ക്ഷേത്രം നിർമ്മിക്കുവാൻ ആദ്യമായി ഒരു തന്ത്ര ശാസ്ത്ര പണ്ഡിതനെ (തന്ത്രി) കാണുകയും ഉപദേശം തേടുകയും വേണം. അദ്ദേഹത്തിന്റെ ഉപദേശം അനുസരിച്ച് ഭൂമി അളക്കുവാൻ ഒരാളെയും (സൂത്രഗ്രാഹി) ഒരു കല്ലാശാരിയെ (വാസ്തു വിദഗ്ദ്ധൻ) യും നിയമിക്കണം. ഈ നിയമനം മുതൽ എല്ലാവരും വ്രതം എടുക്കണം. ശാന്തവും മനോഹരവുമായ സ്ഥലമാണ് തിരഞ്ഞെടുക്കേണ്ടത്. സമുദ്രതീരം, നദീതീരം, കുന്നിന്റെ മുകൾ ഭാഗം തുടങ്ങി ലക്ഷണമെത്ത സ്ഥലം തിരഞ്ഞെടുക്കുന്നു. എന്നിട്ട് ആദ്യം ഭൂമി നിരപ്പാക്കുക എന്ന കർമ്മമാണ്‌. അതിനുശേഷം "വാസ്തു വിന്യാസം " എന്ന ചടങ്ങ് നടത്തുന്നു. നിരപ്പാക്കിയ ഭൂമിയിൽ വാസ്തു പുരുഷന്റെ രൂപം വരയ്ക്കുകയും ആ രൂപത്തിൽ ദേവതകൾ ഉൾപ്പെടെ എല്ലാ ജീവജാലങ്ങളും കുടികൊള്ളുന്നു എന്നുള്ള സങ്കല്പം ആണ് വാസ്തു വിന്യാസം. അതിനുശേഷം "അങ്കുരാർപ്പണം" നടത്തുന്നു. നെല്ല് ,ഗോതമ്പ് ,എള്ള് ,യവം ,തുടങ്ങിയ ധാന്യങ്ങൾ പതിനാറു ചെമ്പ് പാത്രത്തിൽ ആക്കി നിലാവത്ത് വച്ച് മുളപ്പിച്ച് പ്രതിഷ്ട്ട ചെയ്യാൻ ഉദ്ദേശിക്കുന്ന മൂർത്തിക്ക് സമർപ്പിക്കുന്ന ചടങ്ങാണ് ഇത്. നിർമ്മാണത്തിൽ വിഘ്നങ്ങൾ ഒഴിവാക്കാനാണ് ഇത് ചെയ്യുന്നത്. പിന്നീട് ശിലാന്യാസമാണ്. അതിനുള്ള കല്ല്‌ ചതുരാകൃതിയിൽ വേണം. ക്ഷേത്രത്തിനുള്ള സ്ഥാനത്തിന്റെ വടക്ക് പടിഞ്ഞാറേ മൂലയിൽ വേണം ശിലാന്യാസം ചെയ്യാൻ.

പിന്നെ പണി തുടങ്ങുന്നു. എല്ലാ വസ്തുക്കളും (പണിആയുധം ഉൾപ്പെടെ) പുതിയതായിരിക്കണം. പണിയായുധങ്ങൾ പൂജ കഴിച്ചേ ഉപയോഗിക്കാവൂ. പണി തുടങ്ങി അടിത്തറ തീർന്നാൽ (ഷാഡാധാരത്തിന്.മാത്രം) ശ്രീകോവിലിന്റെ അടിത്തറ മുക്കാൽ ഭാഗം മാത്രമേ മണ്ണിട്ട്‌ നിറയ്ക്കാവൂ. ആ മണ്ണിനു മുകളിൽ ആധാരശില എന്ന വലിയൊരു പരന്ന കല്ല്‌ വയ്ക്കുന്നു. ആ ശിലയ്ക്ക് മുകളിൽ കല്ലിൽ കൊത്തിയെടുത്ത ഒരു ആമയുടെ രൂപം (കൂർമ്മ ശില ) വയ്ക്കുന്നു. അതിനു മുകളിൽ കുടത്തിന്റെ രൂപത്തിൽ കല്ലിൽ കൊത്തിയെടുത്ത ശില വയ്ക്കുന്നു (നിധികുംഭം). അതിനു മുകളിൽ കല്ലിൽ കൊത്തിയെടുത്ത ഒരു താമര വയ്ക്കുന്നു (പദ്മം). അതിനു മുകളിൽ സ്വർണ്ണത്തിൽ നിർമ്മിച്ച ആമയുടെയും, താമരയുടെയും രൂപം വയ്ക്കുന്നു. അതിനു മുകളിൽ ചെമ്പ് കൊണ്ടുള്ള ഒരു കുഴൽ മുകളിലേക്ക് വയ്ക്കുന്നു (യോഗനാളം) അപ്പോഴേക്കും ശ്രീകോവിലിന്റെ തറ നിരപ്പിൽ എത്തും. അതിനുമുകളിൽ ബ്രഹ്മശില ഉറപ്പിച്ച് അതിലാണ് പ്രതിഷ്ഠ നടത്തുന്നത്.

അവലംബം : ശ്രീ വിദ്യാധിരാജ സേവ സമിതി

"https://ml.wikipedia.org/w/index.php?title=ക്ഷേത്ര_നിർമ്മാണം&oldid=3544549" എന്ന താളിൽനിന്ന് ശേഖരിച്ചത്