ഖെസെം ഗുഹ
ഇസ്രായേലിലെ ടെൽ അവീവിൽ നിന്ന് 12 കിലോമീറ്റർ കിഴക്കായി ലോവർ പാലിയോലിത്തിക് കാലഘട്ടവുമായി ബന്ധപ്പെട്ട ഒരു പുരാവസ്തുകേന്ദ്രമാണ് ഖെസെം ഗുഹ. 400,000 വർഷം മുമ്പ് മുതൽ 200,000 വർഷം മുമ്പ് വരെയുള്ള കാലത്ത് ആദ്യകാല മനുഷ്യർ ഈ ഗുഹ ഉപയോഗിച്ചിരുന്നു. 2010 ഡിസംബറിൽ ഇസ്രായേലി, സ്പാനിഷ് പുരാവസ്തു ഗവേഷകർ ഈ പ്രദേശത്ത് നിന്ന് ആധുനിക മനുഷ്യരുടെ ആദ്യകാല തെളിവുകൾ കണ്ടെത്തിയതായി റിപ്പോർട്ടുകൾ വന്നപ്പോൾ ഈ ഗുഹ വളരെയധികം ശ്രദ്ധ ആകർഷിച്ചു. ഇതേക്കുറിച്ചുള്ള വാർത്തകളിലൂടെ മാധ്യമങ്ങൾ ശാസ്ത്രീയ റിപ്പോർട്ടിനെ തെറ്റായി പ്രതിഫലിപ്പിച്ചതായി സയൻസ് ബ്ലോഗർമാർ ചൂണ്ടിക്കാട്ടി.[1]
ഖെസെം ഗുഹ | |
---|---|
Location | ടെൽ അവീവ് നഗരത്തിന് 12 കി.മീ. കിഴക്ക്, ഇസ്രായേൽ |
Elevation | 15 മീ (49 അടി) |
വിവരണം
തിരുത്തുകസമരിയ കുന്നുകൾക്കും ഇസ്രായേലി തീരപ്രദേശത്തിനും ഇടയിലുള്ള ഇസ്രായേലിന്റെ പടിഞ്ഞാറൻ പർവതനിരയിൽ, ടൂറോണിയൻ ചുണ്ണാമ്പുകല്ലിലാണ് ഈ ഗുഹ നിലനിൽക്കുന്നത്. [2][3] സമുദ്രനിരപ്പിൽ നിന്ന് 90 മീറ്റർ ഉയരത്തിലാണ് ഇതിന്റെ സ്ഥാനം.
ഈ ഗുഹയിലെ പുരാവസ്തു നിക്ഷേപം കണ്ടെത്തിയിരിക്കുന്നത് 7.5 മീറ്റർ (25 അടി) ആഴത്തിലാണ്, അവയെ രണ്ട് പാളികളായി തിരിച്ചിരിക്കുന്നു: മുകൾഭാഗം 4.5 മീറ്റർ (15 അടി) കനത്തിലും താഴ്ഭാഗം 3 മീറ്റർ (10 അടി) കനത്തിലുമാണ്. താഴ്ഭാഗത്ത് ഒരു പടവ് കെട്ടിയത് പോലെയാണ് മുകൾഭാഗം സ്ഥിതിചെയ്യുന്നത്. അക്യൂലോ-യാബ്രൂഡിയൻ ശിലായുധങ്ങളും മൃഗങ്ങളുടെ അവശിഷ്ടങ്ങളും ഇവിടെ കണ്ടെത്തിയിട്ടുണ്ട്. അക്യൂലിയന് ശേഷവും എന്നാൽ മൗസ്റ്റേറിയന് മുമ്പുള്ളതുമായ ഒരു കാലഘട്ടമാണിത്. എന്നാൽ ഇവിടെ മൗസ്റ്റേറിയൻ അധിനിവേശത്തിന്റെ തെളിവുകളൊന്നും കണ്ടെത്തിയിട്ടില്ല. [2][3]
2000 ഒക്ടോബറിൽ, ഈ പ്രദേശത്ത് ഒരു റോഡ് നിർമ്മാണം നടക്കുന്നതിനിടെ ഈ ഗുഹയുടെ മുകൾത്തട്ട് പൊളിഞ്ഞുവീഴുകയുണ്ടായി. അങ്ങനെ ആകസ്മികമായാണ് ഈ ഗുഹ കണ്ടെത്തിയത്. നിലവിൽ ഈ സൈറ്റ് പരിരക്ഷിത പ്രദേശമാക്കി നിലനിർത്തിയിരിക്കുന്നു. ഇവിടെ ഖനനങ്ങളും പഠനങ്ങളും തുടരുന്നുണ്ട്. [4]
കാലഘട്ടം
