അതിനാൽ ഗാർഗീ, നീ കൂടുതൽ ചോദ്യങ്ങൾ ചോദിക്കരുത്.
അപ്പോൾ വാചകൻവിയായ ഗാർഗി വിരമിച്ചു.
ഒരുപക്ഷെ, "നീ കൂടുതൽ ചോദ്യം ചോദിക്കരുത്" എന്ന യാജ്ഞവല്ക്യന്റെ അഭിപ്രായം മാനിച്ചു കൊണ്ടാവണം ഗാർഗ്ഗി പിന്മാറിയത്.
ശേഷം ജനക മഹാരാജാവുമായുള്ള സംസാരത്തിൽ യാജ്ഞവല്ക്യന് പശുക്കളെ നല്കാൻ തീരുമാനിച്ചു. "ഉപദേശം പൂർത്തിയാക്കാതെ സമ്മാനം വാങ്ങരുതെന്ന് അച്ഛൻ തന്നെ പഠിപ്പിച്ചിട്ടുണ്ടെന്ന്"- പറഞ്ഞു അദ്ദേഹം സമ്മാനമൊന്നും സ്വീകരിച്ചില്ല. (ദശോപനിഷത്തു ശ്രുതിപ്രിയഭാഷാഭാഷ്യം, നരേന്ദ്ര ഭൂഷൺ Vol 2 , പേജ് 1257 - 1260 )
കൂർത്ത അമ്പുകളെ പോലെയാണ് ഗാർഗിയുടെ ചോദ്യങ്ങൾ പാഞ്ഞത്. നൂറു കണക്കിന് പണ്ഡിതന്മാർക്കിടയിൽ നിന്നാണ് ഗാർഗി അത് സാധിച്ചെടുത്തത്. തന്റെ അറിവിൽ പൂർണ്ണമായും വിശ്വസിച്ച യാജ്ഞവല്ക്യനോട് "തെറ്റി" എന്ന് പറഞ്ഞു കൊടുത്തതായിരുന്നു ആ ചോദ്യങ്ങൾ.
ഒരിക്കൽ വിവേകാന്ദനോട് ശിഷ്യൻ ചോദിച്ചു - "സ്വാമിജി, സ്ത്രീ വർഗ്ഗം സാക്ഷാൽ മായയുടെ മൂർത്തി. പുരുഷന്റെ അധഃപതനത്തിനായിട്ടാണ് ഇവരുടെ സൃഷ്ടി. സ്ത്രീജാതി അവരുടെ മായകൊണ്ട് പുരുഷന്റെ ജ്ഞാന വൈരാഗ്യങ്ങളെ മറച്ചു കളയുന്നു. അത് കൊണ്ടാവണം ശാസ്ത്രകാരന്മാർ ഇവർക്കൊരുകാലവും ജ്ഞാന ഭക്തികൾ ഉണ്ടാകില്ലെന്ന് പറയുന്നത്?"
സ്വാമിജി പറഞ്ഞു - "സ്ത്രീകൾ ജ്ഞാന ഭക്തികൾക്ക് അധികാരിണികൾ അല്ലെന്നു ഏത് ശാസ്ത്രത്തിലാണുള്ളത് ? ഭാരതത്തിന്റെ അധഃപതനകാലത്തു പുരോഹിത വർഗ്ഗം, ബ്രാഹ്മണേതര ജാതികളെ, വേദ അധ്യയനത്തിന് അധികാരികളല്ലെന്ന് വിധിച്ച കാലം മുതൽ അവർ സ്ത്രീകളുടെ അവകാശവും നിഷേധിച്ചു കളഞ്ഞു. എന്നാൽ വൈദിക യുഗത്തിൽ ഉപനിഷത്തുകളുടെ കാലത്ത്, ഗാർഗി, മൈത്രേയി തുടങ്ങിയ പ്രാതസ്മരണീയകളായ മഹതികൾ ബ്രഹ്മവിചാരം മൂലം ഋഷി പദവി പ്രാപിച്ചിട്ടുള്ളതായി കാണാം. വേദജ്ഞൻമാരായ ഒരായിരം ബ്രാഹ്മണർ കൂടിയ സദസ്സിൽ ഗാർഗി സധൈര്യം യാജ്ഞവല്ക്യനെ ബ്രഹ്മവിചാരത്തിന് വെല്ലുവിളിച്ചു. ഇങ്ങനെ മാതൃകമഹതികളായ അവർക്കൊക്കെ അദ്ധ്യാത്മ ജ്ഞാനത്തിന് അധികാരമുണ്ടായിരുന്ന സ്ഥിതിക്ക്, ഇന്നുള്ള സ്ത്രീകൾക്കും ആ അധികാരം എന്ത് കൊണ്ടായിക്കൂടാ? ഒരിക്കൽ സംഭവിച്ചത് തീർച്ചയായും വീണ്ടും സംഭവിക്കാം. ചരിത്രം താനേ ആവർത്തിക്കുന്നു. സ്ത്രീകളെ പൂജിച്ചതു കൊണ്ടാണ് എല്ലാ ജനതകളും ഉയർന്ന് വന്നിട്ടുള്ളത്. സ്ത്രീകളെ പൂജിക്കാതെ ദേശവും, ജനതയും ഒരിക്കലും ഉന്നതി പ്രാപിച്ചിട്ടില്ല, ഇനിയൊരു കാലത്തും പ്രാപിക്കുകയുമില്ല. നിങ്ങളുടെ നാട് ഇതിൻവിധം നശിക്കാനുള്ള പ്രധാനകാരണം , ശക്തി മൂർത്തികളായ ഇവരെയെല്ലാം വേണ്ടത് പോലെ മാനിക്കാതിരുന്നതാണ്. മനു പറയുന്നു, "യത്ര നാര്യസ്തു പൂജ്യന്തേ രമന്തേ തത്ര ദേവതാ യത്രൈതാസ്തു ന പൂജ്യന്തേ സർവാസ്ത്രഫലാ ക്രിയാ" (നാരികളെ ആധരിക്കുന്നിടത് ദേവന്മാർ ശ്രമിക്കുന്നു. അവരെ പൂജിക്കാത്തിടത്തെ സകല ക്രിയകളും പാഴായി പോകുന്നു ) എവിടെ സ്ത്രീകളെ ആദരിക്കുന്നില്ലയോ, സ്ത്രീകൾ വ്യാകുലതയോടെ വാഴുന്നുവോ, ആ കുടുംബത്തിലും, ആ ദേശത്തിലും ഉയർച്ചയെപ്പറ്റി ആശിക്കാനില്ല. അതിനാൽ ആദ്യം അവരെ ഉയർത്തണം, അവർക്കു വേണ്ടി മാതൃകാപരമായാ മഠം സ്ഥാപിക്കണം " - (സ്വാമിശിഷ്യസംവാദം, പേജ് 206 )
മാതൃകയാക്കാൻ കഴിയാൻ കഴിയുന്ന ഒട്ടേറെ സ്ത്രീകൾ ഭാരത ചരിത്രത്തിന്റെ ഏടുകളിൽ മറഞ്ഞു കിടപ്പുണ്ട്.
ഗാർഗി അങ്ങനെ ഒരേടാണ്. തോറ്റ് മാറാൻ തയ്യാറല്ല എന്ന് ഉറക്കെ പറയുന്ന "ഞാൻ" എന്ന് വിശ്വസിച്ചവന്റെ നേരെ മൂർച്ചയുള്ള ചോദ്യങ്ങൾ എയ്ത, ചിന്തകളിലും, വാക്കുകളിലും അഗ്നി പടർത്തിയ ഗാർഗി നമുക്ക് എന്നും ഊർജ്ജമാണ്.
അവലംബം
തിരുത്തുക- ↑ "Gargi". Retrieved 2006-12-24.
- ↑ "Vedic Women: Loving, Learned, Lucky!". Retrieved 2006-12-24.
- ↑ Gargi - The Virgin Philosopher[പ്രവർത്തിക്കാത്ത കണ്ണി] Swami Sivananda
- ↑ Great Women of India. Know India. Prabhat Prakashan. 2005. p. 15. ISBN 978-81-87100-34-8.
- ↑ Yogayajnavalkya Samhita - The Yoga Treatise of Yajnavalkya, by T. K. V. Desikachar and T. Krishnamacharya, Krishnamacharya Yoga Mandiram (2004), ISBN 81-87847-08-5.
പുറത്തേയ്ക്കുള്ള കണ്ണികൾ
തിരുത്തുക- An Essay on Sasenarine Persaud's poem: Letter to Gargi Archived 2015-01-13 at the Wayback Machine.