കൗൺസലിംഗ്
സ്വന്തം പ്രശ്നങ്ങൾ സമചിത്തതയോടെ സ്വയം പരിഹരിക്കുവാൻ ഒരു വ്യക്തിയെ മാനസികമായി തയ്യാറാക്കുന്ന പ്രക്രിയയാണ് കൗൺസലിംഗ്. മതിയായ പരിശീലനം സിദ്ധിച്ച ഒരു കൗൺസിലറും സംഘർഷങ്ങൾ അനുഭവിക്കുന്ന വ്യക്തിയും പരസ്പരം പങ്കുവെയ്ക്കലിലൂടെ പ്രശ്നപരിഹാരം കണ്ടെത്തുന്ന രീതിയാണിത്. പ്രശ്നം അനുഭവിക്കുന്നയാൾ വേദനാജനകമായ അനുഭവങ്ങളെ വിശകലനം ചെയ്ത് സ്വതന്ത്രമായ പരിഹാരമാർഗ്ഗങ്ങൾ കണ്ടെത്തി പ്രശ്നപരിഹരണത്തിനുശ്രമിക്കുകയാണ് ചെയ്യുന്നത്. വ്യക്തിപരമായ ആർജ്ജവം വർദ്ധിപ്പിക്കുക, ശരിയായ മാനസികാരോഗ്യം നേടുക, ജീവിതവിജയത്തിന് ഉതകുന്ന ജീവിതനൈപുണികൾ ആർജിക്കുക എന്നിവയാണ് കൗൺസിലിംഗിന്റെ ലക്ഷ്യങ്ങൾ. സൈക്കോളജിസ്റ്റ് അല്ലെങ്കിൽ ക്ലിനിക്കൽ സൈക്കോളജിസ്റ്റ്, സൈക്ക്യാട്രിസ്റ്റ്, ക്ലിനിക്കൽ സോഷ്യൽ വർക്കർ, സൈക്യാട്രിക് നഴ്‌സ് അഥവാ മെന്റൽ ഹെൽത്ത് നഴ്സ്, സൈക്കോതെറാപ്പിസ്റ്റ് തുടങ്ങിയ ആരോഗ്യ മേഖലയിലെ വിദഗ്ദർ ആണ് കൗൺസിലിംഗ് ചെയ്യാൻ പൊതുവേ യോഗ്യതയുള്ള പ്രൊഫഷണലുകളാണ്.[1]
അടിസ്ഥാനതത്വങ്ങൾ
തിരുത്തുകവ്യക്തിവ്യതിരിക്തതയും മൂല്യവും
തിരുത്തുകഓരോ വ്യക്തിയും പരസ്പരം വിഭിന്നമാണ്. അവരവരുടേതായ മൂല്യവും വ്യതിരിക്തതയും ഉള്ള സമൂഹജീവിയാണ് മനുഷ്യൻ. പ്രശ്നപരിഹരണത്തിന് കൗൺസിലർ ആദ്യം അറിയേണ്ട പാഠമാണിത്. മുൻധാരണകളെല്ലാം മാറ്റിവച്ച് വിശ്വാസ്യതയോടെ, വ്യക്തിനിഷ്ഠമായ പ്രശ്നപരിഹരണത്തിന് ഇത് അത്യാവശ്യമാണ്.[2]
വ്യക്തികളിലെ മാറ്റം
തിരുത്തുകസ്വന്തം കാഴ്ചപ്പാടുകളും ചിന്തകളും പെരുമാറ്റരീതികളും നിരന്തരവ്യതിയാനത്തിന് വിധേയമാണെങ്കിൽ അത്തരത്തിലുള്ള വ്യക്തികളിൽ കൗൺസലിംഗ് സുഗമമാണ്. അത്തരക്കാർക്ക് ഒരളവുവരെയെങ്കിലും തങ്ങളുടെ വൈകാരികാവസ്ഥകളെ നിയന്ത്രിക്കാൻ കഴിവുണ്ട്.
കൗൺസലറുടെ വ്യക്തിബോധം
തിരുത്തുകആത്മവിശ്വാസവും സ്വന്തം നിലപാടുകളെ ആശ്യമെങ്കിൽ തുറന്ന് വിമർശിക്കുവാനുമുള്ള കഴിവ് ഓരോ കൗൺസലറുടേയും വിജയത്തിനുപിന്നിലുണ്ട്. അനുഭവങ്ങളിൽ നിന്നും കൂടുതൽ അറിവ് നേടാനും പുതിയ സന്ദർഭങ്ങളിൽ പരീക്ഷിക്കാനുമുള്ള പരിശീലനവും പരിമിതികളെക്കുറിച്ചുള്ള സുവ്യക്തതയും കൗൺസലർക്ക് ഉണ്ടാകണം.
അടിസ്ഥാനശേഷികൾ
തിരുത്തുകസഹഭാവത്തോടെയുള്ള പ്രതികരണം
തിരുത്തുകകൗൺസിലർക്ക് അടിസ്ഥാനപരമായി ഉണ്ടായിരിക്കേണ്ട മഹിമയാണിത്. കൗൺസിലിംഗിനെത്തുന്നയാളുടെ വൈകാരികാവസ്ഥയ്ക്ക് അനുപൂരകരീതിയിൽ വാക്കുകളോ ഭാവപ്രകടനങ്ങളോ നടത്തുകയും അതിവൈകാരികതയില്ലാതെ സമചിത്തതയിലൂന്നി അഭിപ്രായങ്ങൾ കേൾക്കുന്നതിനുള്ള മാനസികാവസ്ഥ കൗൺസിലർക്ക് ഉണ്ടാകണം.
നിരീക്ഷണപാടവം
തിരുത്തുകകൗൺസിലിംഗിനെത്തുന്നയാളുടെ അതിസൂക്ഷ്മ ശാരീരിക മാനസിക വൈകാരിക ഭാവങ്ങളെ സൂക്ഷ്മമായി നിരീക്ഷിക്കാനുള്ള കഴിവ് ഉണ്ടാകണം.
ചോദ്യനിർമ്മിതി
തിരുത്തുകപ്രശ്നത്തിന്റെ തുടക്കം, ആഴം, സാഹചര്യം എന്നിവ അവധാനതയോടെ പുറത്തുകൊണ്ടുവരുന്ന തരത്തിലുള്ള ചോദ്യശകലങ്ങൾ നിർബാധം ഉപയോഗിക്കാൻ കൗൺസലർക്ക് കഴിയണം. ചോദ്യം ചെയ്യലല്ലാതെ, തീർത്തും സൗഹൃദപരമായ അന്തരീക്ഷം അനവദിക്കേണ്ടത് കൗൺസലറുടെ കർത്തവ്യമാണ്.
വികാരപ്രകടനം
തിരുത്തുകസംഘർഷത്തിലാണ്ട വ്യക്തി പ്രകടിപ്പിക്കുന്ന വികാരങ്ങളെ അതേ കൃത്യതയോടെ മറ്റൊരാൾ നിരീക്ഷിക്കുകയും മനസ്സിലാക്കുകയും ചെയ്യുന്നുണ്ട് എന്ന തോന്നൽ രൂപപ്പെടുന്ന തലത്തിലേയ്ക് കൗൺസലർ ഉയരണം.
സ്വാനുഭവങ്ങളുടെ വെളിപ്പെടുത്തൽ
തിരുത്തുകപ്രശ്നബാധിതമനസ്സിന് ഒട്ടൊക്കെ ആശ്വാസം പകരുന്നതിനും ആത്മവിശ്വാസം നൽകുന്നതിനും ഒറ്റപ്പെടലിൽ നിന്ന് ഒഴിഞ്ഞുനിൽക്കുന്നതിനും സ്വാനുഭവങ്ങളെ ഫലപ്രദമായി വിനിയോഗിക്കാം.