തിരുത്തുക420,000 വർഷം മുമ്പ് മുതൽ 220 വർഷം മുമ്പ് വരെയാണ് ഈ ഗുഹ ഉപയോഗിക്കപ്പെട്ടിരുന്നതെന്ന് കരുതുന്നു. [5] ഇതിൽ അവസാന കാലത്തെ കുറിച്ച് അഭിപ്രായവത്യാസങ്ങൾ ഉണ്ട്. [6] 2003-ൽ 230Th / 234U ഡേറ്റിംഗ് ഉപയോഗിച്ച് ഈ ഗുഹയിലെ അധിനിവേശത്തിന്റെ ആരംഭം ഏകദേശം 382,000 വർഷങ്ങൾക്ക് മുമ്പാണ് എന്ന് സ്ഥാപിച്ചു. [2] 2010, 2013, 2016 വർഷങ്ങളിൽ നടത്തിയ കൂടുതൽ ഗവേഷണങ്ങളിൽ, ഗുഹയിലെ സ്പീലിയോതെമുകളിലും ഇവിടെ നിന്നും കണ്ടെത്തിയ സസ്യഭുക്കുകളുടെ പല്ലിലും നടത്തിയ ഇലക്ട്രോൺ സ്പിൻ റെസൊണൻസ് ഡേറ്റിംഗ്, തെർമോലൂമിനസെൻസ് പഠനങ്ങളിലൂടെ അധിനിവേശം ആരംഭിക്കുന്ന കാലഘട്ടം 420,000 വർഷം മുമ്പ് എന്നതായി പരിഷ്ക്കരിച്ചു. അധിനിവേശം അവസാനിക്കുന്ന തീയതിയിൽ സംശയങ്ങൾ തുടർന്നു.152,000 ന് മുമ്പ് എന്നായിരുന്നു ആദ്യകാല നിഗമനം. പിന്നീട് 220,000 നും 194,000 നും ഇടയിൽ എന്ന് പരിഷ്കരിച്ചു. തുടർന്ന് 200,000 ആയി ചുരുക്കി. അടുത്തിടെ 194,000 എന്നതിനേക്കാൾ 220,000- നോട് അടുത്താണ് എന്ന് കണ്ടെത്തി. അതിനാൽ 220,000 എന്നതിലേക്ക് എത്തിച്ചേർന്നു. [5]
തീയുടെ ഉപയോഗം
തിരുത്തുകമധ്യ പ്ലീസ്റ്റോസീൻ കാലഘട്ടത്തിൽ പതിവായി തീ ഉപയോഗിക്കുന്നതിന്റെ ആദ്യകാല ഉദാഹരണങ്ങളിലൊന്നാണ് ഖെസെം ഗുഹയിൽ കണ്ടെത്തിയത്. മിതമായ ചൂടായ മണ്ണിന്റെ പിണ്ഡങ്ങൾ, ധാരളം കരിഞ്ഞ അസ്ഥികൾ തുടങ്ങിയവ ഇവിടെ നിന്നും ലഭിച്ചു. വേട്ടയാടി പിടിച്ച മൃഗങ്ങളുടെ മാംസം എല്ലിൽ നിന്നും വേർപെടുത്തിയെടുത്ത് വേവിച്ച് ഭക്ഷിച്ചതിന്റെ തെളിവും ഇവിടെ കാണപ്പെട്ടു. ഇവിടെ നിന്നും കണ്ടെടുത്ത 10 മുതൽ 36% വരെ അസ്ഥികൾ വെന്തതിന്റെ ലക്ഷണങ്ങൾ കാണിക്കുന്നു. അടുപ്പിലെ ചൂട് 500 ഡിഗ്രി സെൽഷ്യസ് വരെ ഉണ്ടായിരുന്നതായി അനുമാനിക്കാം.[7]
300,000 വർഷം പഴക്കമുള്ള ഒരു ചൂള ഗുഹയുടെ മധ്യഭാഗത്ത് നിന്ന് കണ്ടെത്തിയിരുന്നു. കുഴിയിൽ ചാരത്തിന്റെ പാളികൾ, വേവിച്ച മൃഗങ്ങളുടെ അസ്ഥികളും മാംസം കൊത്തിയെടുക്കാൻ ഉപയോഗിക്കുന്ന ശിലാ ഉപകരണങ്ങൾ മുതലായവയും ചൂളയ്ക്കടുത്ത് കണ്ടെത്തി. ഇതൊക്കെ ആവർത്തിച്ച് ഉപയോഗിച്ചിരുന്നുവെന്നും ഈ ചൂളയടുപ്പ് അവിടെ താമസിക്കുന്നവർ ഒത്തുകൂടിയിരുന്ന ഒരു കേന്ദ്രമാണെന്നും സൂചനകൾ ലഭിച്ചു.[8]
അവലംബം
