ഒരു പ്രദേശത്തെ ജീവജാലങ്ങളുടെ ദീർഘകാലത്തെ ആവാസപരമായ തുടർച്ചയിലൂടെ (ecological succession) സ്ഥിരതയുള്ള അവസ്ഥയിലെത്തിയ ചെടികൾ, മൃഗങ്ങൾ, പൂപ്പലുകൾ എന്നിവയുടെ സമൂഹത്തിനെയാണ് ആവാസ വിജ്ഞാനത്തിൽ ക്ലൈമാക്സ് കമ്യൂണിറ്റി അല്ലെങ്കിൽ ക്ലൈമാറ്റിക് ക്ലൈമാക്സ് കമ്യൂണിറ്റി ( climax community, or climatic climax community) എന്ന് വിളിക്കുന്നത്. ക്ലൈമാക്സ് കമ്യൂണിറ്റിയിൽ പ്രദേശത്തിന്റെ ശരാശരി കാലാവസ്ഥാ വ്യതിയാനങ്ങളുമായി ഏറ്റവും നന്നായി ഒത്തുപോകുന്ന സ്പീഷീസുകളാണ് ഉള്ളത് എന്നതാണ് സമതുലിതാവസ്ഥയുണ്ടെന്ന് അനുമാനിക്കാൻ കാരണം. ചിലപ്പോൾ ഈ പദം മണ്ണിന്റെ പരിണാമത്തെ സൂചിപ്പിക്കാനും ഉപയോഗിക്കാറുണ്ട്. ഈ സമതുലിതാവസ്ഥ ദീർഘകാലാടിസ്ഥാനത്തിൽ പരിശോധിക്കുമ്പോൾ പ്രത്യേകിച്ചും യാഥാർഥ്യമെന്നതിനേക്കാൾ പുറമേക്ക് കാണുന്നത് മാത്രമാണ്. എങ്കിലും ഇത് ഒരു ഉപയോഗപ്രദമായ ആശയമായി കണക്കാക്കപ്പെടുന്നു.

ക്വീൻസ് ലാൻഡിലെ ഡെയിൻട്രീ മഴക്കാട് ക്ലൈമാക്സ് കാടുകൾക്ക് ഉദാഹരണമാണ്
യു എസ് ഏയിലെ മിഷിഗണിലുള്ള വാറൻ വുഡ്സ് ബീച്ച്-മേപ്പിൾ ക്ലൈമാക്സ് കാടാണ്. ബീച്ചും ഷുഗർമേപ്പിളുമാണ് ഇവിടെയുള്ള പ്രധാന മരങ്ങൾ

പ്രാദേശിക കാലാവസ്ഥയുമായി ബന്ധപ്പെടുത്തി ഒറ്റ ഒരു പരകോടി (ക്ലൈമാക്സ്) എന്ന ആശയം ഫ്രെഡെറിക്ക് ക്ലെമന്റ്സ് 1900 ൽ രൂപപ്പെടുത്തിയതാണ്. ആവാസപരമായ തുടർച്ച ഒരു ക്ലൈമാക്സിലേക്ക് നയിക്കുന്നതിനെ വിശകലനം ചെയ്തുകൊണ്ട് ആദ്യമായി എഴുതിയത് 1899ൽ ഹെന്രി കോൾസ് ആണ്. എന്നാൽ ക്ലെമന്റ്സ് ആണ് ആദ്യമായി ക്ലൈമാക്സ് എന്ന പദം തുടർച്ചയുടെ ഒരു മാതൃകാ അന്ത്യബിന്ദുവായി വിവരിച്ചത്. [1]

