ക്ലിന്റ് ഈസ്റ്റ്‌വുഡ്
ക്ലിന്റ് ഈസ്റ്റ്‌വുഡ്, ജൂനിയർ. (ജനനം: 1930, മെയ് 31 നു) ഹോളിവുഡ് ചലച്ചിത്രതാരം, സിനിമാ നിർമ്മാതാവു്, സംഗീത സംവിധായകൻ, ഓസ്കാർ അവാർഡ് നേടിയ ചലച്ചിത്ര സംവിധായകൻ എന്നീ നിലകളിൽ പ്രസിദ്ധനായി. ചലച്ചിത്രാഭിനയത്തിന്റെ ആദ്യകാലഘട്ടങ്ങളിൽ ബി-ഗ്രേഡ് സിനിമകളിലും പിന്നീടൊരുകാലത്തു പൗരുഷകഥാപാത്രങ്ങളിലും തളച്ചിടപ്പെടുകയായിരുന്ന ക്ലിന്റ് ഈസ്റ്റ്‌വുഡ് പിന്നീടു സ്വത്വസിദ്ധമായ കലാബോധത്താൽ കലാമൂല്യമുള്ള സിനിമകളിലേക്കു പതിയെ ചുവടുമാറുകയാണുണ്ടായതു്. “ഡർട്ടി ഹാരി” ശ്രേണിയിലെ ചിത്രങ്ങളും, “മാൻ വിത്ത് നോ നെയിം”, സെർജിയൊ ലിയോണിന്റെ “സ്പഗെറ്റി വെസ്റ്റേൺ” എന്നീ ശ്രദ്ധേയ ചലച്ചിത്രങ്ങളിൽ പുരുഷത്വത്തിന്റെ പ്രതീകമായ അഭിനേതാവായിരുന്നു ക്ലിന്റ് ഈസ്റ്റ്‌വുഡെങ്കിൽ, “അൺഫോർഗിവൺ”, “മിസ്റ്റിക് റിവർ”, “മില്യൺ ഡോളർ ബേബി” എന്നീ സിനിമകളിൽ കലാബോധമുള്ള ചലച്ചിത്രകാരനാണു് ക്ലിന്റ് ഈസ്റ്റ്‌വുഡ്.