തിരുത്തുക- ↑ Watzman, Haim (31 December 2010). "Human remains spark spat". Nature. doi:10.1038/news.2010.700. Retrieved 16 November 2013.
- ↑ 2.0 2.1 2.2 Barkai R, Gopher A, Lauritzen SE, Frumkin A (June 2003). "Uranium series dates from Qesem Cave, Israel, and the end of the Lower Palaeolithic" (PDF). Nature. 423 (6943): 977–9. doi:10.1038/nature01718. PMID 12827199.
- ↑ 3.0 3.1 Gopher A, Barkai R, Shimelmitz R, Khalaily M, Lemorini C, Heshkovitz I, et al., (2005). Qesem Cave: An Amudian Site in Central Israel. Journal of The Israel Prehistoric Society, 35:69-92
- ↑ Qesem Cave Project Excavations
- ↑ 5.0 5.1 Fornai, Cinzia; Benazzi, Stefano; Gopher, Avi; Barkai, Ran; Sarig, Rachel; Bookstein, Fred L.; Hershkovitz, Israel; Weber, Gerhard W. (2016). "The Qesem Cave hominin material (part 2): A morphometric analysis of dm2-QC2 deciduous lower second molar" (PDF). Quaternary International. 398: 175–189. doi:10.1016/j.quaint.2015.11.102. ISSN 1040-6182.
The Qesem Cave...site...has yielded...teeth associated to the...(AYCC) and dated to about 420-220 ka.
- ↑ Falguères, C.; Richard, M.; Tombret, O.; Shao, Q.; Bahain, J.J.; Gopher, A.; Barkai, R. (2016). "New ESR/U-series dates in Yabrudian and Amudian layers at Qesem Cave, Israel". Quaternary International. 398: 6–12. doi:10.1016/j.quaint.2015.02.006. ISSN 1040-6182.
420-200 ka...closer to 220 ka.
- ↑ Karkanas P, Shahack-Gross R, Ayalon A, et al. (August 2007). "Evidence for habitual use of fire at the end of the Lower Paleolithic: site-formation processes at Qesem Cave, Israel" (PDF). J. Hum. Evol. 53 (2): 197–212. doi:10.1016/j.jhevol.2007.04.002. PMID 17572475.
- ↑ Gannon, Megan (2014-01-28). "Ancient Hearth Found In Israel Dates Back 300,000 Years, Scientists Say". Huffington Post. Retrieved 28 January 2014.