ഫ്രെഡറിക് ക്ലെമന്റ്സിന്റെ ക്ലൈമാക്സ് സങ്കല്പം

തിരുത്തുക

ഭ്രൂണാവസ്ഥയിൽ നിന്നുള്ള ഒരു ജീവിയുടെ ശാരീരിക വളർച്ചയുമായി താരതമ്യം ചെയ്തുകൊണ്ടാണ് ഒരു പാരിസ്ഥിതിക സമൂഹത്തിന്റെ അനുക്രമമായുള്ള വളർച്ചയെ ക്ലെമന്റ്സ് വിവരിച്ചത്.[2][3] പിന്നീട് ആവാസ ശാസ്ത്രജ്ഞർ ഈ ആശയത്തെ സൂപ്പർ ഓർഗാനിസം (Super organism) എന്ന നിലയിൽ വികസിപ്പിച്ചു. ചിലപ്പോൾ പാരിസ്ഥിതിക സമൂഹങ്ങൾക്ക് അനുരൂപ സ്വഭാവമുള്ളവയോ സങ്കീർണ സ്വഭാവമുള്ളവയോ ആകാമെന്നും ഓരോ പ്രദേശത്തിനും ഒരു പ്രത്യേക ക്ലൈമാക്സ് ടൈപ് ഉണ്ടായിരിക്കുമെന്നും അവർ വാദിച്ചു. ഇംഗ്ലീഷ് സസ്യശാസ്ത്രജ്ഞനായ ആർതർ ടാൻസ്ലി ഒരു പ്രത്യേക കാലാവസ്ഥാ പ്രദേശത്തെ മണ്ണിന്റെ സ്വഭാവത്തിനനുസരിച്ച് ആവാസവ്യവസഥയുടെ വികാസത്തിന്റെ പല ക്ലൈമാക്സുകൾ എന്ന ആശയം വികസിപ്പിച്ചെടുത്തു. ഈ അനേക ക്ലൈമാക്സുകൾ സ്ഥിരതയില്ലാത്തവയാണെന്ന് വാദിച്ചിരുന്നത്കൊണ്ട് ക്ലെമന്റ്സ് ഇവയെ ക്ലൈമാക്സ് എന്ന് വിളിച്ചിരുന്നില്ല. ക്ലെമന്റ്സിന്റെ ക്ലൈമാക്സ് സിദ്ധാന്തത്തിനെതിരെ ഹെന്രി ഗ്ലീസൺ ഉന്നയിച്ച വാദങ്ങൾ പലദശകങ്ങൾ കഴിഞ്ഞ് 1950കളിലും 60കളിലുമാണ് ഗവേഷണങ്ങളിലൂടെ തെളിയിക്കപ്പെട്ടത്. ഇക്കാലയളവിൽ ക്ലൈമാക്സ് സിദ്ധാന്തം സൈദ്ധാന്തിക ആവാസശാസ്ത്രത്തിലും സസ്യവളർച്ചയെ നിയന്ത്രിക്കുന്ന കാര്യങ്ങളിലും ആഴത്തിൽ ഉൾച്ചേർന്നുകഴിഞ്ഞിരുന്നു. പ്രീ ക്ലൈമാക്സ്, പോസ്റ്റ് ക്ലൈമാക്സ്, പ്ലാജിയോ ക്ലൈമാക്സ്, ഡിസ്ക്ലൈമാക്സ് തുടങ്ങിയ സംജ്ഞകൾ ഒരു പ്രദേശത്തെ കാലാവസ്ഥയ്ക്കനുസരണമായ മാതൃകാപരമായ ക്ലൈമാക്സിൽ എത്താത്ത ജൈവസമൂഹങ്ങളെ സൂചിപ്പിക്കാനായി തുടർന്നും ഉപയോഗിക്കപ്പെട്ടു. ക്ലൈമാറ്റിക് കമ്യൂണിറ്റികൾ നിർബന്ധമായും ഉരുത്തിരിയുമെന്നോ, ഒരു ആവാസസമൂഹത്തിലെ വ്യത്യസ്ത് സ്പീഷീസുകൾ തമ്മിൽ ശരീരശാസ്ത്രപരമായി അടുത്ത ബന്ധത്തിലായിരിക്കുമെന്നോ, സസ്യസമൂഹങ്ങൾക്ക് കൃത്യമായ സ്ഥല-സമയ അതിർത്തികൾ ഉണ്ടെന്നോ ക്ലെമന്റ്സ് വാദിച്ചിട്ടില്ലെങ്കിലും പലപ്പോഴും ഈ കാഴ്ചപ്പാടുകൾ അദ്ദേഹത്തിന്റേതായി കണക്കാക്കപ്പെടാറുണ്ട്. ഒരു പ്രദേശത്തെ ജീവജാലങ്ങളെ വിവരിക്കുന്നതിനുള്ള ആശയപരമായ ആരംഭബിന്ദുവായാണ് ക്ലെമന്റ്സ് ക്ലൈമാറ്റിക് കമ്യൂണിറ്റി എന്ന ആശയത്തെ ഉപയോഗിച്ചത്. ഒരു സ്പീഷീസിന്റെ വളർച്ചയ്ക്ക് അനുകൂലമായ സാഹചര്യങ്ങൾ ഉരുത്തിരിയുമ്പോൾ ആ സ്പീഷീസ് അവിടെ വളർന്നു വരുമെന്ന് വിശ്വസിക്കാൻ കാരണങ്ങളുണ്ട്. പക്ഷേ ക്ലെമന്റ്സിന്റെ പഠനങ്ങൾ മിക്കതും ഇത്തരം അനുയോജ്യ സാഹചര്യങ്ങൾ ഉണ്ടായില്ലെങ്കിൽ എന്തു സംഭവിക്കുമെന്നതിൽ ശ്രദ്ധകേന്ദ്രീകരിച്ചു.[4]

