ഗവണ്മെന്റ് എൽ.പി.എസ്. പടനിലം

കേരളസംസ്ഥാനത്തിൻറെ തലസ്ഥാനമായ തിരുവനന്തപുരം ജില്ലയിൽ ,ചിറയിൻകീഴ് താലൂക്കിൽ സ്ഥിതി ചെയ്യുന്ന സർക്കാർ വക ലോവർ പ്രൈമറി വിദ്യാലയമാണ് ഗവണ്മെന്റ് എൽ പി എസ്സ് പടനിലം.ഏകദേശം ഒരു നൂറ്റാണ്ടിൻറെ പാരമ്പര്യം അവകാശപ്പെടാവുന്ന ഈ വിദ്യാലയ മുത്തശ്ശി, ശിഷ്യപരമ്പരയുടെ കാര്യത്തിലും വളരെ മുന്നിലാണ്.

ചരിത്രം തിരുത്തുക

സ്വാതന്ത്ര്യലബ്ദിക്ക് മുൻപ്‌ ക്രിസ്ത്വബ്ദം 1908-ൽ സ്ഥാപിതമായ പടനിലം ലോവർ പ്രൈമറി സ്കൂൾ ചിറയിൻകീഴ് താലൂക്ക് ആശുപത്രിക്ക് വടക്ക് ഭാഗത്തായും കിഴുവിലം ഗ്രാമപഞ്ചായത്തിൻറെ തെക്കേ അതിർത്തിക്ക്‌ സമീപവുമായാണ് സ്ഥിതി ചെയ്യുന്നത്. ശതാബ്ദി പിന്നിട്ട ഈ പാഠശാല ശ്രീ.പത്മനാഭൻ ആശാരി എന്ന മഹാമനസ്കൻ സേവനം മാത്രം മുന്നിൽ കണ്ടു സ്വകാര്യ ഉടമസ്ഥതയിൽ സ്ഥാപിച്ചതാണ്.തുടക്കത്തിൽ അഞ്ചാം ക്ലാസ്സ്‌ വരെ ഉണ്ടായിരുന്ന ഈ സ്കൂൾ സർക്കാരിനു കൈമാറിയാതോടെ സർക്കാർസ്കൂൾ ആയി മാറുകയും ചെയ്തു. 

രാജഭരണ കാലമായിരുന്നതിനാൽ രാജാവിൻറെ തിരുനാൾ ആഘോഷ പൂർവം കൊണ്ടാടിയിരുന്ന അക്കാലത്ത്‌ വന്ചീശമംഗളം പാടി പുകഴ്ത്തിയിരുന്നതും ദീപാവലി പിറ്റേന്ന് ഘോഷയാത്ര നടത്തിയിരുന്നതും പൂജ വയ്പ്പിനു എല്ലാ കുട്ടികളും പുസ്തകങ്ങൾ സ്കൂളിൽ പൂജവെക്കുന്നതുമായ ചടങ്ങുകൾ ഈ സ്കൂളിൽ ആദ്യ കാലങ്ങളിൽ നില നിന്നിരുന്നു.