ഗാസി ഉദ്ദീൻ ഖാൻ ഫിറോസ് ജംഗ് രണ്ടാമൻ

ഹൈദരാബാദിലെ പ്രഥമ നിസാം അസഫ് ജാ ഒന്നാമൻറെയും പത്നി സൈദുന്നീസ ബേഗത്തിൻറെയും മൂത്ത പുത്രനായിരുന്ന മീർ മുഹമ്മദ് പനാ പിന്നീട് ഗാസി ഉദ്ദീൻ ഖാൻ ഫിറോസ് ജംഗ് രണ്ടാമൻ എന്ന പേരിലറിയപ്പെട്ടു. (ജനനം 1709 - മരണം ഒക്ടോബർ 1752)

ജീവചരിത്രം

തിരുത്തുക

അസഫ് ജാ ഒന്നാമൻ ഡക്കാനിൽ തൻറെ സാമന്ത പദവിയുറപ്പിക്കാനായി ഹൈദരാബാദിലേക്ക് പോകും മുമ്പ് പുത്രൻ മീർ മുഹമ്മദിനെ മുഗൾ ചക്രവർത്തി മുഹമ്മദ് ഷായുടെ ദർബാറിൽ മന്ത്രി പദവിയിലിരുത്തി. 1751-ൽ അഹ്മദ് ഷാ ബഹാദൂർ മീർ മുഹമ്മദിന് മീർ ബക്ഷിയായി സ്ഥാനക്കയറ്റം നല്കി. 1748-ൽ അസഫ് ജാ ഒന്നാമൻ അന്തരിച്ചു. മീർ മുഹമ്മദ് സംഭവഗതികൾ വീക്ഷിച്ചുകൊണ്ട് മുഗൾ ദർബാറിൽ തന്നെ തുടർന്നു.

അധികാരം പിടിച്ചെടുക്കാനായി അസഫ് ജായുടെ ഇളയ പുത്രന്മാരായ നസീർ ജംഗും,സലബത് ജംഗും ദൗഹിത്രൻ മുസ്സാഫർ ജംഗും രണാംഗണത്തിലിറങ്ങി. സന്ദർഭം മുതലെടുക്കാൻ മറാഠ ശക്തികൾ മടിച്ചില്ല. നസീർ ജംഗും മുസ്സാഫർ ജംഗും ഏറെത്തമസിയാതെ കൊല്ലപ്പെട്ടു. സലബത് ജംഗിൻറെ സ്ഥാനാരോഹണം ഏതാണ്ട് ഉറപ്പായി. ഈയവസരത്തിൽ മൂത്ത പുത്രൻ മീർ മുഹമ്മദ് പനായും ഭാഗ്യപരീക്ഷണത്തിന് മുതിർന്നു. ഇതിനു മുന്നോടിയായി തന്നെ ഡക്കാനിലെ സുബേദാരായി പ്രഖ്യാപിക്കാൻ അഹ്മദ് ഷാ ബഹാദൂറിനെ സ്വാധീനിച്ചു. സലാബത് ജംഗിനെതിരായി,മീർ മുഹമ്മദ് പനാ രഹസ്യമായി മറാഠ ശക്തികളുമായി സന്ധിയിലേർപ്പെട്ടു.നിസാം പദവി കൈക്കലാക്കാൻ തന്നെ സഹായിക്കുന്നതിനു പകരമായി ഖണ്ഡേശ് പ്രവിശ്യയും 50 ലക്ഷം രൂപയും തരാമെന്ന് വാഗ്ദാനം ചെയ്തു. യുദ്ധ സന്നാഹങ്ങളുമായി ദൽഹിയിൽ നിന്ന് ഫിറോസ് ജംഗ് രണ്ടാമൻ 1752 ഒക്ടോബറിൽ ഡക്കാനിലെത്തി. പക്ഷെ അൽപ ദിവസങ്ങൾക്കകം മരണപ്പെട്ടു. വിഷം കൊടുത്തു കൊന്നതാണെന്നും പറയപ്പെടുന്നു. ഈ മരണം സലബത് ജംഗിന് അനുകൂലമായി ഭവിച്ചു.

  • http://www.royalark.net/India/hyder3.htm
  • Sastri, Srinivasa (1975). Advanced History of India. New Delhi: Allied Publishers Pvt. Ltd.
  • http://www.maharashtra.gov.in/pdf/gazeetter_reprint/History-III/chapter_8.pdf