ക്ലൈമാക്സ് സിദ്ധാന്തത്തിന്റെ നിലവിലുള്ള ഉപയോഗം

തിരുത്തുക

പൊതുവിൽ ഈ സിദ്ധാന്തം ഉപേക്ഷിക്കപ്പെട്ടതാണെങ്കിലും 1990 കളിൽ ക്ലൈമാക്സ് സങ്കല്പങ്ങൾ സൈദ്ധാന്തിക ആവാസ ശാസ്ത്രജ്ഞർക്കിടയിൽ സമ്മിതിയാർജ്ജിച്ചു.[5] പല എഴുത്തുകാരും പ്രകൃതി നിരീക്ഷകരും പഴക്കമുള്ള സസ്യവളർച്ചയുള്ള പ്രദേശങ്ങളിലെ ജീവസമൂഹങ്ങളെ (old-growth communities) സൂചിപ്പിക്കാനായി ഈ പദം ഇപ്പോഴും ഉപയോഗിക്കുന്നുണ്ട്. ചില സമുദ്രജീവികളുടെ സമൂഹത്തിന്റെ തുടർച്ചയായ മാറ്റങ്ങളുടെ അവസാനമുള്ള അവസ്ഥയെ സൂചിപ്പിക്കാനായും ഈ പദം ഉപയോഗിക്കാറുണ്ട്.[6]

കൂടാതെ അധിനിവേശ സ്പീഷീസുകൾക്ക് മേൽക്കൈ ഉള്ളതു മൂലം സ്വദേശി സ്പീഷീസുകളെ തിരികെ എത്തിക്കാൻ സാധിക്കാത്ത ആവാസവ്യവസ്ഥകളെ സൂചിപ്പിക്കാൻ ഡിസ്ക്ലൈമാക്സ് എന്ന പദം നിലവിൽ ചില ആവാസ ശാസ്ത്രജ്ഞർ ഉപയോഗിക്കാറുണ്ട്. പുറത്തുനിന്നുള്ള സ്പീഷീസുകളുടെ കുടിയേറലിനെ ചെറുക്കുന്ന ആവാസവ്യവസ്ഥ എന്ന നിലയിൽ ക്ലെമന്റ് ക്ലൈമാക്സിനെ വിശദീകരിക്കുന്നതിൽ നിന്നാണ് ഈ ആശയം സ്വീകരിച്ചിരിക്കുന്നത്. പരിസ്ഥിതിയിൽ മനുഷ്യന്റെ ഇടപെടൽ കൊണ്ട് ഉണ്ടാകുന്നതാണെങ്കിലും ശരിയായ ക്ലൈമാക്സിലേക്കുള്ള ഒരു ആവാസവ്യവസ്ഥയുടെ തുടർച്ചയെ തടയുന്ന ഡിസ്ക്ലൈമാക്സ് എന്ന എന്ന അവസ്ഥയെ വിവരിച്ചിട്ടുണ്ട്.[7][8]

അവലംബങ്ങൾ

തിരുത്തുക
  1. Cowles, Henry Chandler. 1899. The Ecological Relations of the Vegetation on the Sand Dunes of Lake Michigan. Botanical Gazette 27(2): 95-117; 27(3): 167-202; 27(4): 281-308; 27(5): 361-391.
  2. Clements, Frederic E. 1916. Plant Succession: An Analysis of the Development of Vegetation. Washington D.C.: Carnegie Institution of Washington.
  3. Hagen, Joel B. 1992. An Entangled Bank: The Origins of Ecosystem Ecology. New Brunswick: Rutgers University Press.
  4. Eliot, Christopher. 2007. Method and Metaphysics in Clements’s and Gleason’s Ecological Explanations. Studies in History and Philosophy of Biological and Biomedical Sciences 38(1): 85–109.
  5. See, for example, Roughgarden, Jonathan, Robert M. May and Simon A. Levin, editors. 1989. Perspectives in Ecological Theory. Princeton: Princeton University Press.
  6. Rosenberg R., S. Agrenius, B. Hellman, H. C. Nilsson, and K. Norling. 2002. Recovery of marine benthic habitats and fauna in a Swedish fjord following improved oxygen conditions. Marine Ecology Progress Series 234: 43-53.
  7. Clements, Frederic E. 1936. Nature and Structure of the Climax. Journal of Ecology. Vol. 24, No. 1, pp. 252-284
  8. Johnson, K. 1984. Prairie and plains disclimax and disappearing butterflies, in the central United States. Atala. Vol. 10-12, pp. 20-30